![]() |
| Courtesy |
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യു.ഡി.എഫിനെതിരെ സന്ദീപ് വാര്യരെ വെച്ചുള്ള തിരഞ്ഞടുപ്പ് പരസ്യവുമായി എല്‍.ഡി.എഫ്. സരിന് തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണെന്നതാണ് പ്രത്യേകത.
കശ്മീര്‍ വിഷയത്തില്‍ സന്ദീപിന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റും ആര്.എസ്.എസ് വേഷം ധരിച്ച് നില്ക്കുന്ന ചിത്രവുമൊക്കെ പരസ്യത്തിലുണ്ട്.കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സി.എ.എ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിവധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ വിഷ നാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം എന്നിങ്ങനെ സന്ദീപിനെതിരായ തലക്കെട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മതേതരവാദിയായ സരിനെ പോലെ ഒരാളെ പുറത്താക്കി വർഗീയതയുടെ കാളകൂടവിഷത്തെ സ്വീകരിച്ചുവെന്നാണ് കോൺഗ്രസിനെതിരേ പരസ്യത്തിൽ വിമർശിക്കുന്നത്.
സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പത്രപ്പരസ്യത്തില്‍ ഉള്ളത്. സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രം സുപ്രഭാതം എന്നിവയിലാണ് പരസ്യം എല്‍ഡിഎഫ് നല്‍കിയിരിക്കുന്നത്. അതേസമയം, സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ പരസ്യമില്ല എന്നതും ശ്രദ്ധേയമാണ്.
അഡ്വറ്റോറിയൽ ശൈലിയിലാണ് പരസ്യം നൽകിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാർത്ത ശൈലിയിലുള്ള പരസ്യങ്ങളെയാണ് അഡ്വറ്റോറിയൽ എന്ന് പറയുന്നത്. സരിൻ തരംഗം എന്ന വലിയ തലക്കെട്ട് പരസ്യത്തിൽ കാണാം.
