സിപിഎം നേതാവ് പി ജയരാജന്റെ പൊളിറ്റിക്കല്‍ ഇസ്ലാം പരാമര്‍ശം ഏറ്റുപിടിച്ച് ചര്‍ച്ച സജീവമാക്കാന്‍ കത്തോലിക്ക സഭ മുഖപത്രം ദീപിക. പി ജയരാജന് കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം കാണാന്‍ ഇടയില്ല എന്ന തലക്കെട്ടോട്ടെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ദീപികയുടെ ആരോപണങ്ങള്‍. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനും സമാന നിലപാടാണെന്നുമാണ് മുഖപ്രസംഗം പറഞ്ഞുവയ്ക്കുന്നത്. പോപുലര്‍ ഫ്രണ്ട് നിരോധനം, ദീകരവാദവിരുദ്ധ നിലപാട് എന്നിങ്ങനെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളെ പുകഴാത്താനും ദീപിക മുഖപ്രസംഗം തയ്യാറാകുന്നുണ്ട്.
പി ജയരാജന്റെ കണ്ടെത്തലുകളില്‍ പുതുമയില്ല, എന്നാല്‍ ഇസ്ലാമിക തീവ്രവാദത്തിന് സപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ വളംവച്ചുകൊടുക്കുകയാണന്നും ലേഖനം കൂറ്റപ്പെടുത്തുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് ജയരാജന്റെ തുറന്നുപറച്ചില്‍ പ്രസക്തമാകുന്നത്. ജയരാജന്റെ ഒരു കണ്ടെത്തലും പുതിയതല്ല. പക്ഷേ, ഇസ്ലാമിക തീവ്രവാദത്തിനു സപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ വളംവച്ചുകൊടുക്കുകയാണന്ന നിരീക്ഷണം നിലനില്‍ക്കെ ഈ തുറന്നുപറച്ചിലിനു പ്രസക്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മുഖപ്രസംഗം പൂർണ്ണരൂപം:
രാഷ്ട്രീയ ഇസ്ലാമിനെ ജയരാജൻ കണ്ടു; പാർട്ടിയോ?
പി. ജയരാജൻ കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം കാണാനിടയില്ല; അതിനും തീവ്രവാദത്തിന്റെ കാര്യത്തിൽ കോൺഗ്രസ് ലൈനാണല്ലോ.
ഇസ്ലാമിക തീവ്രവാദം ആഗോളതലത്തിൽ വരുത്തിയ വിനാശങ്ങൾക്കനുസരിച്ചു നിലപാടുകൾ നവീകരിക്കാതിരുന്ന കോൺഗ്രസും ഇടതു പാർട്ടികളും ഇന്ത്യൻ രാഷ്ട്രീയത്തിൽ വലതുപക്ഷ ചിന്തകൾക്കും രാഷ്ട്രീയത്തിനും വർഗീയതയ്ക്കും ചെയ്തുകൊടുത്ത സഹായം ചെറുതല്ല.
കാഷ്മീർ മുതൽ കന്യാകുമാരി വരെ തീവ്രവാദം സാന്നിധ്യമറിയിച്ചെങ്കിലും മതേതര പാർട്ടികൾ കണ്ണടച്ച് ഇരുട്ടാക്കി. ഇസ്ലാമോഫോബിയ എന്ന വാക്ക് പൂർണമായും തള്ളിക്കളയാനാവില്ലെങ്കിലും അതിന്റെ ദുരുപയോഗംകൊണ്ടു വളർന്നുപന്തലിച്ചത് പൊളിറ്റിക്കൽ ഇസ്ലാം അഥവാ രാഷ്ട്രീയ ഇസ്ലാമാണ്. അതോടെ, ഇതര മതവർഗീയതകൾക്കും വളരാൻ സാഹചര്യമൊരുങ്ങി.
