![]() |
| Courtesy |
ആസ്വാതന്ത്ര്യവും, വേദനകളും ഇല്ലാത്ത ലോകത്തേക്ക് കണ്ണൂർ കൂത്തുപറമ്പ് വെടിവെപ്പ് സംഭവത്തിലെ 'ജീവിച്ചിരുന്ന രക്തസാക്ഷി' ചൊക്ലി മേനപ്രം പുതുക്കുടി പുഷ്പന് അന്തരിച്ചു. 54 വയസായിരുന്നു. 1994 നവംബര്‍ 25ന് ഡിവൈഎഫ്ഐയുടെ സ്വാശ്രയ കോളേജ് വിരുദ്ധ സമരത്തിനിടെ കൂത്തുപറമ്പിലുണ്ടായ പോലീസ് വെടിവെപ്പില്‍ സുഷുമ്ന നാഡി തകര്‍ന്നതിനെത്തുടർന്ന് ശരീരം തളർന്ന് മൂന്ന് പതിറ്റാണ്ടായി കിടപ്പിലായിരുന്നു.കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉച്ചയ്ക്കു ശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ജൂലൈ 31ന് പുഷ്പനെ തലശേരി സഹകരണ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടാകാതിരുന്നതിനാൽ പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം.ഹൃദയാഘാതമുണ്ടായതോടെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ പുഷ്പനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
രാത്രി 7 മുതൽ ഞായറാഴ്ച രാവിലെ 8 വരെ കോഴിക്കോട് ഡിവൈഎഫ്ഐ യൂത്ത് സെൻ്ററിൽ പൊതുദർശനം നടത്തും. തുടർന്ന് മൃതദേഹം തലശ്ശേരിയിലേക്ക് വിലാപയാത്രയായി കൊണ്ടുവരും. രാവിലെ എട്ട് മണിയോടെയാണ് വിലാപയാത്ര ആരംഭിക്കുക. റോഡിന്റെ ഇരുഭാഗങ്ങളിലുള്ളവർക്കും കാണുന്ന തരത്തിലുള്ള വാഹനത്തിലാണ് മൃതദേഹം കൊണ്ടുവരുന്നത്. രാവിലെ 10 മണിക്ക് തലശ്ശേരി ടൗൺ ഹാളിൽ എത്തിക്കും. 10 മുതൽ 11.30 വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതു ദർശനം ഉണ്ടാകും. വൈകുന്നേരം 5 മണിക്ക് ചൊക്ലി മേനപ്രം വീട്ടു പരിസരത്ത് സംസ്കാരം.
കർഷക തൊഴിലാളി കുടുംബത്തിൽ ആയിരുന്നു പുഷ്പൻ ജനിച്ചത്.നോര്‍ത്ത് മേനപ്രം എല്‍പി സ്കൂളിലും ചൊക്ലി രാമവിലാസം സ്കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ച പുഷ്പന് ബാലസംഘത്തിലൂടെയാണ് ഇടതുപക്ഷ ആശയത്തില്‍ വേരുറച്ചത്. സ്കൂളില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു പുഷ്പന്. വീട്ടിലെ തുടരെയുള്ള പ്രയാസം മൂലം പഠനം പാതിവഴിയില്‍ നിര്‍ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലിചെയ്തു. ബംഗളൂരുവില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പുഷ്പന് സമരത്തില്‍ പങ്കെടുത്തത്, തുടർന്ന് വെടിയേറ്റ് നരക ജീവിതം ആരംഭിച്ചത്.ബാലസംഘം-വിദ്യാർഥി രാഷ്ട്രീയ പ്രവർത്തകനായി സാഹൂഹ്യപ്രവർത്തനത്തിൽ സജീവമായ പുഷ്പൻ തുടർന്നാണ് ഡിവൈഎഫ്ഐയുടെ ഭാഗമാകുന്നത്. സിപിഎം നോര്‍ത്ത് മേനപ്രം ബ്രാഞ്ച് അംഗമായിരുന്നു.
