മലയാള സിനിമാ മേഖലയില്‍ കറുത്ത മേഘങ്ങളെന്ന പരാമര്‍ശങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. തിങ്കളാഴ്ച റിപ്പോര്‍ട്ടിന്റെ ആദ്യ പേജ് ആരംഭിക്കുന്നത് ഈ വാചകങ്ങളോടെയാണ്. ‘തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്. പക്ഷേ, ശാസ്ത്രീയ അന്വേഷണത്തിൽ നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ലെന്നാണ് തെളിഞ്ഞത്. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും ഉപ്പുപോലും കാഴ്ചക്ക് പഞ്ചസാര പോലെയാണെന്നും’ പറഞ്ഞാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ആരംഭിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനിച്ചത് കഴിഞ്ഞ ജൂലൈ 24നായിരുന്നു. ഇതിന് രണ്ട് ദിവസം മുൻപ് നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. സ്വകാര്യത ഉറപ്പാക്കി റിപ്പോർട്ട് പുറത്ത് വിടാൻ ജസ്റ്റിസ് വി. ജി അരുണ്‍ ആഗസ്റ്റ് 13ന് ഉത്തരവിട്ടു. ഇതിനായി ഏഴ് ദിവസത്തെ സമയവും കോടതി അനുവദിച്ചു. വിധിക്കെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന് ഹർജിക്കാരൻ തീരുമാനവുമെടുത്തു.
ശനിയാഴ്ച രാവിലെ 11 മണിക്ക് പുറത്തുവിടുന്നായിരുന്നു നേരത്തെ സാംസ്കാരിക വകുപ്പ് പറഞ്ഞിരുന്നത്, എന്നാൽ വെള്ളിയാഴ്ച ഉച്ചയോടു കൂടി നടി രഞ്ജിനിയുടെ പരാതി ഹൈക്കോടതി സിംഗിൾ ബെഞ്ചിന് സമീപിച്ചതോടെ സംഭവം തലകീഴായി മറിഞ്ഞത്, അതിൽ പറഞ്ഞത് താൻ കൊടുത്ത മൊഴി ഏത് പ്രകാരമാണ് അതിൽ എഴുതിപ്പിടിപ്പിച്ചതെന്ന് അവർക്ക് സംശയം ഉണ്ട് എന്നായിരുന്നു, എന്നാൽ കേസ് പരിഗണിച്ച് കോടതി അടിയന്തര ഉത്തരവ് പുറപ്പെടുവിക്കാൻ അതായത് റിപ്പോർട്ട് പുറത്തുവിടുന്നത് മരവിപ്പിക്കാനോ മറ്റോ തുനിഞ്ഞില്ല. എന്നാൽ ശനിയാഴ്ച രാവിലെ സർക്കാർ തീരുമാനം മരവിപ്പിച്ചു, നടി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും ചെയ്തു എന്നാൽ കോടതി വിഷയത്തിൽ സ്റ്റേ അനുവദിച്ചിരുന്നില്ല. തിങ്കളാഴ്ച കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന് സമീപിക്കാൻ നാഡിയോട് ആവശ്യപ്പെട്ടു. സിംഗിൾ ബെഞ്ച് തന്നെയാണ് റിപ്പോർട്ട് പുറത്തുവിടാൻ മുൻപ് ആവശ്യപ്പെട്ടിരിക്കുകയും ചെയ്തത്. ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സിംഗിൾ ബെഞ്ചിന് സമീപിച്ച നടിയുടെ ഹർജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ല. ഇതിനു മുൻപ് തന്നെ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തലത്തിൽ തീരുമാനം എടുത്തിരുന്നു.
ഇതോടൊപ്പം നിർമ്മാതാവ് സജിയുടെ ഹർജി ഡിവിഷൻ ബെഞ്ച് 21ലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ സർക്കാർ 2.30ന് റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനിച്ചു. ഒരു മണിക്കൂറിനുള്ളിൽ നടിയുടെ അഭിഭാഷകൻ പുതിയ ഹർജിയുമായി സിംഗിൾ ബെഞ്ച് മുന്‍പാകെ എത്തി. സുപ്രീം കോടതിയിൽ നിന്നും മുതിർന്ന അഭിഭാഷകരെയും ഓണ്‍ ലൈനായി ഹാജരാക്കി. രണ്ട് മണിക്ക് ഹർജി പരിഗണനയ്ക്കെത്തിയപ്പോൾ റിപ്പോർട്ടിന് സ്റ്റേ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഹേമ കമ്മറ്റി റിപോർട്ട് സർക്കാർ പുറത്തുവിട്ടു. രഞ്ജിനിയുടെ ഹർജി ജസ്റ്റിസ് വി ജി അരുണ്‍ 27 ന് പരിഗണിക്കാനായി മാറ്റുകയും ചെയ്തു.
സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ്. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്. പല നടിമാരും നൽകിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങൾ ഉണ്ടായി.
എന്നാൽ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ പലരും നിശബ്ദത പാലിക്കുന്നു. നടൻമാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോൾ ഇങ്ങനെ കേസിനു പോയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി. കേസിനു പോകുകയാണെങ്കില്‍, പ്രശസ്തരായതിനാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് നടിമാർ ഭയക്കുന്നു. കോടതിയേയോ പൊലീസിനെയോ സമീപിച്ചാൽ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാർ ഭയക്കുന്നു
ചില പ്രശസ്ത നടിമാരെ ചൂണ്ടിക്കാട്ടി ഇവരെല്ലാവരും സിനിമയിൽ മുന്നേറിയതും പണം സമ്പാദിച്ചതും വിട്ടുവീഴ്ച ചെയ്തിട്ടാണെന്ന് പറയാറുണ്ടെന്ന് നടിമാർ മൊഴി നൽകിയതായി ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇത് ചൂണ്ടിക്കാട്ടി സിനിമാ മേഖലയിലെ പുരുഷൻമാർ വിട്ടുവീഴ്ചയ്ക്ക് പലരോടും ആവശ്യപ്പെടുന്നു.
സിനിമാ മേഖലയിലേക്ക് എത്തുമ്പോൾ തന്നെ ചൂഷണം തുടങ്ങുന്നു. അവസരം വാഗ്ദാനം ചെയ്യുന്ന പ്രൊഡക്ഷൻ കൺട്രോളർമാർ ഉൾപ്പെടെയുള്ളവർ ഏത് വിട്ടുവീഴ്ചയ്ക്കും തയാറാകണമെന്ന് നടിമാരോട് നിർദേശം കൊടുക്കാറുണ്ട്. വീട്ടുവീഴ്ച, ഒത്തുതീർപ്പ് എന്നീ വാക്കുകൾ മലയാള സിനിമാ മേഖലയിലെ എല്ലാ സ്ത്രീകൾക്കും പരിചിതം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയാറായിരിക്കണം എന്നാണ് നൽകുന്ന സന്ദേശം.
