![]() |
| Courtesy |
അടിയുറച്ച ആദർശങ്ങൾക്കൊപ്പം വിട്ടുവീഴ്ചകളില്ലാതെ നിലകൊണ്ട വിപ്ലവ സൂര്യൻ വിടവാങ്ങി. സജീവവും സവിശേഷവുമായ ഇടപെടലുകളിലൂടെ ഏറെക്കാലമായി ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ നിർണായക സാന്നിധ്യമായിരുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. സൗമ്യതയും വിനയവും മുഖമുദ്രയാക്കി രാഷ്ട്രീയ വൃത്തങ്ങളിൽ മാതൃകയായ യെച്ചൂരിയെന്ന അതികായന്റെ ആകസ്മിക വിയോഗത്തോടെ സക്രിയമായ ഒരു അധ്യായത്തിനാണ് അവസാനമാകുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിരിക്കേയാണ് ഉച്ചകഴിഞ്ഞ്3.5ന് ആയിരുന്നു അന്ത്യം.32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു.
![]() |
| Courtesy |
യെച്ചൂരിയുടെ ഭൗതികശരീരം മെഡിക്കൽ, ഗവേഷണ പഠനത്തിനായി വിട്ടുനൽകും. ഭൗതികശരീരം ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) മോർച്ചറിയിൽ സൂക്ഷിക്കും. വെള്ളിയാഴ്ച വൈകുന്നേരം 6നൂ വസന്ത് കുഞ്ചിലെ വസതിയിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. ശനിയാഴ്ച സി.പി.എം ആസ്ഥാനമായ ഡൽഹി എ.കെ.ജി ഭവനിൽ രാവിലെ 9 മണി മുതൽ ഉച്ചവരെ പൊതുദർശനം. വൈകിട്ട് മൂന്നു മണിക്ക് പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകൾക്ക് ശേഷം ഭൗതികശരീരം മെഡിക്കൽ, ഗവേഷണ പഠനത്തിനായി എയിംസിന് വിട്ടുകൊടുക്കും.സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി പദത്തിലിരിക്കെ മരിക്കുന്ന ആദ്യത്തെ ആളാണ് സീതാറാം യെച്ചൂരി.
ആന്ധ്രാപ്രദേശിലെ കാക്കിനഡ സ്വദേശികളായ വൈദേഹി ബ്രാഹ്മണരായ സർവേശ്വര സോമയാജലു യച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യച്ചൂരിയായത് സുന്ദര രാമ റെഡ്ഡിയിൽനിന്നു പി. സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കുശേഷം ആന്ധ്രയിൽനിന്നു സിപിഎം ജനറൽ സെക്രട്ടറിയായ നേതാവാണ് യച്ചൂരി.
അച്ഛന്റെ അച്ഛൻ യച്ചൂരി സീതാരാമ റാവു ആന്ധ്രയിലെ കിഴക്കൻ ഗോദാവരിയിൽ തഹസിൽദാരായിരുന്നു. അമ്മയുടെ അച്ഛൻ കന്ധ ഭീമ ശങ്കരറാം ചെന്നൈയിൽ നിയമം പഠിച്ച്, മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി, പിന്നീട് ആന്ധ്ര ഹൈക്കോടതിയിൽ ജഡ്ജിയും. ഗുണ്ടൂരിൽ പ്രവർത്തിച്ച ഹൈക്കോടതി പിന്നീടു ഹൈദരാബാദിലേക്കു മാറി. അങ്ങനെ ഹൈദരാബാദിലെ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആന്ധ്ര റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ എൻജിനീയറായിരുന്ന അച്ഛന്റെ സ്ഥലംമാറ്റങ്ങൾക്കൊപ്പം യച്ചൂരിയുടെ സ്കൂളുകളും മാറി; വിജയവാഡയിൽ റെയിൽവേ സ്കൂളിലും വീണ്ടും ഹൈദരാബാദിലെ ഓൾ സെയിന്റ്സ് സ്കൂളിലും.
