പൊതുവിജ്ഞാനത്തിൽ താല്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു വിവരമിതാ. നാല് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു ജില്ല നമ്മുടെ രാജ്യത്തുണ്ട്. ഈ ജില്ല ഏതാണെന്ന് അറിയാമോ? സോൻഭദ്ര എന്നാണ് ഈ ജില്ലയുടെ പേര്. ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല മധ്യപ്രദേശ്, ഛത്തീസ്ഗഡ് ജാർഖണ്ഡ്, ബീഹാർ എന്നീ സംസ്ഥാനങ്ങളുമായാണ് അതിർത്തി പങ്കിടുന്നത്. ലഖിംപൂർ ഖേരി കഴിഞ്ഞാൽ ഉത്തർപ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് സോൻഭദ്ര (സോനേഭദ്ര,സോനാഞ്ചൽ എന്നീ പേരുകളിലും അറിയപ്പെടുന്നു). റോബർട്ട്സ്ഗഞ്ച് പട്ടണമാണ് ജില്ലാ ആസ്ഥാനം. ഒന്നിലധികം വൈദ്യുത നിലയങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനാൽ സോൻഭദ്ര "ഇന്ത്യയുടെ ഊർജ്ജ തലസ്ഥാനം" എന്നും അറിയപ്പെടുന്നു.വിന്ധ്യയ്ക്കും കൈമൂർ കുന്നുകൾക്കും ഇടയിലാണ് സോൻഭദ്ര സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സോൻഭദ്രയെ "ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്" എന്നാണ് വിശേഷിപ്പിച്ചത്.