ഇഴുകിച്ചേർന്നുള്ള രംഗങ്ങളിൽ അഭിനയിക്കാൻ തയാറാകുന്ന നടിമാർ സിനിമയ്ക്കു പുറത്തും അതിന് തയാറാകുമെന്നു ചിലർ കരുതുന്നു. ചില പുരുഷന്മാർ ഇവരോട് നിരന്തരം ലൈംഗികാവശ്യം ഉന്നയിച്ച് പിന്നാലെ നടക്കുന്നു. ആവശ്യം നിഷേധിച്ചാലും കൂടുതൽ അവസരം നൽകുമെന്നുൾപ്പെടെ വാഗ്ദാനം നൽകി പിന്നാലെ കൂടുന്നു. പുതുമുഖ താരങ്ങളടക്കം ചിലരെങ്കിലും ഈ വാഗ്ദാനങ്ങളിൽ വീഴുന്നുവെന്നും അവർ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തൽ.
സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളായ ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്നത് കടുത്ത വിവേചനമെന്ന് ഹേമ കമ്മിറ്റ് റിപ്പോർട്ട്. സ്ത്രീകളായ ജൂനിയർ ആർട്ടിസ്റ്റുകളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും, വഴങ്ങിയാൽ മാത്രമേ അവസരം നൽകുകയുള്ളുവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട്.
ലൈംഗികചൂഷണത്തിന് പുറമെ മാന്യമായ പ്രതിഫലം പോലും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ലഭിക്കുന്നില്ല. പലപ്പോഴും പറഞ്ഞ തുക ലഭിക്കാറില്ലെന്ന് മാത്രമല്ല, ഇടനിലക്കാർ തുക കൈക്കലാക്കുകയും ചെയ്യും. ആവശ്യത്തിൽ കൂടുതൽ ജൂനിയർ ആർട്ടിസ്റ്റുകളെ വിളിച്ചുവരുത്തി പലപ്പോഴും അവർക്ക് അവസരം നൽകാതെ മാറ്റിനിർത്തുമെന്നും പറയുന്നു. എന്നാൽ അവർക്ക് തിരികെ പോകാനും അനുവാദമുണ്ടാകില്ലെന്ന് റിപ്പോർട്ട് പറയുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പരാതി പറയാൻ യാതൊരു സംവിധാനവും ഇല്ലെന്ന് മാത്രമല്ല, അങ്ങനെ പറഞ്ഞാൽ അവസരങ്ങൾ ലഭിക്കില്ലെന്ന് പേടിപ്പിക്കുകയും ചെയ്യുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
![]() |
| Courtesy |
മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായി എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി.താൻ അഭിനയിച്ച സിനിമയുടെ സെറ്റിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ഒരു നടി വെളിപ്പെടുത്തുന്ന ഭാഗങ്ങൾ റിപ്പോർട്ടിലുണ്ട്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വളരെ ഇൻ്റിമേറ്റ് ആയ രംഗങ്ങൾ ഉണ്ടെന്ന് സംവിധായകൻ അറിയിച്ചിരുന്നതായും എന്നാൽ എത്ര നിർബന്ധിച്ചിട്ടും അതിൽ കൂടുതൽ വിശദാംശങ്ങൾ സംവിധായകൻ വെളിപ്പെടുത്താൻ തയ്യാറായില്ല. തൻ്റെ സമ്മതമനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ എന്നു മാത്രമാണ് സംവിധായകൻ പറഞ്ഞത്.
മൂന്ന് മാസത്തിനിപ്പുറം സിനിമക്കും ഷൂട്ടിങ്ങിനുമുള്ള തയ്യാറെടുപ്പുകൾക്ക് ശേഷം ചിത്രത്തിൽ നഗ്നതയും ലിപ് ലോക്കും ഉണ്ടാകുമെന്നും ശരീരഭാഗങ്ങളുടെ എക്സ്പോസ് ഉണ്ടാകുമെന്നും സംവിധായകൻ അറിയിച്ചു. ഒരു ചുംബനരംഗം ചെയ്യാനും ശരീരത്തിൻ്റെ പിൻഭാഗം തുറന്നുകാട്ടാനും താൻ നിർബന്ധിതയായുകയും അടുത്ത ദിവസം നഗ്ന ദൃശ്യവും ഒരു ബാത്ത് ടബ് സീനും ചിത്രീകരിക്കുമെന്ന് സംവിധായകൻ തന്നെ അറിയിച്ചതായും റിപ്പോർട്ടിൽ പറയപ്പെടുന്നു.ഇതേ തുടർന്ന് മൂന്ന് മാസത്തെ പ്രതിഫലം പോലും വാങ്ങാതെ ആ സിനിമ ഉപേക്ഷിച്ചു. സംവിധായകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടപെട്ടതിനെ തുടർന്ന് ആ സിനിമയിൽ തുടരാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് നടി സംവിധായകന് സന്ദേശം അയച്ചു. എന്നാൽ കൊച്ചിയിലേക്ക് നേരിട്ട് വരാതെ സിനിമക്കായി ചിത്രീകരിച്ച ഇൻ്റിമേറ്റ് സീനുകൾ ഡിലീറ്റ് ചെയ്യില്ലെന്ന് സംവിധായകൻ നടിയോട് പറഞ്ഞതായി റിപ്പോർട്ടിൽ ഉണ്ട്. സംവിധായകൻ തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് മനസ്സിലായതായും ഇത് നിർമാതാവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം സംവിധായകനെ ഡീൽ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയപ്പെടുന്നു.
രേഖാമൂലമുള്ള കരാർ ഉണ്ടായിരുന്നെങ്കിൽ ഇത്തരം പ്രതിസന്ധി ഒഴിവാക്കാമായിരുന്നെന്നും ഈ കരാറുകൾ നിർബന്ധമാക്കുകയാണെങ്കിൽ ഇത്തരക്കാരുടെ ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉണ്ടാവുകയും ഗൂഢലക്ഷ്യമുള്ളവർ തുറന്നുകാട്ടപ്പെടുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയപ്പെടുന്നു.
സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് ഈ മേഖലയിലെ പുരുഷൻമാർക്ക് ചിന്തിക്കാനാകുന്നില്ല. അവർ പേരിനും പ്രശസ്തിക്കും പണത്തിനുമായാണ് എത്തുന്നതെന്നും ഒരു അവസരത്തിനായി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്.
ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണെങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യമാണ്. അതിനാൽ കലയോട് ആഭിമുഖ്യമുള്ളവരാണെങ്കിൽപോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു. ഇത്തരം അനുഭവങ്ങൾ നേരിട്ടുണ്ടോ എന്ന് കമ്മിറ്റി ഒരു നടിയോട് ചോദിച്ചു. ചിലപ്പോൾ ഉണ്ടാകാമെന്നും പരസ്യമായി പറയാൻ ഭയക്കുന്നുണ്ട് എന്നുമായിരുന്നു മറുപടി. കൃത്യമായ വേതനം നൽകാതെ പറ്റിക്കുന്നു. കരാറിൽ പറയുന്നതും യഥാർഥത്തിൽ നൽകുന്ന തുകയും തമ്മിൽ വലിയ അന്തരമെന്നും മൊഴി.