അടുപ്പക്കാർ ബാബു എന്ന ഓമനപ്പേരാണു വിളിച്ചിരുന്നത്. യച്ചൂരി സീതാരാമ റാവു എന്ന ബാബു, പേരിൽനിന്നു ജാതിവാൽ മുറിച്ചുമാറ്റിയാണു സീതാറാം യച്ചൂരിയെന്ന ജനകീയ സഖാവായത്. മകൻ എൻജിനീയറാവണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഡോക്ടറാവണമെന്ന് അമ്മയും, അമ്മയുടെ സഹോദരനെപ്പോലെ ഐഎഎസുകാരൻ ആവണമെന്നു മുത്തച്ഛനും പറഞ്ഞു. എന്നാൽ, കുടുംബത്തിന്റെ ഭൂരിപക്ഷത്തെ തോൽപ്പിച്ച് തന്റെ ഇഷ്ടപക്ഷമായി ഇക്കണോമിക്സ് പഠിക്കാനായിരുന്നു യച്ചൂരിയുടെ തീരുമാനം. ആ പഠനകാലമാണു കമ്യൂണിസത്തിലേക്കു വഴിതുറന്നതും.
കറതീർന്ന കമ്യൂണിസ്റ്റുകാരനാണെങ്കിലും ഏതു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചു യച്ചൂരി നന്നായി സംസാരിക്കും. അച്ഛനാണു മതവഴികളിലൂടെ ആദ്യം കൊണ്ടുപോയത്. ഇന്ത്യയിലെ എല്ലാ പ്രധാന ആരാധനാലയങ്ങളും ചെറുപ്പത്തിലേ സന്ദർശിച്ചു. പതിനൊന്നാം വയസ്സിൽ ഉപനയനം. അഷ്ടാവധാനലു എന്ന ആ ശിക്ഷണ രീതിയുടെ ഭാഗമായി 8 വേദപണ്ഡിതമാർ നിരന്നിരുന്ന് ഒരു മണിക്കൂർ ചോദ്യങ്ങൾ ചോദിക്കും. ഈ സമയത്തിനിടെ എത്ര തവണ മണി മുഴങ്ങി എന്ന ചോദ്യത്തിനുംകൂടി കൃത്യമായ മറുപടി പറയുമ്പോഴാണു വിജയിക്കുക. ഒരേ സമയം പല വിഷയങ്ങളിൽ ശ്രദ്ധിക്കാനും മനസ്സിന്റെ ജാഗ്രത കൈവിടാതെ സൂക്ഷിക്കാനും ഈ പരിശീലനം ജീവിതകാലം മുഴുവൻ യച്ചൂരിക്കു കൂട്ടായി.
യച്ചൂരി ഹൈദരാബാദിലെ നൈസാം കോളജിൽ ഒന്നാം വർഷ പിയുസിക്കു പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്. 1967–68 ൽ. ഒരു വർഷത്തെ പഠനം പ്രക്ഷോഭത്തിൽ മുങ്ങി. പിന്നാലെ അച്ഛനു ഡൽഹിയിലേക്കു സ്ഥലംമാറ്റം. അവിടെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളിൽ ഒരു വർഷത്തെ ഹയർ സെക്കൻഡറി കോഴ്സിൽ ശാസ്ത്ര വിഷയങ്ങൾ പഠിച്ചു, ഒപ്പം കണക്കും.
![]() |
| Courtesy |
സെന്റ് സ്റ്റീഫൻസിൽനിന്ന് ബിഎ ഇക്കണോമിക്സിൽ ഒന്നാം ക്ലാസുമായി ജെഎൻയുവിൽ ഇക്കണോമിക്സ് എംഎയ്ക്ക് ചേർന്നു. മൂന്നു തവണ ജെഎൻയു യൂണിയന്റെ അധ്യക്ഷനായിരുന്നു. അടിയന്തരാവസ്ഥയിൽ ജെഎൻയു തിളച്ചുമറിയുന്ന കാലത്താണു മേനക ആനന്ദിനെ (പിന്നീടു മേനക ഗാന്ധി) ജെഎൻയുവിലെ സ്കൂൾ ഓഫ് ലാംഗ്വേജസിൽ കയറുന്നതു തടഞ്ഞെന്ന പേരിൽ യച്ചൂരിയുൾപ്പെടെ പലരെയും പൊലീസ് പിടികൂടുന്നത്.
