ഒരു പോസ്റ്റല്‍ പിന്‍കോഡ് പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപ്പഞ്ചായത്തിലുള്‍പ്പെടുന്ന ഗവി നിവാസികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. പ്രമുഖ ഇക്കോ ടൂറിസംകേന്ദ്രംകൂടിയായ വനമധ്യത്തിലുള്ള ഗവി ഗ്രാമം പൂര്‍ണമായും സീതത്തോട് പഞ്ചായത്ത് മൂന്നാം വാര്‍ഡിന്റെ ഭാഗമാണ്. പക്ഷേ, ഗവിയിലുള്ള പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ പോസ്റ്റ് ഓഫീസിന്റെ പിന്കോഡിലാണ്. 685533- ഇതാണ് ഗവി നിവാസികളെ വട്ടം ചുറ്റിക്കുന്നതും.
എല്ലാം ഓണ്‍ലൈനായ ഇക്കാലത്ത് പോസ്റ്റല്‍ പിന്‍കോഡ് ഉണ്ടാക്കുന്ന ദുരിതം വിവരണാതീതമാണ്. പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി. കാര്‍ഡ് തുടങ്ങിയവ ഒന്നുംതന്നെ നേരാംവണ്ണം എടുക്കാനാകുന്നില്ല. പി.എസ്.സി. രജിസ്ട്രേഷന് നടത്താന്‍ പറ്റില്ല. പത്തനംതിട്ട ജില്ലയിലുള്‍പ്പെടുന്ന ഇവരുടെ പ്രാഥമിക വിവരങ്ങള്‍ നല്കി ഒരപേക്ഷ നല്കുമ്പോള്, പിന്‍കോഡ് കൊടുക്കുന്നതോടെ ഇവര്‍ ഇടുക്കി ജില്ലക്കാരായി മാറും. ഇതോടെ ഇവര്‍ക്ക് ചില അപേക്ഷകള്‍ നല്കാന്കഴിയാതെവരും. ചില കാര്യങ്ങളില്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയുമെങ്കിലും അതിന്റെ മറുപടിയോ സര്‍ട്ടിഫിക്കറ്റുകളോ എത്തിയാല്‍ ഇടുക്കി ജില്ലയില്‍ കറങ്ങിനടന്ന് മടങ്ങിപ്പോകുന്നതാണ് അവസ്ഥ.
കഴിഞ്ഞ ദിവസം ഗവിയിലുള്ള വിനോദ് എന്ന യുവാവ് പാസ്പോര്‍ട്ട് എടുക്കാന്‍ ശ്രമിച്ചപ്പോഴും സമാന സ്ഥിതിയുണ്ടായി. പോസ്റ്റല്‍കോഡ് നല്‍കുന്നതോടെ വിനോദ് ഇടുക്കി ജില്ലക്കാരനാകും. ഇടുക്കി ജില്ല കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിന്റെ പരിധിയിലാണ്. അതേസമയം പത്തനംതിട്ട ഉള്‍പ്പെടുന്ന ഗവി പ്രദേശം തിരുവനന്തപുരം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിന്റെ പരിധിയിലുമാണ്.
റീജണല്‍ ഓഫീസ് മാറി അപേക്ഷ നല്കണമെങ്കില് ഇടുക്കിയിലും വിലാസം വേണം. അവിടെയും തീരുന്നതല്ല പ്രശ്നം. പാസ്പോര്‍ട്ട് എടുക്കുന്ന ആളിന് പോലീസ് വെരിഫിക്കേഷനും പ്രശ്നമാകും. ഗവി പ്രദേശം മൂഴിയാര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ്. എന്നാല്‍, ഗവി നിവാസികള്‍ അപേക്ഷകളില്‍ വണ്ടിപ്പെരിയാറിന്റെ പോസ്റ്റല്‍ കോഡ് കൊടുക്കുന്നതിനാല്‍ അന്വേഷണം നടത്തേണ്ടത് വണ്ടിപ്പെരിയാര്‍ പോലീസാകും. അതോടെ അന്വേഷണവും പ്രശ്നമാകും. ജനനസര്‍ട്ടിഫിക്കറ്റിലും റേഷന്‍ കാര്‍ഡിലും ഇത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ശരിയായ വിലാസത്തില്‍ എടുക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്