ഇത്തരമൊരു സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ കേരളത്തിലും പിടിമുറുക്കിയ രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചു പറഞ്ഞത്. ഈ നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുമെന്നോ ഒരു മതേതര സമൂഹത്തിനുമേൽ ഇഴഞ്ഞുകയറിയ രാഷ്ട്രീയ ഇസ്ലാമിനെ സിപിഎമ്മും മറ്റു രാഷ്ട്രീയ പാർട്ടികളും തള്ളിപ്പറയുമെന്നോ ഉറപ്പില്ല.
കാരണം, പി. ജയരാജൻ കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം കാണാനിടയില്ല; അതിനും തീവ്രവാദത്തിന്റെ കാര്യത്തിൽ കോൺഗ്രസ് ലൈനാണല്ലോ. കണ്ണൂരിലെ ഒരു പ്രാദേശിക ചാനലിനു നൽകിയ അഭിമുഖത്തിലാണ്, അടുത്ത മാസം പ്രസിദ്ധീകരിക്കാനിരിക്കുന്ന പുതിയ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് പി. ജയരാജൻ സൂചന നൽകിയത്: “കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് വ്യാപകമായി.
ഇവിടെയുള്ള മതനിരപേക്ഷ ചട്ടക്കൂടിനകത്ത് ജീവിക്കാൻ പറ്റില്ല, മതരാഷ്ട്രത്തിൽ മാത്രമേ തങ്ങൾക്കു ജീവിക്കാൻ പറ്റൂ എന്നുള്ള അപകടകരമായ സന്ദേശത്താൽ സ്വാധീനിക്കപ്പട്ടവരാണ് വഴിതെറ്റിയവർ. അതു ഗൗരവത്തിൽ കാണണം. മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും തമ്മിൽ വ്യത്യാസമുണ്ട്. ലോകാടിസ്ഥാനത്തിൽ പൊളിറ്റിക്കൽ ഇസ്ലാം വലിയ പ്രശ്നമായി വരികയാണ്.
കേരളത്തിലടക്കം ചില ചെറുപ്പക്കാർ വഴിതെറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നു സിറിയയിലും അഫ്ഗാനിസ്ഥാനിലുമൊക്കെ പോയി എന്നൊക്കെ നമ്മൾ കേട്ടു. അതിശയോക്തിപരമായി കാണേണ്ട. ഐഎസിനെതിരേ സുന്നി സംഘടനകൾ ഉൾപ്പെടെ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ, സലഫിസത്തിന്റെ ഭാഗമായി ഒരു ആശയതലം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമൊക്കെ സൃഷ്ടിക്കുന്ന അപകടകരമായ ആശയം. ഈ പുസ്തകം ചർച്ച ചെയ്യപ്പെടണം. എതിർപ്പുണ്ടാകും. അത് ആരോഗ്യകരമായ കാര്യമായിട്ടാണ് ഞാൻ കാണുന്നത്.”ജയരാജന്റെ ഒരു കണ്ടെത്തലും പുതിയതല്ല. പക്ഷേ, ഇസ്ലാമിക തീവ്രവാദത്തിനു സപിഎമ്മും കോൺഗ്രസും ഒരുപോലെ വളംവച്ചുകൊടുക്കുകയാണന്ന നിരീക്ഷണം നിലനിൽക്കെ ഈ തുറന്നുപറച്ചിലിനു പ്രസക്തിയുണ്ട്.
ഈ ഓണക്കാലത്ത് ദീപിക പുറത്തിറക്കിയ വാർഷികപ്പതിപ്പിൽ, ഇന്ത്യയിൽ വളർന്നുവരുന്ന രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചും അതിനെ പ്രതിരോധിക്കാനെന്നവിധം രൂപപ്പെടുന്ന മറ്റു വർഗീയതയെക്കുറിച്ചും അവയെല്ലാം ചേർന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ രൂപാന്തരപ്പെടുത്തുന്നതിനെക്കുറിച്ചും വിശദമാക്കുന്നുണ്ട്.