പ്രശ്നങ്ങൾ പഠിക്കാനായി സിനിമയിലെ വിവിധ വിഭാഗങ്ങളിലെ ആർട്ടിസ്റ്റുകളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ആരും പ്രതികരിക്കാൻ പോലും തയ്യാറായില്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തൽ. പ്രതികരിക്കാൻ തയാറാകാത്തവരിൽ സ്ത്രീകൾ പോലും ഉൾപ്പെടുന്നത് തങ്ങളെ അത്ഭുതപ്പെടുത്തി. പുരുഷന്മാർക്ക് പോലും ഈ മേഖലയിൽ കടുത്ത അവഗണനയും വിവേചനവും നേരിടേണ്ടിവരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
നിരവധി സ്ത്രീകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ലൈംഗികബന്ധത്തിന് വഴങ്ങൽ, സെറ്റുകളിൽ ഉപദ്രവം, ബാത്ത്റൂം സംവിധാനങ്ങൾ ഇല്ലായ്മ, ലൈംഗികച്ചുവയുള്ള സംസാരം, പുരുഷാധിപത്യം തുടങ്ങിയ നിരവധി വിഷയങ്ങളാണ് സിനിമയിൽ നിലനിൽക്കുന്ന വിവേചനങ്ങളായി കമ്മിറ്റി കണ്ടെത്തിയത്. ഇതിൽ കമ്മിറ്റി കണ്ടെത്തിയ ഏറ്റവും മനുഷ്യത്വരഹിതഹമായ വിവേചനം സെറ്റുകളിൽ ബാത്ത്റൂം സംവിധാനങ്ങൾ ഇല്ല എന്നതാണ്.
![]() |
| Courtesy |
ആർത്തവ സമയത്ത് സാനിറ്ററി നാപ്കിൻ മാറ്റാനുള്ള സൗകര്യം പോലും സെറ്റുകളിലില്ല എന്ന ഗുരുതരമായ പരാമർശം റിപ്പോർട്ടിലുണ്ട്. ഈ സമയങ്ങളിൽ സ്ത്രീകൾ വെള്ളം പോലും കുടിക്കാതെയും മൂത്രമൊഴിക്കാതെയും എല്ലാം അടക്കിപ്പിടിക്കുകയാണ് പതിവ്. ഷൂട്ടിങ്ങിനിടയിൽ തന്നെ മൂത്രമൊഴിക്കാൻ പോലും അനുവദിച്ചില്ലെന്ന്, ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ മൊഴി ഉദ്ധരിച്ച് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ചില സെറ്റുകളിൽ കാരവൻ ഉണ്ടെന്ന് പ്രൊഡ്യൂസർമാർ പറയുമെങ്കിലും അത് പ്രധാനപ്പെട്ട നടീ നടൻന്മാർക്ക് വേണ്ടി മാത്രമായി ഉള്ളതായിരിക്കും. അതിലൊന്നും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പ്രവേശനമുണ്ടാകില്ല. ഇവ പരിഹരിക്കാൻ സിനിമാ സെറ്റുകളിൽ ഇ-ടോയ്ലെറ്റുകൾ സ്ഥാപിക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് കമ്മിറ്റി അഭിപ്രായപ്പെടുന്നു. എന്നാൽ നിർഭാഗ്യവശാൽ ഇത് ആരും ശ്രദ്ധിക്കുന്നുപോലുമില്ല. സിനിമയിലെ ഒരു മുതിർന്ന നടൻ തന്നെ പറഞ്ഞത് കാലാകാലങ്ങളായി സ്ത്രീകൾ സിനിമയിലുണ്ടല്ലോ, അവർക്കൊന്നും ഈ പ്രശ്നമില്ലല്ലോ എന്നാണ്. അഭിനേതാക്കളുടെ കൂട്ടായ്മയായ താര സംഘടന അമ്മ പോലും ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്നതും കടുത്ത വിവേചനമാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ജോലിയില്‍ സമയപരിധിയില്ല. പുലര്‍ച്ചെ ഏഴ് മണിക്ക് ജോലിക്ക് പ്രവേശിക്കുന്നവര്‍ ജോലി കഴിഞ്ഞിറങ്ങുന്നത് പിറ്റേദിവസം പുലര്‍ച്ചെ രണ്ട് മണിയാകുമ്പോഴാണ്. അധിക സമയം ജോലി ചെയ്യുന്നതിനുള്ള കൂലി അവര്‍ക്ക് നല്‍കുന്നില്ല. വൈകി ജോലി പൂര്‍ത്തിയാകുന്നതു വരെ വീട്ടില്‍ എത്തിക്കാന്‍ തയ്യാറാകാറില്ല. ഇവര്‍ക്ക് വിശ്രമിക്കാനോ ഉറങ്ങാനോ മതിയായ സൗകര്യങ്ങളില്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍നിരയിലെ പതിനഞ്ചുപേര്‍ വരെയുള്ള ഒരു സംഘമാണ് മലയാളം സിനിമാ മേഖലയെ നിയന്ത്രിക്കുന്നത്. പ്രൊഡ്യൂസറോ, വിതരണക്കാരോ, സംവിധായകരോ കൂടിയായ നടന്മാരാണ് ഇവര്‍. മുന്‍നിര നടന്മാരെ അടക്കം നിരവധി പേരെ വിലക്കിയെന്ന് നിരവധി പുരുഷന്മാര് കമ്മിറ്റിക്ക് മുന്നില്‍ തുറന്നു പറഞ്ഞു. അവരുടെ പേരും പരാമര്‍ശിക്കുന്നുണ്ട്.
ഒരു വ്യക്തിയെ മേഖലയില്‍ നിന്നും വിലക്കാന്‍ ഗുരുതരമായ കാരണങ്ങളൊന്നും ആവശ്യമില്ലായെന്നതാണ് വിചിത്രമായ കാര്യം. ചെറിയ കാര്യത്തിനാണെങ്കില്‍ പോലും പവര്‍ഗ്രൂപ്പിലെ ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ എതിര്‍ത്താല്‍ അവര്‍ വിലക്ക് നേരിടും. പവര്‍ഗ്രൂപ്പിലെ ആര്‍ക്കെങ്കിലും പ്രസ്തുത വ്യക്തിയോട് അപ്രിയം തോന്നിയാല്‍ വിലക്ക് നേരിടും. അത്തരമൊരു ഘട്ടത്തില്‍ പവര്‍ഗ്രൂപ്പിലെ ആളുകള്‍ കൈകോര്‍ക്കുകയും പ്രസ്തുത വ്യക്തിയെ സിനിമയില്‍ നിന്നും വിലക്കുകയും ചെയ്യുകയാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്നു.
അറിയപ്പെടുന്നതും ജനപ്രിയനും മേഖയില്‍ സ്വാധീനവുമുള്ള ഒരു നടനെയും മറ്റൊരു നടനെയും പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ വിലക്കിയതായി പ്രസ്തുത നടന് കമ്മിറ്റിക്ക് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിലക്കുകള്‍ പൂര്‍ണ്ണമായും രഹസ്യമായ നീക്കത്തിലൂടെയായിരിക്കും. ഇത്തരം നിയമവിരുദ്ധ വിലക്കുകള്‍ക്ക് രേഖകള്‍ ഇല്ലാത്തതിനാല്‍ തന്നെ കോടതിയെയോ സര്‍ക്കാര്‍ സംവിധാനങ്ങളെയോ സമീപിക്കാന്‍ കഴിയില്ലെന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തിലാണ് അമ്മ സംഘടന രൂപീകരിച്ചത്. എന്നാല്‍ തുടക്കത്തില്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് അമ്മ സംഘടനയേക്കാള്‍ ശക്തമായിരുന്നുവെന്നും ചിലര്‍ ഹേമകമ്മിറ്റിയോട് പറഞ്ഞു.