പുഷ്പന്റെ തറവാട് വീടിനു സമീപം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി വീടുവച്ചു നൽകി. കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽ നോട്ടത്തിൽ പാർട്ടി ചികിത്സാ സംവിധാനം ഒരുക്കി. പരിചരിക്കാൻ പാർട്ടി പ്രവർത്തകരുണ്ടായിരുന്നു. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ പുഷ്പന്റെ സഹോദരൻ പ്രകാശന് റവന്യൂ വകുപ്പിൽ ജോലി നൽകി. തണ്ടൊടിഞ്ഞിട്ടും കാലങ്ങളോളം വാടാത്ത ചെമ്പനിനീർപ്പൂവായി തലയുയർത്തി നിന്ന പുഷ്പൻ ഓർമയാകുമ്പോഴും ആ ജീവിതത്തിന്റെ കനൽത്തിളക്കം ബാക്കിനിൽക്കുന്നു.കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്. സഹോദരങ്ങള്‍: ശശി, രാജന്, അജിത (പുല്ലൂക്കര), ജാനു, പ്രകാശന് (താലൂക്ക് ഓഫീസ് തലശേരി).
രക്തംപുരണ്ട ആ ചരിത്രത്തിലേക്ക്...
![]() |
| Courtesy |
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ രക്തരൂഷിതമായ സമരകാലത്തിന്റെ ഓർമ കൂടിയാണ് പുഷ്പൻ. പൊലീസിന്റെ വെടിയുണ്ടകൾക്ക് മുന്നിൽ വിരമാറു കാട്ടി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ച യുവതലമുറയായിരുന്നു അന്നത്തേത്. മെഡിക്കൽ വിദ്യാഭ്യാസം സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ബഹുജന സമരങ്ങൾ അഴിച്ചുവിട്ട കാലം. ബഹുജന ഉപരോധത്തിലൂടെ സർക്കാർ നയത്തെ മാറ്റി തീർക്കാൻ കഴിയുമെന്ന പ്രതീക്ഷ പുലർത്തിയ പാർട്ടിയുടെ മുന്നണി പോരാളിയായിരുന്നു പുഷ്പൻ.
അന്ന് പരിയാരത്ത് തുടങ്ങുന്ന മെഡിക്കൽ കോളജിന്റെ സ്ഥലവും കെട്ടിടവും സർക്കാറിന്റേതായിരുന്നു, വായ്പക്ക് ജാമ്യവും സർക്കാറാണ്. ഇങ്ങനെ മുഴുവൻ പൊതുഉടമസ്ഥതയിലായിരുന്നു. എന്നാൽ, മെഡിക്കൽ കോളജ് കെ. കരുണാകരൻ, എം.വി. രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ട്രസ്റ്റിന് കീഴിലേക്ക് കൊണ്ടുവരാനും നീക്കങ്ങളുണ്ടായി. മെഡിക്കൽ കോളജ് തീർത്തും സഹകരണ മേഖലയിൽ നിലനിർത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവജന സമരം നടന്നത്. മെഡിക്കൽ- എൻജിനീയറിങ് വിദ്യാഭ്യാസം കച്ചവടവത്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ വിദ്യാർഥി-യുവജന പ്രക്ഷോഭം ശക്തിപ്പെട്ട കാലം കൂടിയാണത്.പാർട്ടി അന്ന് സമരത്തിന് സഖാക്കളെ ആശയ പടച്ചട്ട അണിയിച്ചാണ് തെരുവിലിറക്കിയിരുന്നത്. പൊലീസ് ഭീകരത നേരിടുന്നതിന് പാർട്ടി മുന്നൊരുക്കം നടത്തി. പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താൻ കഴിയില്ലെന്ന് സി.പി.എം പ്രഖ്യാപിച്ചു. എന്തു വിലകൊടുത്തും എം.വി രാഘവനെ തടയുമെന്ന് യുവജനങ്ങൾ. എന്നാൽ, മന്ത്രിയായ എം.വി. രാഘവൻ മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വലിക്കാൻ തയാറായില്ല.
ഒന്ന് അനങ്ങാൻ പോലും ആവാതെ നീണ്ട 30 വർഷം തളർച്ചയില്‍ ജീവിച്ചപ്പോഴും പാർട്ടിക്കെതിരായ വിമർശനങ്ങളെ തനിക്കാവുംവിധം ചെറുത്ത്, അടിയുറച്ച നിലപാടിൽ തന്നെ ജീവിച്ചു സഖാവ് പുഷ്പന്.1994 നവംബർ 25. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. സ്വാശ്രയ കോളജുകൾക്കും ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണത്തിനും എതിരെ ഡിവൈഎഫ്ഐ സമരം നടക്കുകയായിരുന്നു. അതിന്റെ ഭാഗമായി അന്നത്തെ സഹകരണ മന്ത്രി എം.വി. രാഘവനെ വഴിതടയാന്‍ എത്തിയത് രണ്ടായിരത്തോളം ഡിവൈഎഫ്ഐ പ്രവർത്തകർ. അവരില്‍ 24 കാരനായ സഖാവ് പുതുക്കുടി പുഷ്പനും.
