ഏതാനും വിഭാഗങ്ങളിലെ യു.പി.ഐ ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തി നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് (NPCI). തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തില്‍ വന്നു. ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ നടപടി.സ്റ്റാൻഡേർഡ് യു.പി.ഐ ഇടപാടുകൾക്ക് ഒരു ലക്ഷം രൂപയായിരുന്നു ഇതുവരെയുള്ള പരിധി.
അതേസമയം, ക്യാപിറ്റൽ മാർക്കറ്റ്, ഇൻഷുറൻസ് തുടങ്ങിയ ഇടപാടുകൾക്ക് രണ്ടുലക്ഷവും. എന്നാൽ, ഓഗസ്റ്റ് 24-ലെ നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് സർക്കുലർ പ്രകാരം, നികുതി ഇടപാടുകൾ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ഐ.പി.ഒ തുടങ്ങിയ ഇടപാടുകൾക്ക് പരിധി അഞ്ച് ലക്ഷമായിരിക്കും.
ഈ രീതിയിലുള്ള ഇടപാടുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയാണ് പരിധി ഉയർത്താനുള്ള എൻ.പി.സി.ഐ.യുടെ തീരുമാനത്തിനുപിന്നിൽ. ബാങ്കുകൾ, പേയ്മെന്റ് സേവന ദാതാക്കൾ, യു.പി.ഐ. ആപ്പുകൾ എന്നിവയോട് പുതിയ ഇടപാട് പരിധികൾ ഉൾക്കൊള്ളാകുന്ന രീതിയിലേക്ക് അപ്ഡേഷനുകൾ മെച്ചപ്പെടുത്തണമെന്ന് കോര്പ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.