അത്തരമൊരു നിലപാടിനെ സ്ഥിരീകരിക്കുന്നതാണ് ജയരാജന്റെ തുറന്നുപറച്ചിൽ. മതവും രാഷ്ട്രീയവും രണ്ടല്ലാത്ത ഇസ്ലാമിക തീവ്രവാദത്തെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടവർ വലതുപക്ഷ രാഷ്ട്രീയത്തിനു ലാഭവും മതേതര രാഷ്ട്രീയത്തിനു നഷ്ടവുമുണ്ടാക്കി. കാഷ്മീർ ഇന്നും പരിഹരിക്കപ്പെടാത്ത വിഷയമാണ്.
പക്ഷേ, പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും കൊടുത്തല്ല ഭീകരപ്രസ്ഥാനങ്ങളെ നേരിടേണ്ടതെന്ന ബിജെപിയുടെ നിലപാടിനു സ്വീകാര്യത വർധിക്കുകയാണ്. പ്രത്യേകിച്ചും പതിറ്റാണ്ടുകൾ ഭരിച്ചിട്ടും തീവ്രവാദത്തെ തരിന്പും പ്രതിരോധിക്കാൻ കോൺഗ്രസിനു കഴിയാതിരുന്ന ചരിത്രമുള്ളപ്പോൾ.
കേരളത്തിലും തീവ്രവാദികൾ അഴിഞ്ഞാടിയതു പലതവണ കണ്ടു. പക്ഷേ, കേരളം മാറിമാറി ഭരിച്ചവർക്കു പോപ്പുലർ ഫ്രണ്ടിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ഇസ്ലാമിനെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ചാണ് അൽ ക്വയ്ദയും താലിബാനും ബൊക്കോ ഹറാമും ഹമാസും ഹിസ്ബുള്ളയും പോപ്പുലർ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയുമൊക്കെ പറയുന്നതെന്ന് ഇവർക്ക് എന്നാണു മനസിലാകുക?
പക്ഷപാതപരമായ രാഷ്ട്രീയ റിപ്പോർട്ടിംഗും വിശകലനങ്ങളും നിരീക്ഷണങ്ങളും കേരളത്തിലെ പൊതുബോധത്തെ സ്വാധീനിച്ചിട്ടുണ്ട്. അന്തർദേശീയ റിപ്പോർട്ടിംഗിൽനിന്ന് അവർ ഏറ്റവുമധികം മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവരെ ഒഴിവാക്കുകയും ഏറ്റവുമധികം പീഡനങ്ങൾ നടത്തുന്നവരെ ഇരകളായി അവതരിപ്പിക്കുകയും ചെയ്തു.
ഇറാക്കിലും നൈജീരിയയിലും ഈജിപ്തിലും സിറിയയിലും ബുർക്കിനാ ഫാസോയിലും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇസ്ലാമിക ഭീകരർ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുകയാണ്. ഇറാക്കിൽ തീവ്രവാദികൾ കൊന്നൊടുക്കിയതിൽ ബാക്കിയുള്ള മൂന്നു ലക്ഷത്തോളം ക്രൈസ്തവർ ഇസ്ലാമിക് സ്റ്റേറ്റ് പ്രബലമായ 2014നുശേഷം പലായനം ചെയ്തു.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് തലവനായ കമ്മീഷന്റെ 2019ലെ റിപ്പോർട്ട് പ്രകാരം, വംശഹത്യ എന്നു പറയാവുന്ന പീഡനങ്ങളാണ് മിഡിൽ ഈസ്റ്റിലെ ക്രൈസ്തവർ നേരിടുന്നത്. ദശലക്ഷക്കണക്കിനു ക്രിസ്ത്യാനികൾ അവരുടെ വീടുകളിൽനിന്നു പറിച്ചെറിയപ്പെട്ടു. മതപീഡനങ്ങളിൽ 80 ശതമാനവും ക്രൈസ്തവർക്കെതിരേയാണ് എന്നത് “അസുഖകരമായ സത്യ”മാണെന്ന് റിപ്പോർട്ട് പറയുന്നു. ഇപ്പോൾ സ്ഥിതി കൂടുതൽ ദയനീയമായിരിക്കുകയാണ്.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ പൊലിയുന്ന മനുഷ്യരെക്കുറിച്ചു പറയണമെന്നതിൽ സംശയമില്ല. പക്ഷേ, ലോകമെങ്ങും ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങൾ കൊന്നൊടുക്കുന്ന ക്രൈസ്തവരെക്കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ എഴുതുകയില്ല.
