![]() |
| Courtesy |
തൃശൂര്‍ പൂരം അലങ്കോലമായപ്പോള്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സാധാരണ കാറിലാണ് താന്‍ പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. ആംബുലന്‍സില്‍ തന്നെ കണ്ട കാഴ്ച്ച മായക്കാഴ്ച ആണോ എന്ന് അറിയാന്‍ പിണറായി പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും അത് അന്വേഷിക്കാന്‍ സിബിഐ വരണമെന്നും സുരേഷ് ഗോപി പറഞ്ഞു. ചേലക്കര ഉപതിരഞ്ഞെടുപ്പ് എന്‍ഡിഎ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്. സുരേന്ദ്രന് വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. നേരിടാന്‍ ഞാന്‍ തയ്യാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്തണം.
കേരളത്തിലെ മുന്‍മന്ത്രിയടക്കം ഇപ്പോഴത്തെ മന്ത്രിമാരടക്കം പലരും ചോദ്യംചെയ്യപ്പെടാന്‍ യോഗ്യരാണെന്ന ഭയം അവര്‍ക്കുണ്ട്. ചങ്കൂറ്റമുണ്ടെങ്കില്‍- ഇത് സിനിമ ഡയലോഗ് മാത്രമായി എടുത്താല്‍ മതി- ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സിബിഐക്ക് വിടൂ. തിരുവമ്പാടിയും പാറമേക്കാവും അവരുടെ സത്യം പറയട്ടെ. വടക്കുംനാഥന്റെ ചുവന്ന സത്യം ദ്രവിച്ച് മലച്ചുവീഴും. വടക്കുംനാഥന്റെ ദേവസ്വത്തിന്റെ സത്യമെന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ലേ? അത് ചോരക്കളിയുടെ സത്യംമാത്രമാണ്. ഞാനവിടെ ചെല്ലുന്നത് 100 കണക്കിന് പൂരപ്രമേികളെ പോലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാന്‍ മാത്രമാണ്.
ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ നിന്ന് ഇറങ്ങാന്‍ തനിക്ക് സൗകര്യമില്ലെന്നും കണ്‍വെഷനില്‍ കേന്ദ്ര മന്ത്രി പറഞ്ഞു. സിനിമ തന്റെ ചോരയും മാംസവും മജ്ജയും നീരുമാണ്. ദുഷിച്ച രാഷ്ട്രീയത്തിന്റെ ചോര തന്റെ കുടുംബത്തിലില്ല. ചോരക്കൊടിയേന്തിയവരുടെ ചോര രാഷ്ട്രീയം എത്ര പേരെ കൊന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരില്‍ തനിക്കെതിരെ എന്തൊക്കെ നടപടികളുണ്ടായി. അറസ്റ്റ് ചെയ്യിപ്പിക്കുക വരെ ചെയ്തു. നവീന്‍ ബാബുവിന്റെ കാര്യത്തില്‍ എന്താണ് ഒന്നും ഉണ്ടാകാത്തത്. പൂരം കലക്കല്‍ നല്ല ടാഗ് ലൈനാണ്. അത് ആര്‍ക്കെതിരെ വീഴുമെന്ന് കണ്ടോളൂ.
പാലാ പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന ദുഷ്ടലാക്കിന് തുടക്കമിട്ടതോടെ കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിക്ക് വളക്കൂറുള്ള മണ്ണ് ഒരുക്കിയത് ഇടതും വലതും ചേര്‍ന്നാണ്. പൂരം ആരും കലക്കിയിട്ടില്ലെന്ന് ഒരു മഹാന് പറഞ്ഞു. പുകമറ സൃഷ്ടിച്ച് ചില കാര്യങ്ങള്‍ മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്റെ വാക്കുകള്‍.
സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സില്‍ പൂരനഗരിയില്‍ കൊണ്ടുവന്നുവെന്ന് ജില്ലാ അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അനീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വി. മുരളീധരനോടായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ആംബുലന്‍സില്‍ എത്തിയതില്‍ അത്ഭുതമൊന്നുമില്ലല്ലോ എന്ന് പറഞ്ഞ ശേഷം മുരളീധരന് അക്കാര്യത്തിലെ വിശദീകരണം തൃശ്ശൂര്‍ ബി.ജെ.പി. അധ്യക്ഷന്‍ വിട്ടുകൊടുത്തു. പിന്നാലെ സംസാരിച്ച അനീഷ് കുമാര്‍ തൃശ്ശൂര്‍ റൗണ്ടുവരെ മറ്റൊരു വാഹനത്തില്‍ വന്ന സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സില്‍ പൂരനഗരിയില്‍ എത്തിച്ചുവെന്ന് അവകാശപ്പെട്ടു. അത് തങ്ങളുടെ മിടുക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേയും അനീഷ് കുമാര്‍ ഇക്കാര്യം മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞിരുന്നു. സുരേഷ് ഗോപിയെ ഏതുവിധേനയും സ്ഥലത്തെത്തിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവിധ മാര്‍ഗവും പ്രയോഗിച്ചിട്ടുണ്ടെന്നും. അതിന്റെ ഭാഗമായാണ് സേവാഭാരതിയുടെ ആംബുലന്‍സില്‍ എത്തിച്ചതെന്നും രണ്ടാഴ്ച മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ അനീഷ് കുമാര്‍ വ്യക്തമാക്കി.
