ഇടത് സ്വതന്ത്രനോ?...
![]() |
| Courtesy |
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ പി സരിൻ. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ സരിന്റെ പേരും സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു. കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളാണ് വാർത്താസമ്മേളനത്തില്‍ സരിൻ ഉന്നയിച്ചത്. കോണ്‍ഗ്രസ് വിടുമോ, അല്ലെങ്കില്‍ സിപിഐഎമ്മിന്റെ സ്വതന്ത്ര സ്ഥാനാർഥിയാകുമോയെന്ന കാര്യത്തില്‍ സരിൻ വ്യക്തത വരുത്തിയില്ല.
ഞാന്‍ പറയുന്ന ആള്, എന്റെ ആള് സ്ഥാനാര്‍ത്ഥിയാകുമെന്ന തീരുമാനമാണ് പാർട്ടിയില്‍ നടക്കുന്നതെന്ന് സരിൻ കുറ്റപ്പെടുത്തി. ഷാഫി പറമ്പിലിന് സംസ്ഥാന നേതൃത്വം വഴങ്ങുകയായിരുന്നു. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായതായും സരിൻ കൂട്ടിച്ചേർത്തു. തന്നെ സ്ഥാനാർഥിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിനയച്ച കത്തടക്കം വാർത്താസമ്മേളനത്തില്‍ സരിൻ വായിച്ചു.
പാലക്കാട് 2021 നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി സ്ഥാനാർഥിയായ ഇ ശ്രീധരന് വോട്ടുലഭിച്ചത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതകൊണ്ടുകൂടിയാണെന്നും സരിൻ പറഞ്ഞു. തന്റെ വിദ്യാഭ്യാസ യോഗ്യത അത്രത്തോളമില്ലെങ്കിലും തന്നെ പാലക്കാടെ ജനങ്ങള്‍ക്കറിയാമെന്നും അതിനാല്‍ പരിഗണിക്കണമെന്നും സരിൻ ഹൈക്കമാൻഡിനയച്ച കത്തില്‍ പറയുന്നു.
"രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പുനപരിശോധിക്കണം. രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെട്ടാല്‍ തിരിച്ചടിയുണ്ടാകുന്നത് വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പോരാടുന്ന രാഹുല്‍ ഗാന്ധിക്കായിരിക്കും. പുനപരിശോധനക്ക് ശേഷം രാഹുലാണ് നല്ല സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞാല്‍ പകുതി വിജയം ഉറപ്പിക്കാം. സ്ഥാനാർഥി ചർച്ചകള്‍ കേവലം പ്രഹസനം മാത്രമാണ്, രാഹുലിനെ സ്ഥാനാർഥിയായി നേരത്തെ തീരുമാനിച്ചതാണ്," സരിൻ പറഞ്ഞു. നാടിന്റെ നല്ലതിന് വേണ്ടിയാണ് 33 ാം വയസില്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. താന്‍ പറയുന്നത് നല്ലതിനു വേണ്ടിയാണ് ഡോ. പി സരിൻ പറഞ്ഞു.
‘‘ചിലർ തീരുമാനിച്ച കാര്യങ്ങൾക്ക് വഴങ്ങിക്കൊടുത്താൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരും. സ്ഥാനാർഥി ആകാത്തതുകൊണ്ടല്ല ഞാൻ എതിർപ്പ് അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴത്തെ സ്ഥാനാർഥിയെ നിർണയിച്ചത് എങ്ങനെയാണ്? പാലക്കാട്ട് ഒരാളുടെ താല്പര്യത്തിന് വേണ്ടി പാർട്ടിയെ ബലി കഴിക്കരുത്. സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പുനഃപരിശോധിക്കണം. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. തെറ്റുപറ്റിയെങ്കിൽ തിരുത്തണം. എന്റെ ആവശ്യമായി കാണരുത്. ഇല്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കില്ല രാഹുൽ ഗാന്ധിയായിരിക്കും.
നേതൃത്വം കാണിക്കുന്നത് തോന്ന്യാസമാണ്. പാർട്ടിയുടെ മൂല്യങ്ങളിലുള്ള വിശ്വാസങ്ങൾക്ക് കോട്ടം വന്നു. പാർട്ടി തീരുമാനങ്ങളുടെ രീതിക്ക് മാറ്റം വന്നു. സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ച് മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ട്. എല്ലാവർക്കും അംഗീകരിക്കാവുന്ന ആളെ സ്ഥാനാർഥിയാക്കാൻ എന്തുകൊണ്ടാണ് പാർട്ടിക്ക് സാധിക്കാത്തത്? ഞാൻ കോൺഗ്രസ് വാട്സാപ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായിട്ടില്ല. പറയാനുള്ളത് പറഞ്ഞിട്ടുമാത്രമേ പോകൂ.’’– സരിൻ പറഞ്ഞു.
തന്റെ കാഴ്ചപ്പാടുകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താൻ പാർട്ടി തയാറാകണം. ധൈര്യമില്ലാത്ത പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് മുഖവും ശബ്ദവും കൊടുക്കുകയാണ് ഞാന്‍. പാർട്ടി ശരിയായ തീരുമാനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എനിക്ക് സീറ്റുകിട്ടാത്തതുകൊണ്ടല്ല ഇക്കാര്യങ്ങള്‍ പറയുന്നതെന്നും സരിൻ കൂട്ടിച്ചേർത്തു.
സിപിഎം സ്വതന്ത്രനാകുമോയെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാണെന്ന് ഉറപ്പിക്കട്ടെ എന്നായിരുന്നു സരിൻ നല്കിയ മറുപടി. വേദനകൊണ്ടാണ് പ്രതികരിക്കുന്നതെന്നും തോറ്റശേഷം ഇതൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും സരിൻ ചോദിച്ചു. ഒരു ഗ്രൂപ്പില്‍ നിന്നും താന്‍ ലെഫ്റ്റ് അടിച്ചിട്ടില്ല, പുറത്താക്കിയിട്ടുമില്ല. പറയാനുള്ളത് പറഞ്ഞിട്ടേ താന്‍ പോകൂ. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും 48 മണിക്കൂറിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സരിൻ ആവശ്യപ്പെട്ടു
സരിന് മറുപടിയുമായി ഷാഫി :
പാലക്കാട് നിയമസഭ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്ന് ഷാഫി പറമ്പില്‍ എംപി. ഈ തീരുമാനം പാലക്കാട്ടെ ജനങ്ങളും നേതൃത്വവും അംഗീകരിച്ചതാണ്. എല്ലാവരുടെയും പിന്തുണയോടെ എടുത്ത തീരുമാനം. സിരകളിൽ കോൺഗ്രസ് രക്തം ഓടുന്നവർ രാഹുലിൻ്റെ വിജയത്തിനൊപ്പം ഉണ്ടാവണം. രാഹുൽ ഒരു വ്യക്തിയുടെയും സ്ഥാനാർഥിയല്ല. പാർട്ടിയുടെ സ്ഥാനാർത്ഥിയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
താൻ പാർട്ടിയെക്കാൾ വലുതാവാൻ ശ്രമിച്ചിട്ടില്ല. ഷാഫിയെ വടകരയ്ക്ക് അയച്ചത് പാർട്ടിയാണ്. രാഹുൽ പാർട്ടിയുടെ നോമിനിയാണ്.
സരിൻ്റെ പ്രതികരണം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. കേന്ദ്ര - സംസ്ഥാന സർക്കാരിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്താൻ ജനം കാത്തു നിൽക്കുന്നു. പാലക്കാട് അവതരിപ്പിക്കാൻ കഴിയുന്ന മികച്ച സ്ഥാനാർത്ഥിയാണ് രാഹുൽ. അതിൽ ഞങ്ങൾക്ക് സംശയമില്ല.
രാഹുലിന് പാലക്കാട്ടെ ഏറ്റവും വലിയ ഭൂരിപക്ഷ കിട്ടും. അനുകൂല രാഷ്ട്രീയ സാഹചര്യമല്ലാത്തപ്പോഴും പാലക്കാട് യുഡിഎഫിനെ കൈവിട്ടിട്ടില്ലെന്നും ആരോപണങ്ങളുന്നയിച്ച പി സരിന് മറുപടിയായി ഷാഫി പറമ്പില്‍ പറഞ്ഞു.
2011 ൽ ഞാൻ വന്നപ്പോഴും കോലാഹലങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും പാലക്കാട് ചേർത്തു പിടിച്ചു. രാഹുലിന് നൽകുന്ന വോട്ട് പാഴാകില്ലെന്ന് ഉറപ്പു തരാം. സരിൻ പാർട്ടി വിടുമെന്ന് കരുതുന്നില്ല. 2011 ൽ താൻ വന്നപ്പോൾ ഡിസിസി ഓഫീസിൻ്റെ ചില്ലു തകർന്നു കിടക്കുന്നതാണ് കണ്ടത്
സരിൻ്റെ പ്രതികരണം വെല്ലുവിളിയാവില്ല. ഒരു ഇടർച്ചയുമില്ലാതെ പറയുന്നു പാലക്കാട് വിജയിക്കണം. സരിനെതിരെ നടപടിയുണ്ടോയെന്ന് പാർട്ടി പറയുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം സരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രാഹുല്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം കൂടിയാലോചനയില്‍ നിന്നുണ്ടായതെന്ന് സതീശന് പ്രതികരിച്ചു. ആളുകളുടെ ഹൃദയം കീഴടക്കിയ സമരനായകനാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മാധ്യമ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. സംസ്ഥാന തലത്തില്‍ ഉള്ള നേതാക്കള്‍ക്ക് മത്സരിക്കാന്‍ ജില്ല പ്രശ്നമല്ല. ഷാഫിയുടെ ചോയ്സ് കൂടുതല്‍ ഗുണം ചെയ്യും. ഇതില്‍ പാളിച്ച ഉണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിക്കും', സതീശന് പറഞ്ഞു.
സരിനെതിരെ നടപടി ഉണ്ടോയെന്ന് പാര്‍ട്ടി പരിശോധിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈകാരികമായി പ്രതികരിക്കരുത് എന്ന് താന്‍ സരിനോട് അപേക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സരിന്റെ ആരോപണങ്ങള്‍ സിപിഐഎമ്മിന് ഗുണം ചെയ്യില്ലെന്നും തൃക്കാക്കരയില്‍ കെ വി തോമസിനെ കൊണ്ടുവന്നിട്ട് എന്തായെന്നും സതീശന് ചോദിച്ചു.