1984 ൽ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായ യച്ചൂരി അതേ വർഷം സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പ്രകാശ് കാരാട്ടിനൊപ്പം സ്ഥിരം ക്ഷണിതാവുമായി. പിറ്റേ വർഷം കാരാട്ടിനും എസ്. രാമചന്ദ്രൻ പിള്ളയ്ക്കുമൊപ്പം കേന്ദ്ര കമ്മിറ്റിയംഗം. 1992ലാണ് മൂവരും പൊളിറ്റ് ബ്യൂറോയിലെത്തുന്നത്.സിപിഐഎം പൊളിറ്റ് ബ്യൂറോയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ അംഗം എന്ന നേട്ടം യെച്ചൂരിക്ക് സ്വന്തം, അപ്പോൾ പ്രായം 40.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ എന്‍ യു) വിദ്യാര്‍ഥിനേതാവെന്ന നിലയില്‍ തിളങ്ങിയ യെച്ചൂരി എസ് ഐ ഐയിലൂടെയാണു പൊതുപ്രവര്‍ത്തനത്തിലേക്കു കടന്നുവന്നത്. അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുന്‍പ് 1974ലാണു ജെഎന്‍യുവില്‍ യെച്ചൂരി എസ്എഫ്ഐയുടെ ഭാഗമാകുന്നത്. 1975ല്‍ അെടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. 1977-78 കാലയളവില്‍ മൂന്നു തവണ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായിരുന്നു.1978ല്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തെത്തിയ യെച്ചൂരി പിന്നീട് അഖിലേന്ത്യ പ്രസിഡന്റുമായി. 1986ല്‍ എസ്എഫ്ഐയില്‍നിന്നു പടിയിറങ്ങി. 1975ലാണു സിപിഎം അംഗത്വത്തിലെത്തുന്നത്. 1984ല്‍ കേന്ദ്രകമ്മറ്റിയില്‍ ക്ഷണിതാവായി. 1985ല്‍ നടന്ന 12-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റി അംഗത്വം. 1988 ല്‍ നടന്ന 13-ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടറിയേറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
1992ല്‍ പോളിറ്റ് ബ്യുറോയിലെത്തിയ അദ്ദേഹം 2015ല്‍ ജനറല്‍ സെക്രട്ടറി പദത്തിലെത്തുന്നത്. ഒന്‍പതു വര്‍ഷമായി ആ സ്ഥാനത്ത് തുടരുകയായിരുന്നു.
പാകിസ്താനില്‍നിന്ന് താരിഖ് അലി ജെ.എന്‍.യു.വിലെത്തിയത് യെച്ചൂരിയുടെ കാലത്താണ്. അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും അവഗാഹമുള്ള യെച്ചൂരിയെ തിരിച്ചറിഞ്ഞ ഇ.എം.എസ്., സോവിയറ്റ് യൂണിയനിലേക്കുള്ള പ്രതിനിധിസംഘത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. സുര്‍ജിത് സെക്രട്ടറിയായിരിക്കെ വിദേശ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്താനും യെച്ചൂരിക്ക് അവസരമുണ്ടായി. ബംഗാള്‍ മുന്‍മുഖ്യമന്ത്രി ജ്യോതിബസു ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ യെച്ചൂരിയായിരുന്നു കൂട്ടാളി.
