ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെയെ വധിക്കാന്‍ ഇസ്രയേല്‍ ചാരസംഘടന മൊസാദ് മൂന്ന് ഇറാന് സുരക്ഷാഏജന്റുമാരെ വിലയ്ക്കെടുത്തതായി റിപ്പോര്‍ട്ട്. ഹനിയെ താമസിക്കുന്ന കെട്ടിടത്തിലെ മൂന്ന് മുറികളില്‍ ബോംബ് വെക്കാനായിരുന്നു ഇവരെ നിയോഗിച്ചത്. മേയില്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഹനിയെയെ വധിക്കാനായിരുന്നു അദ്യപദ്ധതിയെന്നും അന്തര്‍ദേശീയ മാധ്യമമായ ടെലഗ്രാഫ് റിപ്പോര്‍ട്ടുചെയ്തു. സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്ത ആള്‍ക്കൂട്ടം കാരണം പദ്ധതി പരാജയപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഹനിയെ താമസിക്കാറുള്ള വടക്കന്‍ ടെഹ്റാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോറിന്റെ(ഐ.ആര്.ജി.സി.) ഗസ്റ്റ് ഹൗസിലെ മുറിയില്‍ ബോംബ് സ്ഥാപിക്കാനാണ് ഇറാന് ഏജന്റുമാര്‍ നിയോഗിക്കപ്പെട്ടത്. മിനിറ്റുകള്‍കൊണ്ട് കെട്ടിടത്തില്‍ രഹസ്യമായി പ്രവേശിച്ച് ബോംബ് സ്ഥാപിച്ച് പുറത്തുവരുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിശിഷ്ട അതിഥികൾ താമസിക്കുന്ന സ്ഥലമായതിനാലാണ് ഈ ഗസ്റ്റ് ഹൗസ് തിരഞ്ഞെടുത്തത്. മൊസാദിന് ലെബനനിലും സിറിയയിലും ഇറാനിലും പാലസ്തീനിലും അടക്കം നിരവധി രാജ്യങ്ങളിൽ ചാരൻമാരുണ്ട്. ഔദ്യോഗിക രഹസ്യങ്ങളും നേതാക്കളുടെ നീക്കങ്ങളും നിരീക്ഷിച്ച് ഇസ്രയേലിന് വിവരങ്ങൾ കൈമാറുന്നത് ഇവരാണ്. വിദൂര നിയന്ത്രിത ഉപകരണം ഉപയോഗിച്ചാണ് ഇസ്മയിൽ ഹനിയയുടെ മുറിയിൽ സ്ഫോടനം നടത്തിയത്. ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു മണിക്കൂറുകൾക്കകമായിരുന്നു ആക്രമണം. സുരക്ഷാ വീഴ്ചയെക്കുറിച്ച് ഇറാൻ അന്വേഷണം ആരംഭിച്ചു.
രണ്ടുപേരും രാജ്യം വിട്ടതായി സൂചനയുണ്ട്. അന്‍സാര്‍ അല്‍ മഹ്ദി സുരക്ഷാ യൂണിറ്റിലെ അംഗങ്ങളാണ് ഇവരെന്ന് ഐ.ആര്.ജി.സിയിലെ ഒരംഗം ടെലഗ്രാഫിനോട് പറഞ്ഞു. ടെഹ്റാനില്‍വെച്ച് ഹനിയെയെ കൊലപ്പടുത്തിയ സംഭവം ഇറാന് അപമാനകരമാണെന്നും വലിയ സുരക്ഷാവീഴ്ചയാണെന്നും ഐ.ആര്.ജി.സി. പറയുന്നു. എങ്ങനെ സംഭവിച്ചുവെന്നത് വലിയ ചോദ്യമാണ്. ഉന്നതതലത്തില്‍ ആര്‍ക്കും അറിയാത്ത എന്തോ നടന്നിട്ടുണ്ടെന്നും അവര്‍ ആരോപിക്കുന്നു.
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെയുടെ കൊലപാതകം യുഎസ് പിന്തുണയോടെ ഇസ്രയേല്‍ പദ്ധതിയിട്ട് നടപ്പാക്കിയതാണെന്ന് ഇറാന്. ഹനിയെയുടെ കൊലപാതകം എങ്ങനെ നടന്നുവെന്ന് സംബന്ധിച്ച് ഇറാന് സൈന്യം പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണക്കുറിപ്പിലാണ് യുഎസിനെതിരെ ആരോപണമുള്ളത്.
ടെഹ്റാനിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്തുനിന്ന് വിക്ഷേപിച്ച ഒരു ഹ്രസ്വദൂര പ്രൊജ്കടൈല്‍ (ഒരുതരം മിസൈല്‍) ഉപയോഗിച്ചാണ് ഹനിയെയെ കൊലപ്പെടുത്തിയതെന്നും ഇറാന് സൈന്യം വ്യക്തമാക്കി. ഏഴ് കിലോഗ്രാം ഭാരമുള്ള ഈ പ്രൊജക്ടൈല്‍ ഹനിയെയുടെ വസതിയില്‍ പതിച്ചെന്നും അത് പിന്നീട് ഒരു സ്ഫോടനമായി മാറിയെന്നും ഇറാന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.