തന്നെ രണ്ട് വര്‍ഷക്കാലം മലയാളം സിനിമാ മേഖലയില്‍ നിന്നും വിലക്കിയതായി ഒരാള്‍ തുറന്നു പറഞ്ഞു. മറ്റൊരു താരത്തെയും ആ വിധത്തില്‍ വിലക്കി. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ 20 ലക്ഷം രൂപ പിഴ അടക്കാന്‍ ആവശ്യപ്പെട്ടു.നിര്‍മ്മാതാവുമായോ സംവിധായകനുമായോ വ്യക്തിബന്ധം ഇല്ലെങ്കില്‍ സിനിമയില്‍ അവസരം ലഭിക്കില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
നടിമാർ ഉൾപ്പെടെയുള്ളവർ നേരിടുന്ന കടുത്ത സൈബർ ആക്രമണത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പല നടിമാരും സൈബർ ലോകത്ത് കടുത്ത ആക്രമണമാണ് നേരിടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നഗ്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ഉൾപ്പെടെ കമന്റിട്ട്, പരസ്യമായി ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ്. ഇതിനു പുറമെയാണ് അശ്ലീല ചുവയുള്ള ട്രോളുകൾ. വാട്സാപ് മുഖേനയും കടുത്ത സൈബർ ആക്രമണമാണ് അരങ്ങേറുന്നത്.
‘‘ഓൺലൈൻ ലോകത്ത് കടുത്ത ആക്രമണത്തിനാണ് വിധേയരാകുന്നതെന്ന് സ്ത്രീകളും പുരുഷൻമാരും കമ്മിറ്റി മുൻപാകെ വെളിപ്പെടുത്തി. ഫെയ്സ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും അശ്ലീലച്ചുവയുള്ള കമന്റുകളിലൂടെയും മോശം ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും കടുത്ത ആക്രമണമാണ്. ലൈംഗികച്ചുവയുള്ള കമന്റുകൾ ഇതിൽ ഒട്ടനവധിയുണ്ട്. നടിമാരുടെ ഉൾപ്പെടെ സമൂഹമാധ്യമ പേജുകളിൽ പുരുഷ ലൈംഗികാവയത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്യുന്നതും പതിവാണ്.
‘‘നടിമാരെ ക്രൂരമായ പീഡനത്തിന് ഇരയാക്കുമെന്ന തരത്തിലുള്ള ഭീഷണികളും കമന്റുകളായി പ്രത്യക്ഷപ്പെടാറുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ നാണംകെടുത്താനും ഭീഷണിപ്പെടുത്താനും അവരുടെ ഇച്ഛാശക്തി തകർക്കാനും അപമാനിക്കാനും ആസൂത്രിതമായ ശ്രമങ്ങളാണ് സൈബർ ലോകത്ത് നടക്കുന്നത്. ഇത്തരം സൈബർ ആക്രമണങ്ങൾ സിനിമാ ലോകത്തുനിന്നല്ല എന്നും റിപ്പോർട്ടിലുണ്ട്. ഇത്തരം ആക്രമണങ്ങൾക്കു പിന്നിൽ പൊതുജനങ്ങളാണ്. ഇത്തരം ആക്രമണങ്ങൾ സിനിമാ മേഖലയിലുള്ളവർക്കു നേരെ മാത്രമല്ല, പുറത്തുള്ള സ്ത്രീകൾക്കു നേരെയും നടക്കുന്നുണ്ട്. സമൂഹം പൊതുവായി നേരിടുന്ന പ്രശ്നമായി ഇതു മാറിക്കഴിഞ്ഞു.’ – റിപ്പോർട്ടിൽ പറയുന്നു.
ഈ പ്രശ്നം ഈ കമ്മിറ്റിയുടെ പരിധിയിൽ മാത്രം വരുന്നതാണോയെന്ന കാര്യത്തിൽ ഹേമ കമ്മിറ്റി സംശയവും പ്രകടിപ്പിക്കുന്നുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രശ്നങ്ങളെക്കുറിച്ചും ജോലിസ്ഥലത്തെ സാഹചര്യങ്ങളെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന കമ്മിറ്റി എന്ന നിലയിൽ, അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിക്കാനുള്ള ചുമതലയും കമ്മിറ്റിക്കുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പരാതികളെ 'ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട പരാതി' എന്നാണ് കമ്മിറ്റി വിശേഷിപ്പിക്കുന്നത്. ലഹരി ഉപയോഗിച്ച ശേഷമാണ് ലൈംഗിക അതിക്രമങ്ങൾ നടക്കുന്നതെന്ന് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നു. യുവതാരങ്ങളടക്കമുള്ള നിരവധി പേർ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ശേഷമാണ് സെറ്റിലേക്ക് വരുന്നത്. ഇത് മൂലം സംവിധായകർക്കും നിർമ്മാതാക്കൾക്കും എല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇവ എല്ലാം പരിഹരിക്കാനായി മേഖലയെ പൂർണമായും ലഹരിവിരുദ്ധമാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.
നടിമാർ ഉൾപ്പെടെയുള്ളവർ നേരിടുന്ന കടുത്ത സൈബർ ആക്രമണത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പല നടിമാരും സൈബർ ലോകത്ത് കടുത്ത ആക്രമണമാണ് നേരിടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ‘‘ഓൺലൈൻ ലോകത്ത് കടുത്ത ആക്രമണത്തിനാണ് വിധേയരാകുന്നതെന്ന് സ്ത്രീകളും പുരുഷൻമാരും കമ്മിറ്റി മുൻപാകെ വെളിപ്പെടുത്തി. ഫെയ്സ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും അശ്ലീലച്ചുവയുള്ള കമന്റുകളിലൂടെയും മോശം ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും കടുത്ത ആക്രമണമാണ്. ലൈംഗികച്ചുവയുള്ള കമന്റുകൾ ഇതിൽ ഒട്ടനവധിയുണ്ട്. നടിമാരുടെ ഉൾപ്പെടെ സമൂഹമാധ്യമ പേജുകളിൽ പുരുഷ ലൈംഗികാവയത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്യുന്നതും പതിവാണ്.
‘‘നടിമാരെ ക്രൂരമായ പീഡനത്തിന് ഇരയാക്കുമെന്ന തരത്തിലുള്ള ഭീഷണികളും കമന്റുകളായി പ്രത്യക്ഷപ്പെടാറുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ നാണംകെടുത്താനും ഭീഷണിപ്പെടുത്താനും അവരുടെ ഇച്ഛാശക്തി തകർക്കാനും അപമാനിക്കാനും ആസൂത്രിതമായ ശ്രമങ്ങളാണ് സൈബർ ലോകത്ത് നടക്കുന്നത്. ഇത്തരം സൈബർ ആക്രമണങ്ങൾ സിനിമാ ലോകത്തുനിന്നല്ല എന്നും റിപ്പോർട്ടിലുണ്ട്. ഇത്തരം ആക്രമണങ്ങൾക്കു പിന്നിൽ പൊതുജനങ്ങളാണ്. ഇത്തരം ആക്രമണങ്ങൾ സിനിമാ മേഖലയിലുള്ളവർക്കു നേരെ മാത്രമല്ല, പുറത്തുള്ള സ്ത്രീകൾക്കു നേരെയും നടക്കുന്നുണ്ട്. സമൂഹം പൊതുവായി നേരിടുന്ന പ്രശ്നമായി ഇതു മാറിക്കഴിഞ്ഞു.’ – റിപ്പോർട്ടിൽ പറയുന്നു.
