കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണയുടെ പുതിയ നോവലിന്റെ മുഖചട്ടക്കെതിരെ വൈദികന്. നൊറോണയുടെ 'മുടിയറകള്‍' എന്ന പുതിയ നോവലിന്റെ കവര്‍ ചിത്രത്തിനെതിരെയാണ് ആലപ്പുഴ രൂപതയിലെ വൈദികന് അലക്സ് കൊച്ചീക്കാരന് വീട്ടില്‍ രംഗത്തെത്തിയിരിക്കുന്നത്. ഫ്രാന്‍സിസ് നൊറോണയെന്തിനാണ് ക്രിസ്തീയതയേയും ക്രൈസ്തവ സഭാസംവിധാനങ്ങളെയും ഇത്രകണ്ട് ഇകഴ്ത്തിയും വക്രീകരിച്ചും നിന്ദിച്ചുമെഴുതുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മറ്റ് മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും സംവിധാനങ്ങളെയും അവഹേളിച്ചെഴുതാനാകുമോയെന്നും അത്തരം രചന എഴുതി നോക്കിയാല്‍ അറിയാം പുകിലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീരിച്ച നോവലാണ് മുടിയറകൾ. മുമ്പ് ഫ്രാൻസിസ് നൊറോണയുടെ കഥയെ ആവിഷ്കരിച്ച് ആലപ്പുഴയിലെ നാടകസംഘം അവതരിപ്പിച്ച കക്കുകളി എന്ന നാടകത്തിനെതിരെ വൻ പ്രചാരണമാണ് ക്രിസ്ത്യൻ സഭയും വൈദികരും നടത്തിയത്. നാടകം പിൻവലിക്കണമെന്നായിരുന്നു ആവശ്യം.
ആത്മവഞ്ചനയുടെ ഈ എഴുത്തും കാലം മായ്ക്കുക തന്നെ ചെയ്യുമെന്നും ഇരുമ്പാണിയില്‍ തുടരത്തുടരെ തൊഴിക്കുന്നത് നല്ലതിനല്ലെന്നും അലക്സ് പറഞ്ഞു. ക്രിസ്തുവിനെ പൊതുസമൂഹത്തില്‍ വളരെ നിന്ദ്യവും അപഹാസ്യവുമായി ചിത്രീകരിക്കുന്ന മുടിയറകള്‍ എന്ന നോവലിന്റെ കവര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖമില്ലാതെ, യേശുവിന്റെ ഒരു കയ്യില്‍ 500 രൂപയുടെ നോട്ടുകെട്ടുകള്‍ പിടിച്ച് നില്ക്കുന്ന ചിത്രമാണ് കവര്‍ ചിത്രം. ഡിസി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകര്.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം
മുടിയറകളുടെ' കവര്‍ പിന്‍വലിക്കുക..
പ്രിയ ഫ്രാന്‍സിസ് നൊറോണ,
താങ്കള്‍ എന്തിനാണ് ക്രിസ്തീയതയേയും ക്രൈസ്തവ സഭാസംവിധാനങ്ങളെയും ക്രിസ്തുവിനെത്തന്നെയും ഇത്രകണ്ട് ഇകഴ്ത്തിയും വക്രീകരിച്ചും നിന്ദിച്ചും എഴുതുന്നത്? താങ്കളുടെ രചനകളിലെ തുടരെത്തുടരെയുള്ള ക്രൈസ്തവ വിരുദ്ധത എത്ര ലജ്ജാകരമാണ്. ആര്‍ക്കു വേണ്ടിയാണ്, എന്തിന് വേണ്ടിയാണ് ഇത്ര അധമമായ നിന്ദാരചന നടത്തിക്കൊണ്ടിരിക്കുന്നത്??
മറ്റേതെങ്കിലും മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും സംവിധാനങ്ങളെയും ഇങ്ങനെ അവഹേളിച്ചുകൊണ്ട് എഴുതാനാവുമോ? അത്തരം ഒരു രചനയെങ്കിലും മതാതീതനും ധൈര്യശാലിയുമാണെന്നു സ്വയം ബോധ്യപ്പെടുത്താനെങ്കിലും എഴുതി നോക്കൂ. അപ്പോഴറിയാം പുകില്.
ചില്ലിത്തൊട്ടുകള്ക്കുവേണ്ടി ഗുരുവിനെ ഒറ്റിയവന്റെ ആവര്‍ത്തനം തന്നെയാണ് താങ്കളുടെ സമകാലിക രചനകളിലുള്ളത്. കഷ്ടമെന്നേ പറയേണ്ടൂ. അഭിനവ ക്രിസ്തുഘാതകര്‍ ഇതും ആഘോഷമാക്കി താങ്കളെ ആദരിച്ചേക്കാം... ക്ഷമിക്കുക, താങ്കള്‍ക്ക് തെറ്റി.... ആത്മവഞ്ചനയുടെ ഈ എഴുത്തും കാലം മായ്ക്കുകതന്നെ ചെയ്യും.... ഇരുമ്പാണിയില്‍ തുടരെത്തുടരെ തൊഴിക്കുന്നത് നല്ലതിനല്ല...ഉത്ഥിതനായ ക്രിസ്തുവിനെ പൊതുസമൂഹത്തില്‍ വളരെ നിന്ദ്യവും അപഹാസ്യവുമായി ചിത്രീകരിച്ചിരിക്കുന്ന 'മുടിയറകള്‍' എന്ന നോവലിന്റെ കവര്‍ പിന്‍വലിക്കണം.
അലക്സ് കൊച്ചീക്കാരന്‍വീട്ടില്‍
