![]() |
| Courtesy |
നമ്മുടെ ഫോണിലെ ക്യാമറയും മൈക്രോഫോണും പോലും നമ്മുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുണ്ടോ എന്ന് ഭയന്നാണ് നാം ജീവിക്കുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയെന്ന് പറയുകയാണ് ജർമൻ കമ്പനി.ജർമനിയിലെ ലൈംഗികാരോഗ്യ ബ്രാന്‍ഡായ ബില്‍ ബോയയാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ക്യാംഡോം എന്നാണ് ആപ്പിന്റെ പേര്. ‘ഡിജിറ്റല്‍ കോണ്ടം ഫോര്‍ ദി ഡിജിറ്റല്‍ ജനറേഷന്’ എന്ന പരസ്യവാചകവുമായാമ്കമ്പനി ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
അതേ, ശരിക്കും ഡിജിറ്റൽ തലമുറയ്ക്കായി ഒരു ഡിജിറ്റൽ കോണ്ടം തന്നെ. ഈ ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്നതുവഴി, നമ്മുടെ ഫോണിന്റെ ക്യാമറയും മൈക്രോഫോണും ഹാക്കർമാരിൽനിന്നും ബ്ലോക്ക് ചെയ്യപ്പെടും. ഇത് മനസിലാക്കി അവർ ഈ ആപ്പ് തകർക്കാനോ ഓഫ് ചെയ്യാനോ ശ്രമിച്ചാൽ ഉടൻ അലാറം അടിക്കും. അതായത്, നിങ്ങളുടെ സമ്മതമില്ലാതെ ഇനി നിങ്ങളുടെ ഫോണിലെ ക്യാമറയും മൈക്രോഫോണും മറ്റൊരാൾക്കും ഉപയോഗിക്കാൻ കഴിയില്ല എന്നർത്ഥം.
ബ്ലൂടൂത്ത് വഴി മുറിയിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും ഇത് കണക്ട് ചെയ്യാനും അതുവഴി ആപ്പിന്റെ ഉപയോഗം ഈ ഡിവൈസുകളിലേക്ക് എല്ലാം വ്യാപിപ്പിക്കാനും സാധിക്കും. അതായത്, നിങ്ങളുടെ ഫോണിൽ നിന്നുമാത്രമല്ല, ബ്ലൂടൂത്തുമായി ഫോണിലെ ക്യാംഡോം ആപ്പ് ബന്ധിപ്പിച്ചിട്ടുള്ള ഒരു ഉപകരണത്തിൽ നിന്നും അവയിലെ ക്യാമറ ഉപയോഗിക്കാനാവില്ല, ആപ്പ് അതിലെയൊക്കെ ക്യാമറകളും മൈക്രോഫോണുകളും ബ്ലോക്ക് ചെയ്യും എന്നാണ് ക്യാംഡോം ആപ്പ് നിർമിച്ച വേൾഡ് (World) എന്ന കമ്പനിയുടെ പരസ്യം അവകാശപ്പെടുന്നത്.
'മൊബൈൽ ഫോണുകൾ നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗം പോലെയാണ് ഇന്ന് പ്രവർത്തിക്കുന്നത്. സ്വകാര്യചിത്രങ്ങളും വീഡിയോകളുമടക്കം നിരവധി പ്രധാനപ്പെട്ട കാര്യങ്ങൾ നമ്മൾ ഫോണിൽ സൂക്ഷിക്കാറുണ്ട്. നിങ്ങളുടെ സമ്മതമില്ലാതെ ഫോണിലെ ക്യാമറയും മൈക്രോഫോണും ഉപയോഗിച്ച് ആരെങ്കിലും നിങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ശ്രമിച്ചാൽ ബ്ലൂടൂത്തിലൂടെ നിങ്ങൾക്കത് തടയാം. അതിനു സഹായിക്കുന്ന ആപ്പാണ് ക്യാംഡോം', കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
'ലൈംഗികബന്ധത്തിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കോണ്ടത്തിലൂടെ ഒരുപരിധി വരെ നമുക്കായിട്ടുണ്ട്. എന്നാൽ പുതിയ തലമുറയെ ഭയപ്പെടുത്തുന്ന ഒരു ഡിജിറ്റൽ പ്രശ്നത്തെ പരിഹരിക്കാനാണ് ഈ പുതിയ ആപ്പിലൂടെ ഞങ്ങൾ ശ്രമിക്കുന്നത്. ശരിക്കുമുള്ള കോണ്ടത്തിലൂടെ ഈ പ്രശ്നത്തെ പരിഹരിക്കാൻ നമുക്ക് കഴിയില്ലായിരിക്കാം എന്നാൽ ഒരു ഡിജിറ്റൽ കോണ്ടത്തിലൂടെ തീർച്ചയായും സാധിക്കും. അനുവാദമില്ലാതെ ആളുകളുടെ സ്വകാര്യവീഡിയോകൾ ചോർത്തുന്ന പ്രവണത തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം,' ബില്ലി ബോയ് ബ്രാൻഡിന്റെ മാനേജർ അലക്സാണ്ടർ സ്ട്രുമൻ പറയുന്നു.
