ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.
ആദ്യഘട്ടങ്ങളിൽ മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്കു പകരുകയും പിന്നീട് ജനിതകവ്യതിയാനങ്ങൾ സംഭവിച്ച് മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പടർന്നുപിടിക്കുന്ന രീതിയിലേക്കു വ്യാപനം മാറുകയും ചെയ്ത ജന്തുജന്യരോഗമാണ് എംപോക്സ്. ഇരട്ട വരികളുള്ള ഡിഎൻഎ വൈറസായ മങ്കിപോക്സ് വൈറസാണ് എംപോക്സ് രോഗത്തിന് കാരണമാകുന്നത്. ഭൂമുഖത്തുനിന്നു തുടച്ചുനീക്കിയ വസൂരി (സ്മാൾ പോക്സ്) രോഗകാരിയായ വേരിയോള വൈറസ് അടങ്ങുന്ന പോക്സ് വൈറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന വൈറസാണിത്.
ക്ലേഡ് 1, ക്ലേഡ് 2 എന്നീ രണ്ടു പ്രധാന ജനിതക വകഭേദങ്ങളും തീവ്രതയുടെ അടിസ്ഥാനത്തിൽ അതിൽ ഏതാനും ഉപവകഭേദങ്ങളും എംപോക്സ് വൈറസിന്റേതായി ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എംപോക്സിന്റെ അതിവേഗം പടരുന്നതും തീവ്രതയും മരണനിരക്കും ഉയർന്നതുമായ ക്ലേഡ് 1, കോംഗോ ബേസിൻ വകഭേദമാണ് ഇപ്പോൾ ആശങ്കയുയർത്തി വ്യാപകമായി പടരുന്നത്. രോഗലക്ഷണങ്ങൾക്ക് വസൂരിയോളം തീവ്രതയില്ലെങ്കിലും ഒരേ വിഭാഗത്തിൽപ്പെട്ട വൈറസുകൾ ആയതിനാൽ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് രോഗലക്ഷണങ്ങൾക്ക് അടുത്ത സാമ്യമുണ്ട്. ചർമത്തിൽ പ്രതൃക്ഷപ്പെടുന്ന 2-4 ആഴ്ചവരെ നീണ്ടുനിൽക്കുന്ന പഴുപ്പ് നിറഞ്ഞ വേദനയുള്ള തിണർപ്പുകളും കുമിളകളുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.
രോഗ പകര്‍ച്ച :
കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.
ലക്ഷണങ്ങള്‍ :
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
പ്രതിരോധം:
അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം.