![]() |
| Courtesy |
ലോകത്തിലെ ഏറ്റവും വലിയ തടിയന് പൂച്ച എന്ന വിശേഷണം സ്വന്തമാക്കിയിരുന്ന പൂച്ച ‘ക്രോഷിക്’ ഫാറ്റ് ക്യാംപില്‍ പങ്കെടുക്കുന്നതിനിടെ മരിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട്. റഷ്യന്‍ ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയ ഈ പൂച്ചയുടെ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ബിസ്കറ്റ്, സൂപ്പ് എന്നിവയെല്ലാം പതിവായി കഴിച്ച് 17കിലോഗ്രാം ഭാരമാണ് ഈ പൂച്ചക്കുണ്ടായിരുന്നത്. പിന്നീസ് സ്പെഷ്യലൈസ്ഡ് വെറ്റിനറി സെന്ററിലെ പരിചരണത്തോടെ 7 പൗണ്ടോളം ഭാരം കുറഞ്ഞിരുന്നു. അമിത ഭാരം കാരണം നടക്കാന്‍ പോലും സാധിക്കാത്ത നിലയിലായിരുന്നു ക്രോഷിക്ക്. പെട്ടെന്നുണ്ടായ ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് പൂച്ച ചത്തത്. ശനിയാഴ്ചയായിരുന്നു സംഭവം.
അന്തരാവയവങ്ങളില്‍ ട്യൂമറുകള്‍ ഉണ്ടായിരുന്നതായി പൂച്ചയെ പരിശോധിച്ച വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇത് ആദ്യം സ്കാനിങ്ങുകളിലൂടെയും മറ്റും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഈ ട്യൂമറുകളാണ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ച് പെട്ടെന്നുള്ള മരണത്തിന് കാരണമായത്. അതിന് മുന്‍പ് ക്രോഷിക്കിന് ശ്വാസസംബന്ധമായ ബുദ്ധിമുട്ട് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പൂച്ചയെ സംരക്ഷിച്ചിരുന്ന ഷെല്‍റ്റര്‍ ഉടമ പറയുന്നു.
തടി കാരണം നടക്കാൻ പോലും വയ്യാതായതോടെ ഒരു റഷ്യൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 13 വയസുള്ള ക്രോഷിക്. 38 പൗണ്ട് (17 കിലോ) ആയിരുന്നത്രെ ക്രോഷികിന്റെ ഭാരം. ചികിത്സയ്ക്ക് പ്രവേശിപ്പിച്ചതിന് പിന്നാലെ ഏഴ് പൗണ്ട് കുറഞ്ഞതായും ഡോക്ടർമാർ പറയുന്നുണ്ട്. ഇവിടുത്തെ ഡോക്ടർമാർ ക്രോഷിക്കിനുള്ള ഡയറ്റ് നിർദ്ദേശിച്ചതോടെയാണ് പൂച്ച വൈറലായി മാറിയത്.
'പൂച്ചകൾ അസുഖം വരുമ്പോൾ അവ മറച്ചുവയ്ക്കാനാണ് ശ്രമിക്കാറ്. വളരെ വൈകി മാത്രമേ അവ ഈ പ്രശ്നങ്ങൾ വെളിപ്പെടുത്തൂ. അൾട്രാസൗണ്ട് ചെയ്യാൻ സാധിച്ചിരുന്നില്ലെങ്കിലും കൃത്യമായ പരിചരണം പൂച്ചയ്ക്ക് ലഭ്യമാക്കിയിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത് വലിയ നഷ്ടമാണ്, കാരണം ക്രോഷിക് എല്ലാവരുടെയും പ്രതീക്ഷയുടെ പ്രതീകമായിരുന്നു. മാത്രമല്ല, അവനെ കുറിച്ചുള്ള നല്ല വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആ നഷ്ടത്തെ കുറിച്ച് സംസാരിക്കുന്നത് ശരിക്കും വേദനാജനകമാണ്' എന്നും ഗലിയാന മോർ പറയുന്നു.
