![]() |
| Courtesy |
ഹൊറര്‍ സാഹിത്യത്തില്‍ ഡ്രാക്കുളയോളം സ്വാധീനം ചെലുത്തിയ മറ്റൊരു കഥാപാത്രമില്ല. രക്തദാഹിയായ രാത്രിസഞ്ചാരിയുടെ കഥയെ അനശ്വരമാക്കിയ കഥാകൃത്ത് ബ്രാം സ്റ്റോക്കര്‍ ഡ്രാക്കുളക്കും മുമ്പ് എഴുതിയ മറ്റൊരു പ്രേതകഥ ‘ഗിബെറ്റ് ഹില്‍’ 134 വര്‍ഷത്തിന് ശേഷം വായനക്കാരിലേക്ക് എത്തുന്നു. അയര്‍ലന്‍ഡിലെ നാഷണല്‍ ലൈബ്രറിയില്‍ നിന്ന് ചരിത്രകാരനും ബ്രാം സ്റ്റോക്കറിന്റെ ആരാധകനും ആയ ബ്രയാന്‍ ക്ലിയറിയാണ് ഈ ചെറുകഥ കണ്ടെടുത്തത്. അന്വേഷിച്ചപ്പോള്‍ ബ്രാംസ്റ്റോക്കര്‍ ഇങ്ങനൊരു കഥയെഴുതിയതായി എവിടെയും യാതൊരു രേഖയുമിലായിരുന്നു.
പിൽക്കാലത്ത് അച്ചടിനിർത്തിയ ഒരു ഐറിഷ് ദിനപത്രത്തിൽ, 1890-ൽ ‘ഗിബ്ബെറ്റ് ഹിൽ’ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ കഥ അച്ചടിയിൽ പ്രത്യക്ഷപ്പെട്ടതേയില്ല. സ്റ്റോക്കറുടെ കൃതികളുടെ ശേഖരത്തിലും ഇതിന്റെ പേരില്ലായിരുന്നു.
ബ്രാം സ്റ്റോക്കറിന്റെ സ്വദേശം ആയ ഡബ്ലിനില്‍ ജനിച്ചു വളര്‍ന്ന ബ്രയാന്‍ ക്ലിയറി കുട്ടിക്കാലത്ത് തന്നെ സ്റ്റോക്കറിന്റെ സാഹിത്യലോകത്തില്‍ ആകൃഷ്ടനായിരുന്നു. 2021ല്‍ തന്റെ കേള്‍വിശക്തി നഷ്ട്ടപ്പെട്ട്, ശസ്ത്രക്രിയക്ക് വിധേയനായ ശേഷം, അയര്‍ലണ്ട്സ് നാഷണല്‍ ലൈബ്രറിയില്‍ റിസര്‍ച്ച് നടത്തുമ്പോഴാണ് ഒരു നൂറ്റാണ്ടിലധികം കണ്ണില്‍ പെടാതെ കിടന്ന കഥയെ ക്ലിയറി പൊടിതട്ടിയെടുത്തത്.
1891-ലെ പുതുവത്സരത്തിൽ പുറത്തിറങ്ങിയ ഡബ്ലിൻ ഡെയ്ലി എക്സ്പ്രസിലെ പരസ്യത്തിൽനിന്നാണ് ‘ഗിബ്ബെറ്റ് ഹില്ലി’നെക്കുറിച്ച് ക്ലിയറി ആദ്യം മനസ്സിലാക്കിയത്. പിന്നീട് നടത്തിയ തിരച്ചിലിൽ അതിനു രണ്ടാഴ്ച മുൻപത്തെ പത്രത്തിൽ കഥ അച്ചടിച്ചുവന്നതായി കണ്ടെത്തി. ഡ്രാക്കുള എഴുതുന്നതിന് ഏഴുവർഷം മുൻപാണ് സ്റ്റോക്കർ ‘ഗിബ്ബെറ്റ് ഹിൽ’ എഴുതിയതെന്നുകരുതുന്നു. മൂന്ന് കുറ്റവാളികൾ ചേർന്ന് കൊലപ്പെടുത്തി കഴുമരത്തിൽ കെട്ടിത്തൂക്കിയ നാവികന്റെ കഥയാണ് ‘ഗിബ്ബെറ്റ് ഹില്ലി’ന്റെ പ്രമേയം. 1839-ൽ ചാൾസ് ഡിക്കൻസിന്റെ ‘നിക്കോളാസ് നിക്ക്ൽബി’ എന്ന നോവലിന് പശ്ചാത്തലമായ സറേയിലെ ഗിബ്ബെറ്റ് ഹില്ലാണ് ഈ കഥയുടെയും പശ്ചാത്തലം. 1912 ഏപ്രിൽ 20-നായിരുന്നു ബ്രാം സ്റ്റോക്കറുടെ മരണം. ഒക്ടോബർ 25-28 വരെ ഡബ്ലിനിൽ നടക്കുന്ന ബ്രാം സ്റ്റോക്കർ ഉത്സവത്തിൽ ‘ഗിബ്ബെറ്റ് ഹില്ലി’ന്റെ ഔദ്യോഗികപ്രകാശനം നടക്കും.ഗിബെറ്റ് ഹില്ലും ഡ്രാക്കുള പോലെ ഒരു ഹൊറര്‍ കഥയാണ്. ഡ്രാക്കുളയിലേക്കുള്ള കഥാകാരന്റെ സുപ്രധാന ചവിട്ടുപടിയാണ് ഗിബെറ്റ് ഹില്‍ എന്നാണ് ബ്രാം സ്റ്റോക്കറിന്റെ ജീവചരിത്രകാരന്‍ പോള്‍ മുറേ പറയുന്നത്.