ഈ പ്രശ്നം ഈ കമ്മിറ്റിയുടെ പരിധിയിൽ മാത്രം വരുന്നതാണോയെന്ന കാര്യത്തിൽ ഹേമ കമ്മിറ്റി സംശയവും പ്രകടിപ്പിക്കുന്നുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രശ്നങ്ങളെക്കുറിച്ചും ജോലിസ്ഥലത്തെ സാഹചര്യങ്ങളെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന കമ്മിറ്റി എന്ന നിലയിൽ, അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിക്കാനുള്ള ചുമതലയും കമ്മിറ്റിക്കുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
അതോടൊപ്പം തന്നെ സിനിമയിൽ അഭിനയിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകളുമായി കൃത്യമായി കരാർ എഴുതിയിരിക്കണം എന്ന് റിപ്പോർട്ട് പറയുന്നു. കരാർ ഇല്ലാത്തതുകൊണ്ട് പല ജൂനിയർ ആർട്ടിസ്റ്റുകളും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അവർക്ക് അവരുടെ പരാതികൾ പറയാനോ അതിൽ പരിഹാരമുണ്ടാക്കാനോ സാധിക്കുന്നില്ല. ഇന്റിമേറ്റ് സീനുകൾ നടിമാരെ മുൻപേ അറിയിക്കണമെന്ന പ്രധാനപ്പെട്ട നിർദേശവും റിപ്പോർട്ടിലുണ്ട്. വനിതാ ആർട്ടിസ്റ്റുകൾ പലപ്പോഴുമായി സൂചിപ്പിക്കുന്ന ബാത്ത്റൂം സൗകര്യമില്ലായ്മ അടക്കം കൃത്യമായി പരിഹരിക്കാൻ കരാറിൽത്തന്നെ സെറ്റിലുള്ള സൗകര്യങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉണ്ടാകണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
സിനിമാമേഖലയിൽ ലിംഗസമത്വം ഉറപ്പാക്കണമെന്നതാണ് കമ്മിറ്റി മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രധാനപ്പെട്ട നിർദേശം. പല പുരുഷന്മാരും തങ്ങൾ സ്ത്രീകൾക്ക് മേലെയാണെന്ന പോലെ പെരുമാറുകയാണ്. ഈ പ്രവണത നിർബന്ധമായും ഇല്ലാതെയാക്കണമെന്നും ഇതിനായി കൃത്യമായ ബോധവത്കരണ പരിപാടികൾ നടത്തണമെന്നും റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിലെ മറ്റൊരു പ്രധാനപ്പെട്ട ഭാഗമായി പറയുന്നത് പ്രതിഫലമാണ്. കരാർ ഇല്ലാത്തതുകാരണം പല ആർട്ടിസ്റ്റുകൾക്കും പറഞ്ഞ പ്രതിഫലം കിട്ടാറില്ല, അല്ലെങ്കിൽ പ്രതിഫലം നൽകാൻ വൈകുന്നു. കരഞ്ഞ് ചോദിച്ചാൽപ്പോലും പലർക്കും അർഹമായ, പറഞ്ഞ തുക കിട്ടാറില്ല. ഈ വിഷയം അഭിമുഖീകരിക്കാനായി കൃത്യമായ ഒരു സംവിധാനം ഇല്ല എന്നത് ഒരു ന്യൂനതയാണെന്ന് കമ്മിറ്റി അഭിപ്രായപ്പെടുന്നു. പലപ്പോഴും തുല്യ പ്രതിഫലം എന്നത് സിനിമയിൽ ഒരു സ്വപ്നം മാത്രമാണ്. മാത്രമല്ല, വനിതകളായ താരങ്ങൾക്ക് പല നിർമാതാക്കളും സംവിധായകരും വില പോലും കല്പിക്കാറില്ല. ഇത്തരത്തിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ അടിമുടി അനീതിയും അസന്തുലിതാവസ്ഥയാണ് സിനിമ മേഖലയിൽ നിലനിൽക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ പ്രശ്നം പരിഹരിക്കാനായി മാർക്കറ്റ് വാല്യുവിന് പകരമായി നടൻ/നടി സിനിമയ്ക്ക് വേണ്ടി എടുക്കുന്ന പരിശ്രമം കണക്കാക്കണമെന്ന് കമ്മിറ്റി നിർദേശിക്കുന്നു. ജൂനിയർ ആർട്ടിസ്റ്റുകളും, ടെക്നീഷ്യൻസും അടക്കമുള്ളവർക്കും ജോലി ചെയ്ത സാഹചര്യവും സമയവും എല്ലാം അനുസരിച്ച്, പറഞ്ഞ തുക തന്നെ നൽകണമെന്നും നിർദ്ദേശിക്കുന്നു.
സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പരാതികളെ 'ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട പരാതി' എന്നാണ് കമ്മിറ്റി വിശേഷിപ്പിക്കുന്നത്. ലഹരി ഉപയോഗിച്ച ശേഷമാണ് ലൈംഗിക അതിക്രമങ്ങൾ നടക്കുന്നതെന്ന് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നു. യുവതാരങ്ങളടക്കമുള്ള നിരവധി പേർ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ശേഷമാണ് സെറ്റിലേക്ക് വരുന്നത്. ഇത് മൂലം സംവിധായകർക്കും നിർമ്മാതാക്കൾക്കും എല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇവ എല്ലാം പരിഹരിക്കാനായി മേഖലയെ പൂർണമായും ലഹരിവിരുദ്ധമാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.
പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട്. തങ്ങൾക്ക് താത്പര്യമുള്ളവർക്ക് മാത്രം അവസരം നൽകാനാണ് പ്രൊഡക്ഷൻ കൺട്രോളർമാർ ശ്രമിക്കുന്നത്. അല്ലാത്തവരെ മീ-ടു പേഴ്സൺ എന്ന് മുദ്രകുത്തിയും വൈകി വരുന്നവരെന്ന് പറഞ്ഞ് മാറ്റി നിർത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പലപ്പോഴും സംവിധായകരോട് നേരിട്ട് സംസാരിക്കുമ്പോൾ മാത്രമാണ് അവസരം നിഷേധിക്കപ്പെട്ടതിന്റെ യഥാർത്ഥ കാരണം വ്യക്തമാകുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സിനിമയിൽ നടനെയോ നടിയെയോ സംവിധാകരെയോ നിർമാതാക്കളെയോ തെരഞ്ഞെടുത്താലും പ്രൊഡക്ഷൻ കൺട്രോളർമാർ ഇടപെട്ട് അവരെ മാറ്റാനുള്ള നീക്കങ്ങൾ ശക്തമായി നടത്തുകയാണെന്നും റിപ്പോർട്ടിലുണ്ട്.