ഇടതുപക്ഷത്തെ ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകമാക്കിയ മൂന്നാംമുന്നണി സര്‍ക്കാരുകളുടെ നെയ്ത്തുകാരന് ഹര്‍കിഷന്‍ സുര്‍ജിത്തിനൊപ്പമുള്ള പ്രവര്‍ത്തനപരിചയമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും ബദലായി വി.പി.സിങ്, ദേവഗൗഡ, ഗുജ്റാള്‍ സര്‍ക്കാരുകള്‍ യാഥാര്‍ഥ്യമാക്കിയത് സുര്‍ജിത്തിന്റെ പ്രായോഗികബുദ്ധിയായിരുന്നു. വലംകൈയായി യെച്ചൂരിയുണ്ടായിരുന്നു.
ഏറ്റവുമൊടുവില്‍ 2004-ല്‍ ബി.ജെ.പി.യെ ഭരണത്തില്നിന്നകറ്റാനായി ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ ശില്പിയായി സുര്‍ജിത് മാറിയപ്പോള്‍ യെച്ചൂരിയായിരുന്നു അദ്ദേഹത്തിന്റെ നിഴല്‍. സുര്‍ജിത്തിന്റെ മരണശേഷം യു.പി.എ.ഇടത് ബന്ധത്തിലെ സുപ്രധാനകണ്ണിയായി യെച്ചൂരി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഏറ്റവുമടുപ്പമുള്ള കമ്യൂണിസ്റ്റ് നേതാവാണദ്ദേഹം. ഇറ്റാലിയന്‍ പൗരത്വത്തിന്റെ പേരില്‍ മാറിനിന്ന സോണിയയെ പ്രധാനമന്ത്രിയാവാന്‍ യെച്ചൂരി ഉപദേശിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.
![]() |
| Courtesy |
അന്താരാഷ്ട്രവിഷയങ്ങളിൽ സി.പി.എമ്മിലെ സൈദ്ധാന്തികനായിരുന്നു യെച്ചൂരി. പാർട്ടി മുഖപ്പത്രമായ പീപ്പിൾ ഡെമോക്രസിയുടെ എഡിറ്ററുമാണ്. വാഗ്മിയും നയതന്ത്രജ്ഞനുമായ അദ്ദേഹം, നേപ്പാളിൽ മാവോവാദികളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനായി മധ്യസ്ഥൻ എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ പ്രശംസാർഹമായിരുന്നു. നേപ്പാളിലെ പ്രമുഖ മാവോവാദി നേതാക്കളായ പ്രചണ്ഡ, ബാബുറാം ഭട്ടറായി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു യെച്ചൂരിക്ക്.
ആഗോളവൽക്കരണ, ഉദാരവൽക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്ന നിരവധി രചനകൾ സീതാറാം യെച്ചൂരി നടത്തിയിട്ടുണ്ട്. ‘ആഗോളവൽക്കരണ കാലത്തെ സോഷ്യലിസം’ എന്ന പുസ്തകം ഇതിൽ ഉൾപ്പെടുന്നു. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. പത്രപ്രവർത്തകയായ സീമ ക്രിസ്റ്റിയാണ് യെച്ചൂരിയുടെ ഭാര്യ. പ്രമുഖ വനിതാവകാശ പ്രവർത്തക വീണ മജുംദാറിന്റെ പുത്രിയായിരുന്നു ഇന്ദിരാണി ആദ്യ ഭാര്യ. ആ വിവാഹത്തിൽ യെച്ചൂരിക്ക് ഒരു മകനും മകളും ഉണ്ട്. യെച്ചൂരി-സീമ ദമ്പതികൾക്ക് ഒരു മകനുണ്ട്.മക്കൾ: പരേതനായ ആശിഷ് യച്ചൂരി, അഖില യച്ചൂരി.
കേരളത്തിന് 'കാസ്ട്രോ'യെ തന്ന മനുഷ്യൻ
സീതാറാം യെച്ചൂരി ജനിക്കുമ്പോൾ വി.എസ്. അച്യുതാന്ദൻ പുന്നപ്ര വയലാർ കേസിൽ ജയിൽവാസം കഴിഞ്ഞു കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നു. യെച്ചൂരി ഒന്നാം ക്ലാസിൽ ചേരുന്ന സമയത്ത് ഒന്നാം കേരള സർക്കാരിനെ ഉപദേശിക്കുന്ന സമിതിയിലെ അംഗമാണ് വി.എസ്. പക്ഷേ, വി.എസ്. പിന്നീടുള്ള ജീവിതത്തിൽ ആർക്കെങ്കിലും ചെവി കൊടുത്തിട്ടുണ്ടെങ്കിലും ആരുടെയെങ്കിലും ഉപദേശം കേട്ടിട്ടുണ്ടെങ്കിലും അതു സീതാറാം യെച്ചൂരിയുടേതാണ്.