ഇങ്ക്വിലാബ് വിളികളുമായി എത്തിയവരെ ലാത്തി കൊണ്ട് ചെറുക്കാന്‍ ശ്രമിച്ചു പൊലീസ്, എന്നാല്‍ സമരക്കാർ തിരിച്ചു കല്ലെറിഞ്ഞു. സംഘർഷഭരിതമായി. കാര്യങ്ങൾ കൈവിട്ടു. മന്ത്രി വേദിയിലേക്ക് കയറുമ്പോൾ ആദ്യ വെടിയൊച്ച മുഴങ്ങി. സമരക്കാർ ചിതറിയോടുന്നതിനിടെ ഉദ്ഘാടന വേദിയിലേക്ക് മുൻ സിപിഎംകാരനായ രാഘവൻ പൊലീസ് സുരക്ഷയോടെ കേറിപ്പോയി. 13 മിനിറ്റ് പ്രസംഗം. മടങ്ങാനുള്ള മന്ത്രിയുടെ ശ്രമത്തിനിടെ സമരക്കാർ വീണ്ടുമിരമ്പി.
ഡിവൈഎഫ്ഐക്കാർക്ക് നേരെ പൊലീസ് വെടിയുതിർത്തു.രണ്ടുമണിക്കൂറോളം കലാപ കലുഷിതമായി അവിടം.അതിനിടെ ജില്ലാ നേതാക്കളടക്കം അഞ്ച് ഡിവൈഎഫ്ഐക്കാർ മരിച്ചുവീണു. കൂത്തുപറമ്പ് നരവൂരിലെ റോഷൻ, കോടിയേരിയിലെ മധു, കുണ്ടുചിറയിലെ ബാബു, അരയാക്കൂലിലെ ഷിബുലാൽ, പാനൂരിലെ രാജീവൻ എന്നീ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ വെടിയേറ്റു മരിച്ചു. ചൊക്ലി പുതുക്കുടി പുഷ്പനും വെടിയേറ്റു. പുഷ്പന്റെ കഴുത്തിൽ തറച്ച വെടിയുണ്ട പിറകിലൂടെ പുറത്തെത്തിയത് സുഷുമ്ന നാഡിക്കു ക്ഷതമേൽപിച്ചായിരുന്നു. അന്നു മുതൽ ചലനമറ്റു കിടക്കയിലായി 24 കാരനായ പുഷ്പൻ. ആത്മവീര്യം ചോരാതെ മൂന്നു പതിറ്റാണ്ടോളം ഒരേ കിടപ്പിൽ കഴിഞ്ഞപ്പോഴും പുഷ്പനു താങ്ങും തണലുമായി പാർട്ടിയും സഖാക്കളുമുണ്ടായിരുന്നു.
മേനപ്രത്തെ പുഷ്പന്റെ വീട് സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും രാഷ്ട്രീയ തീർഥാടന കേന്ദ്രമായി. പാർട്ടിയുടെ സംസ്ഥാന നേതൃനിരയിൽ, പുഷ്പന്റെ വീടു സന്ദർശിക്കാത്തവർ ചുരുക്കമാണ്. പാർട്ടി ചുമതലയിലെത്തുന്നവർ പുഷ്പനെ സന്ദർശിക്കുക പതിവാണ്; മുഖ്യമന്ത്രിമാരടക്കം.
ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന് തളര്‍ന്ന ശരീരവുമായി ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും സമ്മേളനങ്ങളില്‍ പലവട്ടമെത്തി. സി.പി.എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായി തുടർന്നു. പുഷ്പനെ കാണാന്‍ ചെ ഗുവേരയുടെ മകള്‍ അലിൻഡ ഗുവേര ഉള്‍പ്പെടെ അനേകം പേർ മേനപ്രത്തെ വീട്ടിലെത്തി. വെടിവെയ്പിന് ശേഷം എം.വി. രാഘവൻെ സി.എം.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ മലബാറിൽനിന്ന് തുടച്ചു നീക്കാൻ സി.പി.എമ്മിന് കഴിഞ്ഞു. പുഷ്പൻ ജീവിച്ചിരിക്കെ തന്നെ സി.പി.എം കൂത്തുപറമ്പിൽ സമരത്തിന് ഉയർത്തിയ മുദ്രാവാക്യം തിരുത്തി. ഇടതു സർക്കാർ വിദ്യാഭ്യാസ സ്വകാര്യ വത്കരണത്തിനു മുൻകൈയെടുക്കുന്നത് രോഗശയ്യയിൽ കിടന്നു പുഷ്പൻ കണ്ടു അത് കാലത്തിൻറെ വിരോധാഭാസം.