ഏതെങ്കിലും അഭിനേതാവിനെതിരെ പ്രൊഡ്യൂസറോട് പരാതി പറഞ്ഞാൽ, വലിയ മാർക്കറ്റ് വാല്യു ഉള്ളയാളാണ് ആ അഭിനേതാവെങ്കിൽ പ്രൊഡ്യൂസർ അയാൾക്കെതിരെ ഒരു നടപടിയും എടുക്കില്ല. അദ്ദേഹത്തെ സംബന്ധിച്ച് സിനിമ ഒരു ബിസിനസ് മാത്രമാണ്. അടുത്ത സിനിമയിൽനിന്നുപോലും അത്തരക്കാരെ മാറ്റിനിർത്താറില്ല. ഒരു പഴയകാല നടി കമ്മീഷനോട് പറഞ്ഞത് ‘സിനിമയിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. എന്നാൽ ഇതെല്ലാം പറയാൻ അധികാരപ്പെട്ട ഒരിടമില്ല എന്നതാണ് ഈ മേഖലയിലെ ഏറ്റവും വലിയ പ്രശ്നം. എന്തെങ്കിലും ബുദ്ധിമുട്ട് ഒരു സ്ത്രീ നേരിട്ടാൽ അവർക്ക് പരാതി പറയാൻ വായ തുറക്കാനാവില്ല’.
ചില പ്രശസ്ത നടിമാരെ ചൂണ്ടിക്കാട്ടി ഇവരെല്ലാവരും സിനിമയിൽ മുന്നേറിയതും പണം സമ്പാദിച്ചതും വിട്ടുവീഴ്ച ചെയ്തിട്ടാണെന്ന് പറയാറുണ്ട്. ഇത് ചൂണ്ടിക്കാട്ടി സിനിമാ മേഖലയിലെ പുരുഷൻമാർ വിട്ടുവീഴ്ചയ്ക്ക് പലരോടും ആവശ്യപ്പെടുന്നു. നടിമാർ പ്രശസ്തരായത് വിട്ടുവീഴ്ച ചെയ്താണെന്ന് ഈ മേഖലയിൽ പലരും വിശ്വസിക്കുന്നു. ഇങ്ങനെ ഒരു പ്രതിച്ഛായ സൃഷ്ടിച്ചത് സിനിമാ മേഖലയിലുള്ളവർ തന്നെയാണെന്നും നടിമാർ മൊഴി നൽകി. കുടുങ്ങിയെന്ന് മനസ്സിലാക്കുമ്പോഴേക്കും വളരെ വൈകിപ്പോയിരിക്കുമെന്ന് പല നടിമാരും പറഞ്ഞു. സിനിമയിൽ ഉയരങ്ങളിലെത്തണമെങ്കിൽ ഇത്തരത്തിൽ അഡ്ജസ്റ്റുമെന്റും വിട്ടുവീഴ്ചയും വേണ്ടി വരുമെന്ന് ചിലർ പറഞ്ഞതായി കമ്മിഷന് മുന്നിൽ ഒരു നടി മൊഴി നൽകി.
‘പരസ്യം കണ്ട് ഓഡിഷനു താൽപര്യം പ്രകടിപ്പിച്ചാൽ നമ്മളെ ആരെങ്കിലും വിളിക്കും. ഈ റോളിൽ നിങ്ങൾ ചേരുമെന്നു പറയും. ഡയറക്ടറെയോ പ്രൊഡ്യൂസറെയോ കാണണമെന്നും അതോടൊപ്പം ചില അഡ്ജസ്റ്റ്മെന്റിനും വിട്ടുവീഴ്ചയ്ക്കും തയാറാകണമെന്നും അവർ ആവശ്യപ്പെടും’–കമ്മിഷന് മുന്നിൽ തെളിവു നൽകിയ മറ്റൊരു നടി പറഞ്ഞു. ഇത്തരത്തിൽ പുരുഷന്മാരുടെ ലൈംഗികാവശ്യങ്ങൾ വഴങ്ങിയതുകൊണ്ടു മാത്രമാണ് സ്ത്രീകൾ സിനിമയിൽ നിലനിൽക്കുന്നതെന്ന് കരുതുന്ന ഒട്ടേറെപ്പേർ ഈ മേഖലയിലുണ്ടെന്നും മൊഴി നൽകിയ വ്യക്തി പറഞ്ഞു.
അഡ്ജസ്റ്റുമെന്റുകൾക്ക് തയാറാകുന്ന ചിലർ സിനിമ മേഖലയിലുണ്ട്. മകൾ അത്തരം വിട്ടുവീഴ്ച ചെയ്യുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന ചില അമ്മമാരെയും തനിക്കറിയാമെന്ന് കമ്മിഷനു മുന്നിൽ മൊഴി നൽകിയ ഒരു നടി പറഞ്ഞു. അതൊരു ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്. തൊഴിലിനായി ലൈംഗികാവശ്യങ്ങൾക്ക് കീഴ്പ്പെടണമെന്ന ദുരവസ്ഥ സങ്കടകരമാണെന്ന് സിനിമയിലെ സ്ത്രീകൾ പറയുന്നു. സിനിമയിൽ അവസരം നൽകുന്നതിനു പകരം ലൈംഗികാവശ്യങ്ങൾ നിറവേറ്റണമെന്ന് ചിലർ ആവശ്യപ്പെടുന്നതിന്റെ വിഡിയോ, ഓഡിയോ ക്ലിപ്പുകൾ, വാട്സാപ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ എന്നിവ കമ്മിഷനു മുന്നിൽ ഹാജരാക്കി.
ഈ ആവശ്യങ്ങൾ അംഗീകരിക്കാത്തതുകൊണ്ടു മാത്രം ദീർഘനാളത്തെ സിനിമയെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നുവെന്നും പലരും മൊഴി നൽകി. ദുരുദ്ദേശ്യം മാത്രം മുന്നിൽക്കണ്ടു കൊണ്ട് ചില വ്യാജ പ്രൊഡ്യൂസർമാർ സിനിമ നിർമിക്കുന്നുവെന്ന് പരസ്യം നൽകുന്നുണ്ട്. ഇവരെ സമീപിക്കുന്ന സ്ത്രീകൾ മോശം അനുഭവം നേരിടുന്നുണ്ടെന്നും കമ്മിഷനു മുന്നിൽ ചില പുരുഷ സിനിമാ പ്രവർത്തകർ പറഞ്ഞു.
മലയാള സിനിമയില്‍ നിരോധനം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 'ബാന്‍ ഇന്‍ സിനിമ' എന്ന തലക്കെട്ടില്‍ സിനിമയിലെ ശക്തമായ ലോബികളെ കുറിച്ചും സിനിമയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഹേമ കമ്മിറ്റി വിലയിരുത്തുന്നു. ഇതിലൂടെ നിലവിലെ മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് ഹേമ കമ്മിറ്റി.
പുരുഷന്മാരായ ചില നിര്‍മാതാക്കളുടെയും സംവിധായകരുടെയും അഭിനേതാക്കളുടെയും നിയന്ത്രണത്തിലാണ് നിലവില്‍ മലയാള സിനിമ സഞ്ചരിക്കുന്നത്. ഇവര്‍ മലയാള സിനിമയെ മൊത്തത്തില്‍ നിയന്ത്രിക്കുകയും സിനിമയിലെ മറ്റ് പ്രവര്‍ത്തകരെ ഭരിക്കുകയും ചെയ്യുന്നതായാണ് ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്.
''തങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ പരാതിയെ കൈകാര്യം ചെയ്യാന്‍ ഐസിസിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. ഈ 'അധികാര'ത്തെ അനുസരിക്കാത്ത ഐസിസി അംഗങ്ങളുടെ ഭാവി നശിപ്പിക്കുകയും അവരെ സിനിമാ മേഖലയില്‍ നിന്നും തുടച്ചുനീക്കുകയും ചെയ്യുന്നു. സിനിമയിലെ ഈ പ്രവണതകള്‍ ഞെട്ടിക്കുന്നതാണ്,'റിപ്പോർട്ട് പറയുന്നു.
ഐസിസി പോലുള്ള പരാതി പരിഹാര കമ്മിറ്റികള്‍ സ്ത്രീകള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ തുറന്ന് പറയാനുള്ള നിയമപരമായ സംവിധാനമാണെങ്കിലും ആക്ഷന്‍ സിനിമകളിലെന്ന പോലെ ഇവിടെയും അധികാരം ചില കൈകളില്‍ ഒതുങ്ങുകയും സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുകയുമാണ് ചെയ്യുന്നത്. സിനിമയിലെ അധികാര ശ്രേണിക്കെതിരെ സംസാരിക്കുന്നവരുടെ അവസരങ്ങള്‍ ഇല്ലാതാകുന്നുവെന്ന് പല കോണുകളില്‍ നിന്നും പുറത്ത് വന്നതാണെങ്കിലും നിലവില്‍ ഹേമ കമ്മീഷനിലൂടെ അത് ആധികാരികമാകുകയാണ്.
സിനിമയില്‍ അവസരം നിഷേധിക്കുന്നതോടൊപ്പം ഒരു പ്രമുഖ നടന് നയിക്കുന്ന മാഫിയ സംഘവും 15 അംഗ പവര്‍ ഗ്രൂപ്പുകളും ഈ മേഖലയെ കയ്യടക്കി വെച്ചിരിക്കുകയാണെന്നും കമ്മിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ ഇഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്ക്കുമനുസരിച്ച് ആരെയും സിനിമയില്‍ നിന്നും പുറത്താക്കാമെന്ന നിയമവിരുദ്ധമായ സാഹചര്യവും നിലവിലുണ്ട്. പ്രമുഖരായ സംവിധായകരെയും നിര്‍മാതാക്കളെയും നടന്മാരെയും പുറത്താക്കാനുള്ള ശേഷിയും അവര്‍ക്കുണ്ട്.
''സിനിമയിൽ നിന്നും പുറത്താക്കപ്പെടുന്നതിനാല് പവര്‍ ഗ്രൂപ്പിലുള്ളവര്ക്കെതിരെ ഒരക്ഷരം മിണ്ടാന്‍ സിനിമയിലെ സ്ത്രീക്കോ പുരുഷനോ ധൈര്യമില്ല,' സിനിമയിലെ നിസ്സഹായാവസ്ഥയെ ഹേമ കമ്മിറ്റി തുറന്നു കാട്ടുന്നു. സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് ശുചിമുറിയില്ലാത്തതടക്കം സിനിമയില്‍ കാസ്റ്റിങ് കൗച്ചുകള്‍ നടക്കുന്നുണ്ടെന്നുള്ള വിവരങ്ങളും ഹേമ കമ്മിറ്റി പുറത്തുവിട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വരെ ചൂഷണത്തിനിരയാകുകയാണ്. ചൂഷണം ചെയ്യുന്നവരെ എതിര്‍ക്കുന്നവര്‍ക്ക് സൈബര്‍ ആക്രമണമുള്‍പ്പെടെയുള്ള ഭീഷണികള്‍, വഴങ്ങാത്തവരെ പ്രശ്നക്കാരായി മുദ്രകുത്തല്‍, വഴങ്ങാത്തവര്‍ക്ക് ശിക്ഷയായി രംഗങ്ങള്‍ ആവര്ത്തിച്ചെടുക്കല്, രാത്രികാലങ്ങളില്‍ വന്ന് മുറികളില്‍ മുട്ടിവിളിക്കല്, വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കല് തുടങ്ങി നിരവധിയായ പ്രശ്നങ്ങളാണ് സ്ത്രീകള്‍ സിനിമാ മേഖലയില്‍ നിന്നും അനുഭവിക്കുന്നത്.
അതേസമയം, ലൈംഗികാതിക്രമങ്ങൾ സിനിമാരംഗത്തു മാത്രമല്ല മറ്റെല്ലാ മേഖലയിലും ഉണ്ടെന്നും അതിനെ മാത്രമായി എടുത്തുകാട്ടേണ്ടതില്ലെന്നും സിനിമയിലെ ചില പുരുഷന്മാർ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. എന്നാൽ സിനിമാരംഗത്തും മറ്റ് മേഖലകളിലും ഉണ്ടാകുന്ന ലൈംഗികചൂഷണ സാഹചര്യങ്ങളിൽ വലിയ വ്യത്യാസമുണ്ടെന്നും സിനിമാരംഗത്തേക്കെത്തുന്നതിനു മുൻപേ തന്നെ സ്ത്രീകൾ ചൂഷണം നേരിട്ടു തുടങ്ങുന്നുണ്ടെന്നും റിപ്പോർട്ടിൽ ഹേമ കമ്മിഷൻ അഭിപ്രായപ്പെടുന്നു.
സിനിമയില്‍ പ്രതിഫലം നിശ്ചയിക്കേണ്ടത് സ്ത്രീയോ, പുരുഷനോ എന്ന് നോക്കിയിട്ടല്ല. പ്രതിഫലം നിശ്ചയിക്കുന്നത് അഭിനയം വിലയിരുത്തിവേണം. മികച്ച അഭിനയം കാഴ്ചവെയ്ക്കുന്നവര്‍ക്ക് മികച്ച പ്രതിഫലം നല്‍കണം. എന്നാല്‍ സിനിമാ മേഖലയില്‍ നടക്കുന്നത് അതല്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതില്‍ നടീ-നടന്മാരെ സ്വീധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതില്‍ ദീര്‍ഘനാളായുള്ള അഭിനയപാടവം പ്രധാന ഘടകമാണ്. അതിന് പുറമേ ആ കഥാപാത്രത്തിനായി അവര്‍ എടുക്കുന്ന പരിശ്രമവും എടുത്തു പറയണം. തല മൊട്ടയടിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. 'ടേക്ക് ഓഫ്' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രം ചെയ്ത നടിയേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് അതില്‍ കുറഞ്ഞ സമയം മാത്രം സ്ക്രീനിലെത്തിയ രണ്ട് നടന്മാര്ക്ക് നല്‍കിയത്. ഇത്തരത്തിലുള്ള അന്യായം സിനിമയില്‍ പതിവാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു.