അസാധാരണമായിരുന്നു ആ രാഷ്ട്രീയ ബന്ധം. 32 പേർക്കൊപ്പം സിപിഐ ജനറൽ കൗൺസിലിൽ നിന്ന് വി.എസ്. അച്യുതാനന്ദൻ ഇറങ്ങിപ്പോരുമ്പോൾ പന്ത്രണ്ടു വയസ്സ് മാത്രമാണ് സീതാറാം യച്ചൂരിക്ക് പ്രായം. പത്തുവർഷം കഴിഞ്ഞ് 1974ൽ മാത്രമാണ് യെച്ചൂരി എസ്എഫ്ഐ അംഗമാകുന്നത്. 1975ലാണ് യെച്ചൂരിക്ക് സിപിഎം അംഗത്വം കിട്ടുന്നത്. പാറപ്പുറം യോഗത്തിനു പിന്നാലെ 1941ൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കൂട്ടായ്മ കോഴിക്കോട് നടക്കുമ്പോൾ അതിൽ പങ്കെടുത്തയാളാണ് വിഎസ്. അതേ വി.എസ്. യെച്ചൂരി എന്ന ചെറുപ്പക്കാരനോട് അതിവേഗം ശിഷ്യപ്പെട്ടു.
ഇഎംഎസ് നമ്പൂതിരിപ്പാട് ജനറൽ സെക്രട്ടറിയും വി.എസ്. അച്യുതാനന്ദന് സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാലത്ത് 1986 ആയപ്പോഴേക്കും കേന്ദ്ര കമ്മിറ്റിയിൽ എത്തിയ ആളാണ് സീതാറാം യെച്ചൂരി. അതേ സമ്മേളനത്തിലാണ് വി.എസും ആദ്യമായി പോളിറ്റ് ബ്യൂറോയിൽ എത്തിയത്. യെച്ചൂരിക്കൊപ്പം അതേ കമ്മിറ്റിയിൽ എത്തിയ പ്രകാശ് കാരാട്ടിനേയും എസ്.രാമചന്ദ്രൻ പിള്ളയേയും ആയിരുന്നില്ല വിഎസ് കൂടുതലായി ആശ്രയിച്ചത്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ഡൽഹിയിൽ എത്തിയപ്പോഴൊക്കെ വഴികാട്ടിയത് യെച്ചൂരി ആയിരുന്നു. 1992 മുതൽ ഇരുവരും പോളിറ്റ് ബ്യൂറോകളിൽ ഒന്നിച്ചു പങ്കെടുത്തു.
വി..എസ്സോ പിണറായിയോ? 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വലവിജയം നേടിയ സി.പി.എമ്മിനെ ആശയക്കുഴപ്പത്തിലാക്കിയ ചോദ്യം. പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് ശമനമുണ്ടായ കാലത്ത് വീണ്ടും ഇരുവിഭാഗങ്ങള്‍ തമ്മില്‍ കൊമ്പുകോര്ക്കുമോയെന്ന് രാഷ്ട്രീയനിരീക്ഷകരടക്കം ഉറ്റുനോക്കിയ സന്ദര്‍ഭം. പക്ഷേ, ഒരുദിവസംകൊണ്ട് ആ വലിയ ചോദ്യത്തിന് ഉത്തരം കണ്ടെത്തി അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
എല്‍.ഡി.എഫ്. അധികാരത്തില്‍വന്നാല്‍ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന് നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേദികളില്ലെല്ലാം അന്ന് രാഷ്ട്രീയ എതിരാളികള്‍ നിരന്തരം ചോദ്യമുന്നയിച്ചിരുന്നു. പ്രചാരണസമയത്ത് ഈ ചോദ്യത്തിന് ഉത്തരം പറയാതെ സി.പി.എം. തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി.
തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 91 സീറ്റില്‍ വിജയിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ അതേ ചോദ്യം വീണ്ടുമുയര്‍ന്നു. വി.എസ്സും പിണറായിയും തമ്മില്‍ വീണ്ടും പോര്‍മുഖം തുറന്നേക്കുമെന്നും നിരീക്ഷണങ്ങളുണ്ടായി. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ സീതാറാം യെച്ചൂരി ആ കുരുക്കഴിച്ചു. പാര്‍ട്ടിയില്‍ വി.എസ്സിനൊപ്പം നിലനിന്നിരുന്ന യെച്ചൂരി അദ്ദേഹത്തെ അനുനയിപ്പിച്ച് സാഹചര്യങ്ങള്‍ വിശദീകരിച്ചു. ഒടുവില്‍ തര്‍ക്കങ്ങള്‍ക്കോ തമ്മിലടിക്കോ ഇടനല്‍കാതെ യെച്ചൂരി പിണറായി വിജയനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനായിരുന്നു 2016-ലെ തിരഞ്ഞെടുപ്പിലും സി.പി.എം പ്രചാരണത്തിന്റെ കുന്തമുന. തിരഞ്ഞെടുപ്പ് യോഗങ്ങളിലും സമ്മേളനങ്ങളിലും വി.എസിനെ മുന്‍നിര്‍ത്തി സി.പി.എം. പ്രചാരണം നയിച്ചു. പാര്‍ട്ടിയും മുന്നണിയും ഗംഭീരവിജയം നേടിയാല്‍ ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നത് അന്ന് ഏവരും ഉറ്റുനോക്കിയിരുന്നു. മുഖ്യമന്ത്രി പദവിയില്‍ വി.എസ് പക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നാല്‍ അത് വീണ്ടും രൂക്ഷമായ വിഭാഗീയതയിലേക്ക് വഴിവെച്ചേക്കുമെന്നും പാര്‍ട്ടിയില്‍ ആശങ്കയുണ്ടായി. എന്നാല്‍, യെച്ചൂരി എന്ന കമ്മ്യൂണിസ്റ്റ് നേതാവ് കേരളത്തിലെ പാര്‍ട്ടിക്കുള്ളിലെ ആശങ്കയ്ക്ക് വിരാമമിട്ടു. വി.എസ്സിനെ അനുനയിപ്പിച്ച്, പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം അദ്ദേഹം തന്നെ വി.എസ്സിനെ നേരിട്ടറിയിച്ചു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ നേതൃത്വത്തിന്റെ നിലപാട് യെച്ചൂരി വി.എസ്സിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ബംഗാളില്‍ പാര്‍ട്ടി തിരിച്ചടി നേരിടുന്നതിനാല്‍ കേരളത്തില്‍ പ്രശ്നങ്ങളില്ലാതെ ഭരണം കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും മിന്നുന്ന ജയത്തിന് പിന്നാലെ വിവാദങ്ങളുണ്ടായാല്‍ അത് തീര്‍ക്കുന്ന അഭംഗിയെക്കുറിച്ചും യെച്ചൂരി വി.എസ്സിനോട് സൂചിപ്പിച്ചു. തൊട്ടടുത്തദിവസം വീണ്ടും അദ്ദേഹം ഇതേകാര്യങ്ങള്‍ ആവര്‍ത്തിക്കുകയും അനുരഞ്ജനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയുംചെയ്തു. പാര്‍ട്ടിയില്‍ അവഗണിക്കപ്പെടില്ലെന്ന ഉറപ്പും നല്കി. ഇതിനുശേഷമാണ് സംസ്ഥാന കമ്മിറ്റിക്ക് ശേഷം വി.എസ്സിനെ കൂടി പങ്കെടുപ്പിച്ചുള്ള പത്രസമ്മേളനത്തില്‍ യെച്ചൂരി പിണറായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ക്യൂബയിലെ ഫിദല്‍ കാസ്ട്രോ പ്രവര്‍ത്തിക്കുന്നതുപോലെ വിപ്ലവപ്രസ്ഥാനത്തിന്റെ വഴികാട്ടിയായി വി.എസ്. തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നായിരുന്നു യെച്ചൂരി അന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞത്. 'കേരളത്തിന്റെ ഫിദല്‍ കാസ്ട്രോയാണ് വി.എസ്. പാര്‍ട്ടിക്ക് ഉപദേശങ്ങള്‍ നല്‍കിയും പ്രചോദിപ്പിച്ചും അദ്ദേഹം രംഗത്തുണ്ടാകും. ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ പടക്കുതിരയാണ് വി.എസ്. തിരഞ്ഞെടുപ്പിനെ അദ്ദേഹം മുന്നില്‍നിന്ന് നയിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു', ഇതായിരുന്നു യെച്ചൂരിയുടെ വാക്കുകള്‍. ഇതിനുപിന്നാലെ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടില്ലെന്ന വാക്കുപാലിക്കാന്‍ വി.എസ്സിനെ പിന്നീട് ഭരണപരിഷ്കരണ കമ്മീഷന് ചെയര്‍മാനായി നിയമിച്ചിരുന്നു.
രാഷ്ട്രീയപോരാട്ടങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം വിഎസിന്റെ ഡല്‍ഹിയിലെ പിടിയായിരുന്നു യച്ചൂരി. ഒരു കാലത്ത് സിപിഎം അടക്കിവാണിരുന്ന ബംഗാള്‍ ഘടകത്തിന്റെ പിന്തുണയായിരുന്നു യച്ചൂരിയിലൂടെ വിഎസിന്റെ കരുത്തായി മാറിയിരുന്നത്. ഡല്‍ഹിയില്‍ സീതാറാം യച്ചൂരി വിഎസ് പക്ഷത്തായിരുന്നു, കേരളത്തില്‍ വിഎസ് യച്ചൂരി പക്ഷത്തും. പാര്‍ട്ടിയില്‍ വിഭാഗീയത കൊടികുത്തിനിന്ന കാലത്ത് പാളയത്തിലെ എതിരാളികള്‍ക്കെതിരെ അതിശക്തമായ നിലപാടുകള്‍ എടുക്കുമ്പോള്‍ അങ്ങ് ഡല്‍ഹിയില്‍ യച്ചൂരിയുടെ പിന്തുണയുണ്ടാകുമെന്ന മുന്‍വിധി നിറഞ്ഞ ആത്മവിശ്വാസം വിഎസിനുണ്ടായിരുന്നു.
ഒടുവില്‍ 2016ല്‍ വിഎസ്സിന് അത്രമേല്‍ കടുപ്പമല്ലാത്ത ഒരു വിടവാങ്ങലിനു കളമൊരുക്കാനും പ്രിയസുഹൃത്തായ യച്ചൂരിയുടെ സ്നേഹപൂര്‍ണമായ ഇടപെടല്‍ തന്നെയാണു കാരണമായത്.
