![]() |
| Courtesy |
നെഹ്റു ട്രോഫി ജലോത്സവത്തിൽ പരാതികളുമായി വീയപുരവും നടുഭാഗവും. രണ്ടാം സ്ഥാനക്കാരായ വീയപുരം ചുണ്ടൻ ഫലം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. അഞ്ച് മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാൽ ചുണ്ടനോട് വീയപുരം പരാജയപ്പെട്ടത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനെ വിജയിപ്പിക്കാനുള്ള ശ്രമം നടന്നതായാണ് വീയപുരത്തിന്റെ ആരോപണം.
ഒടുവിൽ മൂന്നാം സ്ഥാനക്കാരായ നടുഭാഗവും പരാതിയുമായി രംഗത്തെത്തി. സ്റ്റാർട്ടിങ്ങിൽ പിഴവ് സംഭവിച്ചു എന്നതാണ് നടുഭാഗത്തിലിന്റെ ആരോപണം. തങ്ങൾ തയ്യാറയില്ല എന്ന് പങ്കായമുയർത്തി തങ്ങൾ സിഗ്നൽ നൽകിയിട്ടും സ്റ്റാർട്ടിങ് നൽകുകയായിരുന്നു എന്നാണ് നടുഭാഗത്തിന്റെ പരാതി. നടുഭാഗം ഉണ്ടായിരുന്ന നാലാം ട്രാക്കിനു സമീപം മറ്റൊരു ബോട്ടുണ്ടായതിനാൽ തങ്ങൾ തയ്യാറല്ല എന്ന് നടുഭാഗം തങ്ങളുടെ പങ്കായം ഉയർത്തി കാണിച്ചു. എന്നാൽ അത് പരിഗണിക്കാതെ സ്റ്റാർട്ടിങ് നൽകുകയായിരുന്നു എന്നാണ് നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പരാതി.
ഫലപ്രഖ്യാപത്തിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി മാത്യൂ പൗവ്വത്തിൽ വില്ലേജ് ബോട്ട് ക്ലബ് ക്യാപ്റ്റനും രംഗത്തെത്തി.പരാതി ഉന്നയിച്ചിട്ടും പരാതി കേൾക്കാൻ തയ്യാറായില്ലെന്ന് വീയപുരം വില്ലേജ് ബോട്ട് ക്ലബ് പറയുന്നു. ഒരേ സമയം സ്ക്രീനിൽ തെളിഞ്ഞ സമയം അട്ടിമറിച്ചെന്നും വിബിസി ആരോപിക്കുന്നു. കളക്ടർക്കും നെഹ്റു ട്രോഫി ബോട്ട് റേസ് സമിതിക്കും പരാതി നൽകിയിരിക്കുകയാണ് വിബിസി.
അർഹതപ്പട്ട ട്രോഫി തങ്ങൾക്ക് ലഭിക്കണം. കാരിച്ചാലിന്റെ സമയം കുറച്ചു കാണിച്ചെന്നും സമയം നിർണയിക്കാനുള്ള ആധുനിക സംവിധാനങ്ങളൊന്നും ഇല്ലാത്തപ്പോൾ പിന്നെ എങ്ങനെയാണ് കൃത്യമായി സമയം നിശ്ചയിക്കുന്നതെന്നും വില്ലേജ് ബോട്ട് ക്ലബ് അധികൃതർ ചോദിച്ചു. എന്നാൽ അത്തരം ആശയക്കുഴപ്പങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് കാരിച്ചാൽ വ്യക്തമാക്കിയത്.
അതേസമയം വള്ളംകളിയുടെ ഫലപ്രഖ്യാപനത്തെച്ചൊല്ലി തർക്കത്തിൽ 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പടെയുള്ളവർക്കെതിരെയാണ് കേസ്. ഫലപ്രഖ്യാപനം കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കുള്ളിലാണ് തർക്കമുണ്ടായത്.
വിജയി കാരിച്ചാലോ വീയപുരമോ എന്നത് ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്താലാണ് കണ്ടെത്തിയതെന്നാണ് സംഘാടക സമിതി പറയുന്നത്. ഇക്കാര്യം തങ്ങൾക്ക് ബോധ്യപ്പെടണമെന്നും വിഡിയോ കാണണമെന്നും ആവശ്യപ്പെട്ട് ക്യാപ്റ്റന്റെ നേതൃത്വത്തിൽ തുഴച്ചിലുകാർ നെഹ്റു പവിലിയനിലേക്ക് എത്തി.
തുഴച്ചിലുകാർ സംഘാടകരുമായി തർക്കിക്കവേ പവിലിയനിലെ ലൈറ്റുകൾ ഓഫ് ചെയ്തു. ഇരുട്ടായതോടെ പൊലീസുകാർ ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
മത്സരം കഴിഞ്ഞപ്പോൾ വിജയി വീയപുരമോ കാരിച്ചാലോ എന്ന് പ്രവചിക്കാൻ കഴിയുമായിരുന്നില്ല. അഞ്ച് മിനിറ്റിനകം ഡിജിറ്റൽ ഉപകരണങ്ങളിലെ വിഡിയോ ദൃശ്യങ്ങൾ നോക്കിയാണ് കാരിച്ചാൽ അഞ്ച് മൈക്രോ സെക്കൻഡുകൾക്ക് മുന്നിലെത്തിയതിനാൽ വിജയിച്ചതായി പ്രഖ്യാപിച്ചത്.