ഇക്കാലയളവിൽ പല കോണുകളില്‍ നിന്നും അനുഭാവികളിൽ നിന്നുപോലും കൂത്തുപറമ്പിനെയും പുഷ്പനെയും പാർട്ടി മറന്നു എന്ന വിമർശനമുയർന്നു.സ്വാശ്രയ കോളജുകളോടുള്ള സമീപനം മാറ്റിയ പാർട്ടിക്ക് പുഷ്പനും കൂത്തുപറമ്പ് സഖാക്കളും ബാധ്യതയായി എന്നും വിമർശനം. പക്ഷേ അതെല്ലാം പുഷ്പൻ പ്രതിരോധിച്ചു. ''എഴുന്നേറ്റ് നടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ ലോകത്തിലെവിടെ ആയാലും എന്നെ ചികിത്സിക്കാന്‍ പാർട്ടി തയ്യാറാണ്, അതെനിക്ക് നന്നായി അറിയാം'' വിദേശ ചികിത്സ നല്‍കിയില്ലെന്ന ആരോപണത്തോടും പുഷ്പൻ പ്രതികരിച്ചു. കുടുംബത്തിലൊരാള്‍ക്ക് തൊഴില്‍ നല്കി. പെന്ഷന് അനുവദിച്ചു. നല്ല ചികിത്സ നല്കി.അങ്ങനെയങ്ങനെ.ഓരോ മാധ്യമ അഭിമുഖങ്ങളിലും പാർട്ടിക്കെതിരെ ഉയരുന്ന വിമർശനം കട്ടിലിൽ കിടന്നുകൊണ്ട് പുഷ്പനെന്ന സഖാവ് നേരിട്ടു. ആ വീഴ്ച്ചയിലും നിലപാട് കൊണ്ട് അടിയുറച്ച പാർട്ടിക്കാരനായി തുടർന്നു.
![]() |
| Courtesy |
ഒടുവില്‍ കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞപ്പോൾ പുഷ്പന് പൊതുവേദിയിലെത്തി. പ്രവർത്തകരുടെ തോളില്‍ തലചെരിച്ച് പ്രിയ സഖാവിനെ നോക്കിക്കണ്ടു. കേരളത്തിലെ ഇടതുപക്ഷ യുവജന രാഷ്ട്രീയത്തിലെ എക്കാലത്തേയും വൈകാരിക മുഖമാണ് പുഷ്പൻ. സൈമൺ ബ്രിട്ടോയ്ക്കും മുകളിൽ പാർട്ടി പ്രവർത്തകർ പുഷ്പനെ നെഞ്ചിലേറ്റി.വെടിയുണ്ട കൊണ്ട് ശരീരം തളർന്നിട്ടും തളരാത്ത മനസ്സും ചിന്തയുമായി ഇത്രയും കാലം കിടന്ന പുഷ്പൻ ഇനിയില്ല. രാജീവൻ, ബാബു, റോഷൻ, ഷിബുലാൽ, മധു. മുദ്രാവാക്യങ്ങളിൽ മുഴങ്ങിക്കേട്ട രക്തസാക്ഷിപ്പേരുകളിൽ സഖാവ് പുഷ്പനെന്ന ജീവിച്ചിരുന്ന രക്തസാക്ഷിയുടെ പേര് കൂടി.
![]() |
| Courtesy |
‘നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല
അവര്‍ നിന്നെ നിശബ്ദനാക്കിയില്ല
നീ മൂകനല്ല
നിന്റെ കരുത്തും ആവേശവും
ഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നു
അവര്‍ക്കു ഞങ്ങളെ തടയാനാകില്ല,
പ്രിയ സഖാവേ….’
കൂത്തുപറമ്പ് വെടിവെപ്പിന്റെ വാര്‍ഷിക വേളയില്‍ പുഷ്പന് തന്റെ സഖാക്കള്‍ സമ്മാനിച്ച ഫലകത്തിലെ വരികൾ.



