![]() |
| Courtesy |
മനുഷ്യരിൽ ചിലർക്ക് കേൾക്കുമ്പോൾ അശ്ലീലം എന്ന് തോന്നാവുന്ന പ്രത്യേകിച്ച് മതത്തിൽ തീവ്രമായി വിശ്വസിക്കുന്നവർക്ക് ഒരു വിഷയമായ സ്വവര്ഗാനുരാഗത്തിലൂടെ ലോകത്തിന്റെ ശ്രദ്ധ കവര്‍ന്ന കമിതാക്കളാണ് ഓസ്ട്രേലിയയിലെ സീ ലൈഫ് സിഡ്നി അക്വേറിയത്തിലെ (Sea Life Sydney Aquarium) സ്പെന്-മാജിക് എന്നീ പെന്‍ഗ്വിനുകള്‍. ആഘോഷത്തോടെയാണ് ലോകം അവരുടെ പ്രണയം സ്വീകരിച്ചത്. എല്‍.ജി.ബി.ടി.ക്യു. (LGBTQ) അവകാശത്തിനായി പോരാടുന്നവര്‍ സ്പെന്നിനേയും മാജിക്കിനേയും അവരുടെ ചര്‍ച്ചകളില്‍ ഉയര്‍ത്തിപ്പിടിച്ചു. ഒടുവില്‍, ചിരിച്ചും കളിച്ചും ചുറ്റുമുള്ളവര്‍ക്കെല്ലാം സന്തോഷം പകര്‍ന്ന ആറുവര്‍ഷം നീണ്ട പ്രണയജീവിതം അവസാനിപ്പിച്ച് സ്പെന് ലോകത്തോട് വിടപറഞ്ഞു.
ജെന്‍ടൂ പെന്ഗ്വിന് (Gentoo penguin) ഇനത്തില്‍ പെട്ട സ്പെന്നും മാജിക്കും തമ്മില്‍ ഇഷ്ടത്തിലാണെന്ന് 2018-ലാണ് അക്വേറിയം ജോലിക്കാര്‍ മനസിലാക്കുന്നത്. ഇണകളെ കാണുമ്പോള്‍ ചെയ്യാറുള്ളതുപോലെയാണ് അവര്‍ പരസ്പരം കാണുമ്പോള്‍ സംബോധന ചെയ്യുന്നത് എന്നാണ് ജീവനക്കാര്‍ കണ്ടെത്തിയത്. പെന്‍ഗ്വിനുകള്‍ അന്യോന്യം താല്പര്യം അറിയിക്കുന്നതുപോലെ, പരസ്പരം കാണുമ്പോള്‍ തലതാഴ്ത്തിയാണ് ഇരുവരും അഭിസംബോധന ചെയ്തിരുന്നത്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സ്പെന്നും മാജിക്കും ലോകശ്രദ്ധ പിടിച്ചുപറ്റിയത്.
രണ്ട് ആണ് പെന്‍ഗ്വിനുകള്‍ തമ്മിലുള്ള പ്രണയം ഏവരിലും ആകാംക്ഷയുളവാക്കി. വെറുതെ ഇഷ്ടത്തിലാവുക മാത്രമല്ല, ഇരുവരും ചേര്‍ന്ന് മൂന്ന് വര്‍ഷത്തിനിടെ രണ്ട് മുട്ടകളും വിരിയിച്ചെടുത്തു. 2018-ല്‍ ലാറയേയും 2020-ല്‍ ക്ലാന്സിയേയും അവര്‍ വിരിയിച്ചെടുത്തു. ശക്തരായ സ്വവര്‍ഗപങ്കാളികള്‍ (Same sex power couple) എന്നാണ് ലോകം മുഴുവന്‍ ഇവര്‍ അറിയപ്പെട്ടിരുന്നത്. പെന്ഗ്വിന് കോളനികള്‍ക്കും ജന്തുലോകത്തിനും മാത്രമല്ല ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്കും പ്രണയത്തിന്റെയും ജീവിതത്തിന്റെയും പാഠങ്ങള്‍ കൂടി പകര്ന്നുനല്കുകയായിരുന്നു അവര്‍.