പ്രതിഫലത്തിന്റെ കാര്യത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്നതും കടുത്ത വിവേചനമാണ്. മിനിമം വേതനം പോലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിക്കുന്നില്ല. അസിസ്റ്റന്റ്, അസോസിയേറ്റീവ് ഡയറക്ടര്‍മാരുടെ കാര്യവും വ്യത്യസ്തമല്ല. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഇവര്‍ക്ക്, അവരുടെ ജോലിക്ക് സമാനമായ വേതനം ലഭിക്കുന്നില്ല. ഈ മേഖലയില്‍ രണ്ട് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത് 30,000 മുതല്‍ ഒരു ലക്ഷം രൂപ വരെ മാത്രമാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
സാറ്റലൈറ്റ് മൂല്യം നിശ്ചയിക്കുന്നതിൽ ഒരു അധികാരസംഘം പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.സിനിമയിൽ പുരുഷതാരങ്ങൾക്ക് ഉയർന്ന പ്രതിഫലം നൽകുന്നതിന് കാരണമായി പറയുന്നത് സാറ്റലൈറ്റ് മൂല്യം ആണെന്നും ചാനൽ മേധാവികളിൽ നിന്ന് തന്നെ ഇത്തരത്തിൽ വിവേചനം ഉണ്ടാവാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നടിമാരേക്കാൾ ഉയർന്ന സാറ്റലൈറ്റ് മൂല്യം പുരുഷ നടന്മാർക്ക് നൽകുന്നതിന് അടിസ്ഥാനമാക്കുന്ന കാര്യങ്ങള്‍ സംശയാസ്പദമാണ്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സാറ്റലൈറ്റ് അവകാശ മൂല്യം അടിസ്ഥാനമാക്കിയാണ് നടന്മാരുടെ പ്രതിഫലം നിശ്ചയിക്കുന്നത്. സിനിമ പോലും കാണാതെ നായകന്മാരുടെ പേരുകൾ മാത്രം പറഞ്ഞ് ഹൈപ്പ് സൃഷ്ടിച്ച് സാറ്റലൈറ്റ് അവകാശം വാങ്ങാൻ ചാനലുടമകൾ മുന്നോട്ട് വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമ കാണാതെ തന്നെ സിനിമയുടെ സാറ്റലൈറ്റ് അവകാശം വാങ്ങാൻ ചാനൽ ഉടമയെ പ്രേരിപ്പിക്കാൻ നടനും നിർമ്മാതാവും സംവിധായകനും ഒറ്റക്കെട്ടായി പ്രവർത്തിക്കും.
ചാനലുടമകളും നിർമ്മാതാവ്-സംവിധായകൻ-നായകൻ എന്നിവരുടെ കൂട്ടുകെട്ടും തമ്മിൽ ധാരണയുണ്ട്. സാറ്റലൈറ്റ് അവകാശം വാങ്ങിയ സിനിമകളിലെ നായകന്മാർ അവാർഡ് ചടങ്ങ് പോലുള്ള ചാനലുകളുടെ പരിപാടികളിൽ പങ്കെടുക്കാൻ സമയം കണ്ടെത്തുന്നു. എന്നാൽ സിനിമാ പ്രൊമോഷൻ പരിപാടികളിലോ അവാർഡ് ചടങ്ങുകളിലോ സ്ത്രീകൾ എത്തിയാലും ചാനൽ ഉടമകൾ അവർക്ക് ഒരു പരിഗണനയും നൽകുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
നടിമാരുടെ പേരിൽ ചാനൽ ഉടമകളോട് സംസാരിക്കാൻ തയ്യാറുള്ളവരായിട്ടുള്ളവർ സിനിമയിലെ അധികാരഘടനയിൽ ആരും ഇല്ലെന്നും നായികമാരുടെ പേര് പറഞ്ഞ് ആരും സാറ്റലൈറ്റ് അവകാശം വാങ്ങുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഉയർന്ന തിയേറ്റർ കളക്ഷൻ ലഭിച്ച സിനിമയ്ക്ക് കൂടുതൽ സാറ്റലൈറ്റ് മൂല്യം ലഭിക്കണമെന്നതാണ് സാമാന്യരീതി. എന്നാൽ സ്വാധീനം ചെലുത്താൻ സാധിക്കാത്ത നിർമാതാക്കളാണെങ്കിൽ ഇത്തരം സിനിമകളുടെ സാറ്റലൈറ്റ് അവകാശം വാങ്ങാൻ ചാനൽ ഉടമകൾ മുന്നോട്ട് വരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
'സുഡാനി ഫ്രം നൈജീരിയ' പോലുള്ള സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിച്ചപ്പോഴും അധികാരകേന്ദ്രങ്ങളിൽ ഉൾപ്പെടാത്തതിനാൽ ദീർഘനാൾ കാത്തിരുന്നതിന് ശേഷമാണ് സാറ്റലൈറ്റ് ചാനലിന് നല്കാന് കഴിഞ്ഞതെന്നും അതുതന്നെ വളരെ കുറഞ്ഞ തുകയ്ക്കാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സിനിമയുടെ മെറിറ്റ് അല്ല സാറ്റലൈറ്റ് മൂല്യം ലഭിക്കുന്നതിന് അടിസ്ഥാനമാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമയിലെ അധികാരകേന്ദ്രങ്ങളോട് അടുത്ത് നിൽക്കാത്ത നിർമാതാക്കൾ നിർമിക്കുന്ന സിനിമകളുടെ സാറ്റലൈറ്റ് അവകാശം ചാനലുകൾ വാങ്ങിയാലും അത് തുച്ഛമായ വിലയ്ക്ക് ആയിരിക്കും. സിനിമ എത്ര മികച്ചതാണെങ്കിലും അധികാരകേന്ദ്രങ്ങൾ ചാനലുകളെ സ്വാധീനിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
രാത്രി ഹോട്ടൽ മുറിയിൽ വിശ്രമിക്കുന്നതിനിടെ ഒരാൾ തന്റെ മുറിയിൽ അതിക്രമിച്ച് കയറുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായും ഒരു സിനിമ പ്രവർത്തകയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
രാത്രി രണ്ട് മണിയോടെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റപ്പോഴാണ് അജ്ഞാതനായ ഒരാൾ കട്ടിലിൽ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അലറിക്കരഞ്ഞ് നായികയുടെ അസിസ്റ്റന്റ് താമസിക്കുന്ന മുറിയിലേക്ക് ഓടിയെത്തിയതാണ് രക്ഷയായതെന്നും യുവതി പറഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. സിനിമയിലെ മറ്റ് ഉയർന്ന പ്രവർത്തകരുമായി സംഭവം ചർച്ച ചെയ്തെങ്കിലും പുറത്തറിഞ്ഞാൽ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പ്രതികരണം. സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ഹോട്ടലിലെത്തിയതോടെ കാരവാൻ ഡ്രൈവറായിരുന്ന യുവാവിനെ കാണാതായതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന് രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായായിരുന്നു.
2019 ഡിസംബർ 31ന് സമർപ്പിച്ച റിപ്പോർട്ട് അഞ്ച് വര്‍ഷത്തിനുശേഷമാണ് പുറത്തുവരുന്നത്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നായിരുന്നു വിവരാവകാശ കമ്മിഷന്റെ നിർദേശമാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് വഴിതുറന്നത്. ആര്‍ടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങളൊഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതേസമയം, വിവരങ്ങള്‍ പുറത്തുവിടുമ്പോള്‍ റിപ്പോര്‍ട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കരുതെന്നും നിര്‍ദേശമുണ്ട്.
49-ാം പേജിലെ 96 -ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളും 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നും ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. 233 പേജ് ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് തേടി വിവരാവകാശ കമ്മിഷനെ സമീപിച്ച മാധ്യമപ്രവര്‍ത്തകര്‍ അടക്കം അഞ്ചു പേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചത്.

