തൃശൂര്‍ പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ എത്തിയില്ലെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയില്‍ തിരുത്തുമായി ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാര്‍. സ്വരാജ് റൗണ്ടില്‍ സഞ്ചരിച്ചത് ആംബുലന്‍സില്‍ തന്നെയാണ്. സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്തത് കാരണം റൗണ്ട് വരെ വന്നത് തന്റെ കാറിലാണ്, അതാണ് അദ്ദേഹം അദ്ദേഹം ഉദ്ദേശിച്ചതെന്നും അനീഷ് കുമാര്‍ പറഞ്ഞു.
‘‘6 കിലോമീറ്റർ സുരേഷ് ഗോപി സഞ്ചരിച്ചത് എന്റെ കാറിലാണ്. പിന്നീടൊരു 100 മീറ്റർ മാത്രമാണ് ആംബുലൻസിൽ പോയത്. അത് പൊലീസ് പറഞ്ഞതു കൊണ്ടാണ്. റൗണ്ടിലേക്ക് ആംബുലൻസ് മാത്രമേ കടത്തി വിടൂ എന്നാണ് പൊലീസ് അറിയിച്ചത്. അപ്പോൾ സേവാഭാരതിയുടെ ആംബുലൻസ് റൗണ്ടിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ആംബുലൻസിൽ കയറിയത്. എന്നാൽ പൂരനഗരിയിൽ അദ്ദേഹം വന്നത് കാറിൽ തന്നെയാണ്. അതാണ് സുരേഷ് ഗോപി പറഞ്ഞതും.’’– അനീഷ് കുമാർ പറഞ്ഞു.
സുരേന്ദ്രൻ പൂരനഗരിയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന് കൃത്യമായ വിശദാംശങ്ങൾ ഉണ്ടായിരിക്കില്ലെന്നും അനീഷ് കുമാർ പറഞ്ഞു. ‘‘വിശദാംശങ്ങൾ ഇല്ലാത്തതുകൊണ്ടാവും സുരേന്ദ്രൻ, സുരേഷ് ഗോപി ആംബുലൻസിൽ വന്നു എന്ന് പറഞ്ഞത്. സുരേന്ദ്രൻ പ്രസംഗത്തിൽ ആംബുലൻസിൽ പൂരനഗരിയിൽ വന്നതിനെ പറ്റി പറഞ്ഞിരുന്നു. ആ പ്രസംഗം കേട്ടാൽ താമസിച്ച സ്ഥലം മുതൽ പൂരനഗരി വരെ സുരേഷ് ഗോപി വന്നത് ആംബുലൻസിൽ എന്നാണ് തോന്നുക. എന്നാൽ അതങ്ങനെയല്ല എന്ന് വ്യക്തമാക്കുകയാണ് സുരേഷ് ഗോപി ചെയ്തത്.’’– അനീഷ് കുമാർ പറഞ്ഞു.