പരമാവധി സ്വകാര്യത കാത്തുസൂക്ഷിച്ച് മുന്നോട്ടു കൊണ്ടുപോയാ ചികിത്സ കാലയളവിൽ ഇതാദ്യമായാണ് ആരോഗ്യ സംബന്ധമായ വിവരം പുറത്തുവരുന്നത്.
ചിത്രത്തിന് കടപ്പാട്: emperornie / Wikimedia Commons / CC BY-SA 4.0
ഫോർമുല 1 ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ (Michael Schumacher) ആരോഗ്യനിലയെക്കുറിച്ച് പുതിയ വാർത്തകൾ പുറത്ത്. 2013-ലുണ്ടായ ദൗർഭാഗ്യകരമായ അപകടത്തിന് ശേഷം നീണ്ട 12 വർഷങ്ങളും ഒരു മാസവും പിന്നിടുമ്പോൾ,F1 (Formula 1) ഇതിഹാസം ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടതായും കിടപ്പിലായിരുന്ന അവസ്ഥയിൽ മാറ്റമുണ്ടായതായും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയിൽ (Daily Mail) നൽകുന്ന വിവരങ്ങൾ പ്രകാരം, ഷൂമാക്കർക്ക് ഇപ്പോൾ നിവർന്നിരിക്കാനും വീൽചെയറിന്റെ പിന്തുണയോടെ വീടിനുള്ളിൽ സഞ്ചരിക്കാനും സാധിക്കുന്നുണ്ട്. സ്കീയിങ് അപകടത്തെത്തുടർന്ന് അദ്ദേഹം ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് കരുതിയിരുന്നവർക്ക് ആശ്വാസം പകരുന്നതാണ് ഈ മാറ്റം (Michael Schumacher miraculous recovery). നിലവിൽ സ്പെയിനിലെ മയ്യോർക്കയിലുള്ള എസ്റ്റേറ്റിലും ജനീവയിലെ വസതിയിലുമായി അദ്ദേഹം സമയം ചെലവഴിക്കുന്നുണ്ടെന്നാണ് വിവരം.
അപകടത്തിന് ശേഷം ഷൂമാക്കറുടെ ആരോഗ്യവിവരങ്ങൾ അതീവ രഹസ്യമായാണ് കുടുംബം സൂക്ഷിച്ചിരുന്നത്. അടുത്ത ബന്ധുക്കൾക്കും വിരലിലെണ്ണാവുന്ന സുഹൃത്തുക്കൾക്കും മാത്രമായിരുന്നു അദ്ദേഹത്തെ സന്ദർശിക്കാൻ അനുവാദമുണ്ടായിരുന്നത്. താരം 'ലോക്ക്ഡ്-ഇൻ സിൻഡ്രോം' (കണ്ണുകൾ കൊണ്ട് മാത്രം പ്രതികരിക്കാൻ കഴിയുന്ന അവസ്ഥ) എന്ന അവസ്ഥയിലാണെന്ന തരത്തിൽ മുൻപ് പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ ഇപ്പോൾ വ്യക്തമാക്കുന്നു.
ഭാര്യ കോറിന ഷൂമാക്കറുടെ (Corinna Schumacher) പരിചരണത്തിൽ ആയിരുന്നു അദ്ദേഹം . കൂടാതെ ഡോക്ടർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, നഴ്സുമാർ എന്നിവരടങ്ങുന്ന വലിയൊരു സംഘം 24 മണിക്കൂറും അദ്ദേഹത്തോടൊപ്പമുണ്ട്. നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നൂതന ചികിത്സാ രീതികളാണ് അദ്ദേഹത്തിന് നൽകി വരുന്നത്. വലിയ ചെലവ് വരുന്നതിനാൽ ചികിത്സയ്ക്കായി ആഴ്ചയിൽ ആയിരക്കണക്കിന് പൗണ്ട് ആണ് കുടുംബം ചെലവിടുന്നത്.
2013 ഡിസംബർ 29-ന് ഫ്രഞ്ച് ആൽപ്സിൽ മെറിബെൽ റിസോർട്ടിൽ (Meribel Resort) അവധി ആഘോഷത്തിനിടെയുള്ള അപകടമാണ് ഷൂമാക്കറുടെ ജീവിതം മാറ്റിമറിച്ചത്. ആൽപ്സിൽ മകനോടൊപ്പം സ്കീയിങ് നടത്തുന്നതിനിടെ ട്രാക്കിൽ (Meribel skiing accident) നിന്ന് തെറിച്ചുപോയ അദ്ദേഹം പാറയിൽ തലയിടിച്ചു വീഴുകയായിരുന്നു.ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും വീഴ്ചയിൽ ഉണ്ടായ ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തകർന്ന് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ(Traumatic Brain Injury) അദ്ദേഹത്തെ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കോമയിലായി. 2014 ജൂണിലാണ് ഷൂമാക്കർ ബോധാവസ്ഥയിലേക്ക് തിരിച്ചെത്തിയത്.
കരിയറിൽ ഏഴ് തവണ ഫോർമുല വൺ (Formula 1) ലോക കിരീടം നേടിയ ഷൂമാക്കർ, കാറോട്ട മത്സര ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. 2000 മുതൽ 2004 വരെ തുടർച്ചയായി അഞ്ച് തവണ കിരീടം നേടി അദ്ദേഹം റെക്കോർഡ് സൃഷ്ടിച്ചിരുന്നു. കായിക ലോകത്തെ ആദ്യ ശതകോടീശ്വരൻ എന്ന പദവിയും ഷൂമാക്കർക്ക് സ്വന്തമായിരുന്നു. 2012-ലാണ് അദ്ദേഹം റേസിംഗ് ട്രാക്കുകളോട് വിടപറഞ്ഞത്.
ഷൂമാക്കറുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ടാണ് കോറിന ചികിത്സാ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വിറ്റ്സർലാൻഡിലെയും സ്പെയിനിലെ മയ്യോർക്കയിലെയും വസതികളിൽ ലോകോത്തര ആരോഗ്യ പരിപാലനമാണ് ഷൂമാക്കറിനായി കൊറീന ഒരുക്കിയിരിക്കുന്നത്.
വൻതോതിൽ പണം മുടക്കിയുള്ള ചികിത്സ രീതിയും, അതിനുവേണ്ട വിദഗ്ധ മെഡിക്കൽ സംഘത്തെയും ഉൾപ്പെടുത്തിയുള്ള പരിചരണം ആവാം അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ വഴി ഒരുക്കിയ മെഡിക്കൽ മിറാക്കിൾ.(Michael Schumacher miraculous recovery)