ഉറപ്പായും ഇരട്ടത്താപ്പുണ്ട്. പലസ്തീനിൽ വീടു നഷ്ടപ്പെട്ട മനുഷ്യരെക്കുറിച്ച് മാധ്യമങ്ങൾ പറയുന്നതുകൊണ്ട് നമുക്ക് അവരോടു സഹതാപമുണ്ട്. പക്ഷേ, അതേ ദിവസങ്ങളിൽ അവിടെനിന്നു ദൂരെയല്ലാതെ അസർബൈജാനിലെ നാഗർണോ കരാബാക്കിൽനിന്ന് 1.25 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ തല്ലിയോടിച്ചത് നമ്മൾ അറിയുന്നുപോലുമില്ല! പലസ്തീനിൽ വീടും കുടിയും നഷ്ടമായ മനുഷ്യരെക്കുറിച്ചു ലോകത്തെ കണ്ണീരോടെ ബോധിപ്പിച്ച തുർക്കി പ്രസിഡന്റ് എർദോഗനാണ് അസർബൈജാനെ ഈ ‘ബുൾഡോസർ രാജി’നു സഹായിച്ചത്.
അത് എർദോഗന്റെ മത-തീവ്രവാദ രാഷ്ട്രീയം. പക്ഷേ, ഇത്തരം തീവ്രവാദ പൂഴ്ത്തിവയ്പുകളിലൂടെ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ബുദ്ധിജീവികളും സൃഷ്ടിച്ച പൊതുബോധം തിരുത്തപ്പെടേണ്ടതുണ്ട്. ആഗോള സമാധാനത്തിന്റെ യഥാർഥ ഭീഷണി ഇസ്ലാമിക തീവ്രവാദമാണ്. അതിന്റെ മുഖംമൂടി മാറ്റാൻ പി. ജയരാജനെപ്പോലെ ആരെങ്കിലുമൊക്കെ വരുന്നത് പ്രതീക്ഷയുണർത്തുന്നു.
ജയരാജൻ പറഞ്ഞത് :
'മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും' എന്ന തന്റെ പുസ്തകത്തെ കുറിച്ചുള്ള പരാമര്‍ശത്തിലാണ് പി ജയരാജന് പൊളിറ്റിക്കല്‍ ഇസ്ലാം യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നുവെന്ന് പ്രതികരിച്ചത്.
താന്‍ ശേഖരിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത മാസം പുറത്തിറങ്ങുന്ന പുസ്തകത്തിലുണ്ടെന്നും ഒരു പ്രാദേശിക മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പി ജയരാജന് പറഞ്ഞിരുന്നു.
പൊളിറ്റിക്കല്‍ ഇസ്ലാം വലിയതോതിൽ യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നു. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടന്നു. കണ്ണൂരില്‍ നിന്നുള്‍പ്പെടെ ഇത്തരത്തില്‍ യുവാക്കള്‍ വഴിതെറ്റിയത് ഗുരുതരമായ പ്രശ്നമാണ്. ബാബറി മസ്ജിദ് തകര്‍ത്തത് ചിലരിലെങ്കിലും തീവ്ര നിലപാടുണ്ടാക്കി. ഐഎസ് റിക്രൂട്ട്മെന്റ് കേരളത്തില്‍ നിന്ന് നടന്നത് ഇതിന്റെ ഭാഗമായാണെന്നുമുള്‍പ്പെടെ ആയിരുന്നു പി ജയരാജന്റെ പ്രതികരണം.