ലോകം മുഴുവന്‍ അവരെ ആഘോഷിച്ചു. ന്യൂ സൗത്ത് വെയില്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷനില്‍ (NSW Department of Education) സ്പെന്നിനെയും മാജിക്കിനെയും സംബന്ധിച്ച പാഠഭാഗം കൂട്ടിച്ചേര്‍ക്കപ്പെട്ടു. പ്രശസ്തമായ മാര്‍ഡി ഗ്രാസ് ഫ്ലോട്ടിലും അവര്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടു. എടിപിക്കല്‍ (Atypical | Clip: Penguins Mate For Life | Netflix) എന്ന നെറ്റ്ഫ്ലിക്സ് സീരീസില്‍ അവരുടെ ജീവിതവും ഉള്‍പെടുത്തി. രാജ്യാന്തര ടെലിവിഷന്‍ ചാനലുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും അവരെപ്പറ്റി ഡോക്യുമെന്ററികള്‍ വന്നു. ജന്തുജാലങ്ങളിലെ സ്വവര്‍ഗപ്രേമത്തിന്റെ പതാകവാഹകരായി മാറി സ്പെന്നും മാജിക്കും.
പെന്‍ഗ്വിനുകളുടെ സംരക്ഷണവും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമൊക്കെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ സ്പെന്നിന്റെയും മാജിക്കിന്റെയും പ്രശസ്തി എത്രത്തോളം തങ്ങളെ സഹായിച്ചു എന്ന് പറയുകയാണ്, വിഷമിക്കുകയാണ് സിഡ്നിയിലെ സീ ലൈഫ് അക്വേറിയം അധികൃതര്‍. സ്പെന്നിന്റെ നഷ്ടം മാജിക്കിനെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് തങ്ങള്‍ ആകുലപ്പെടുന്നതായും അവര്‍ പറയുന്നു. സീ ലൈഫിലെ പെന്ഗ്വിന് കോളനിക്കാകെ മാതൃകയായിരുന്നു സ്പെന്നും മാജിക്കും.
മുട്ടയ്ക്ക് അടയിരിക്കുന്ന സമയത്ത് അവര്‍ അടുത്ത് നിന്നും മാറുമായിരുന്നില്ല. ഒരാള്‍ അടയിരിക്കുമ്പോള്‍ മറ്റേയാള്‍ കല്ലുകളും മറ്റും ശേഖരിച്ചുകൊണ്ടുവരും. കൂടിനകത്തും പുറത്തും അവര്‍ എപ്പോഴും ഒരുമിച്ചായിരുന്നു. പ്രണയകാലത്തും ഗര്‍ഭകാലത്തും ഏകഭാര്യത്വം പാലിക്കുമെങ്കിലും അതിനുശേഷം മറ്റ് ഇണകളെ തേടി പോകാറുള്ളവരാണ് ജെന്‍ടൂ പെന്‍ഗ്വിനുകള്‍. എന്നാല്‍ സ്പെന്നും മാജിക്കും അങ്ങനെയായിരുന്നില്ല. 2018-ല്‍ പ്രണയം തുടങ്ങിയപ്പോള്‍ മുതല്‍ ഇക്കഴിഞ്ഞ കാലമത്രയും അവര്‍ ഒരുമിച്ചായിരുന്നു.
ഇനി ഒരിക്കലും അവന് തിരിച്ചുവരില്ല എന്ന് അറിയിക്കാന്‍, ആറുവര്‍ഷം നീണ്ട പ്രണയത്തിന് തിരശീലയിട്ട് അവന്റെ പ്രിയപ്പെട്ടവന് ഈ ലോകത്തുനിന്നുതന്നെ യാത്രയായി എന്ന് അറിയിക്കാന്‍ സിഡ്നിയെ അവര്‍ സ്പെന്നിന്റെ മൃതശരീരത്തിനരികില്‍ കൊണ്ടുവന്നു. ആ മൃതശരീരത്തിനരികില്‍ നിന്ന് കഴുത്ത് മുകളിലേക്കുയര്‍ത്തി വിലപിച്ച സിഡ്നിക്കൊപ്പം അവരുടെ പ്രണയത്തിന് അന്നോളം സാക്ഷികളായ ആ പെന്ഗ്വിന് കോളനിയിലെ എല്ലാവരും പങ്കുചേര്‍ന്നു.
12 മുതല്‍ 13 വര്‍ഷം വരെയാണ് ജെന്‍ടൂ പെന്‍ഗ്വിനുകളുടെ ശരാശരി ആയുസ്. 12 വയസ് തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സ്പെന് ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു സ്പെന്-മാജിക് ജോഡിക്ക്. സ്പെന്നിനുവേണ്ടി അവസാനമായി രണ്ടുവരി കുറിക്കാന്‍ ആരാധകര്‍ക്കായി സീ ലൈഫ് സിഡ്നി അക്വേറിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അധികൃതര്‍ ഒരുക്കിയ ഇടത്തില്‍ പ്രാര്‍ത്ഥനകളും ആദരാഞ്ജലികളും കൊണ്ട് നിറഞ്ഞു, അവരെ ഇന്നോളം നോക്കിയ ജീവനക്കാര്‍ പറയുന്നു.