29 വയസ്സിന്റെ പ്രായവ്യത്യാസമാണ് ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്. എന്നിട്ടും നാലു പതിറ്റാണ്ടു മുമ്പ് പരിചയപ്പെട്ടവര്‍ തമ്മിലുള്ള ബന്ധം അത്രമേല്‍ ആഴത്തിലുള്ളതായി. എണ്‍പതുകളില്‍ കൊല്ലത്ത് എസ്എഫ്ഐയുടെ സംസ്ഥാന സമ്മേളന വേദിയില്‍ വച്ചാണ് യച്ചൂരി വിഎസിനെ ആദ്യമായി പരിചയപ്പെടുന്നത്. വിഎസിനായിരുന്നു സ്റ്റുഡന്റ്സ് ഫ്രണ്ടിന്റെ ചുമതല. ഇംഗ്ലീഷിലും തമിഴിലുമായിരുന്നു ആശയവിനിമയം. പിന്നീട് 1984 മുതല്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ ഒരുമിച്ചെത്തി. പിറ്റേവര്‍ഷം കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ എം.വി.രാഘവന്റെ ബദല്‍രേഖ വിഷയം സജീവമായി വന്നു. ലീഗുമായി ബന്ധം വേര്‍പ്പെടുത്തിയശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് എത്തണമെന്ന് വിഎസ് യച്ചുരിയോട് ആവശ്യപ്പെട്ടു. അങ്ങനെ രണ്ടാഴ്ചയോളം കേരളത്തില്‍ തുടരുമ്പോഴാണ് വിഎസുമായി ഏറെ സമയം ചെലവഴിച്ച് സൗഹൃദം ശക്തമായത്.
തുടര്‍ന്ന് 1987ല്‍ മുതിര്‍ന്ന നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനൊപ്പം ഇരുവരും നടത്തിയ വിദേശയാത്രയോടെ കൂടുതല്‍ അടുത്തു. മോസ്കോയും മംഗോളിയയും സന്ദര്‍ശിച്ചു. സുര്‍ജിത്തിന്റെ വാക്കുകളാണ് വിഎസിനോടു കൂടുതല്‍ അടുക്കാന്‍ കാരണമെന്ന് യച്ചൂരി തന്നെ പറഞ്ഞിട്ടുണ്ട്. അടിസ്ഥാന വര്‍ഗങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന സഖാക്കളെ പരിപോഷിപ്പിക്കണമെന്നു നിര്‍ദേശിച്ചത് സുര്‍ജിത്താണ്. അദ്ദേഹമാണ് വിഎസിനെയും ബാലാനന്ദനെയും ഞങ്ങള്‍ക്കു കാട്ടിത്തന്നത്. ഇരുവരോടും ഞങ്ങള്‍ക്കു ബഹുമാനം തോന്നി. പ്രത്യയശാസ്ത്ര വിഷയങ്ങളില്‍ അവര്‍ വളരെ ഷാര്‍പ്പും കറക്ടുമായിരുന്നുവെന്നും യച്ചൂരി പറഞ്ഞിരുന്നു. വിഎസ് ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുകയും വളര്‍ന്നുവരികയും ചെയ്ത സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉടലെടുത്ത ബഹുമാനവും യച്ചൂരി എന്നും പുലര്‍ത്തിയിരുന്നു.
2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ യെച്ചൂരി ജനറൽ സെക്രട്ടറി ആകണമെന്നു വാദിച്ച കേരളത്തിൽ നിന്നുള്ള ഏക നേതാവും വിഎസ് ആയിരുന്നു. മറ്റുള്ളവരെല്ലാവരും എസ്.രാമചന്ദ്രൻപിള്ളയ്ക്കായി നിലകൊണ്ടപ്പോൾ തീരുമാനം അനന്തമായി നീണ്ടു. തിരുവനന്തപുരത്തേക്കു മടങ്ങാൻ വിമാനത്താവളത്തിലേക്കുള്ള യാത്രയിലാണ് എസ്.ആർ.പി പിന്മാറിയതും യെച്ചൂരിയെ തീരുമാനിച്ചതും വിഎസ് അറിയുന്നത്. യെച്ചൂരിയെ അഭിനന്ദിക്കാനായുള്ള ആ മടങ്ങിവരവിലൂടെയാണ് വിശാഖപട്ടണത്ത് നടന്ന മത്സരത്തിന് വിഎസ് സ്ഥിരീകരണം നൽകിയത്.ഒന്നാം പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സദസ്സിലെത്തി യെച്ചൂരിക്കു വിഎസ് കൈമാറിയ കുറിപ്പിൽ എന്തായിരുന്നുവെന്നത് ഇന്നും ചുരുളഴിയാത്ത സമസ്യയാണ്.




