ആദ്യം രണ്ട് പാർട്ടികൾ തമ്മിലുള്ള പോരാട്ടം എന്ന നിലയിൽ നിന്ന് തികച്ചും രണ്ട് വ്യക്തികൾ മാത്രമായ പോരാട്ടത്തിലേക്ക് മാറിയ ,വിവാദങ്ങളും പോര്‍വിളികളും ട്വിസ്റ്റുകളും നിറഞ്ഞ പ്രചരണ ദിനങ്ങള്‍ അനസാനിച്ചു. പാലക്കാട് ഇനി പോളിങ് ബൂത്തിലേക്ക്. വിജയം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും മണ്ഡലം പിടിക്കാന്‍ ബിജെപിയും കൈവിട്ട പ്രതാപം അസ്തമിച്ചിട്ടില്ലെന്ന് വിളിച്ചുപറയാന്‍ സിപിഎമ്മും കളം നിറഞ്ഞ പാലക്കാട് ഇനി ഒരു ദിവസം നിശബ്ദ പ്രചരണം. ആവനാഴിയിലെ അവസാന അടവും പുറത്തെടുത്ത് വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടത് - വലത് - എന്‍ഡിഎ മുന്നണികള്‍.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങുമ്പോൾ മൂന്ന് മുന്നണികളും അതീവ ആവേശത്തിൽ തന്നെയായിരുന്നു. മൂന്ന് മുന്നണികളുടെയും പ്രവർത്തകരും നേതാക്കൻമാരും നടത്തിയ റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു. വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും ശേഷം തെരഞ്ഞെടുപ്പ് ആവേശം കൊടുമുടി കയറിയപ്പോൾ ജനക്കൂട്ടം അത്യാവേശത്തിലായിരുന്നു.
ഒരു മാസത്തിലേറെ നീണ്ട ആവേശ പ്രചാരണത്തിനാണ് പാലക്കാട് ഇന്ന് കൊടിയിറങ്ങിയത്. നിയമസഭ മണ്ഡലം സമീപകാലത്ത് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ശക്തി പ്രകടനമായിരുന്നു ഇത്തവണ മൂന്ന് മുന്നണികളും പാലക്കാട് നടത്തിയത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇനി ബുധനാഴ്ചത്തെ വോട്ടെടുപ്പ് വരെ നിശബ്ദ പ്രചാരണമായിരിക്കും നടക്കുക.പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം.
എസ്എഫ്ഐ പിടിച്ചെടുത്ത വിക്ടോറിയ കോളേജ് പരിസരത്തു നിന്നും മന്ത്രി എം.ബി. രാജേഷ് ഉൾപ്പടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു എൽഡിഎഫിന്റെ കൊട്ടിക്കലാശം. സരിന്റെ ചിത്രങ്ങളും, ബലൂണുകളും, കലാരൂപങ്ങളും അണിയിച്ചൊരുക്കി ഒരിഞ്ച് വിട്ടുകൊടുക്കാതെ തന്നെയായിരുന്നു ഇടതുമുന്നണിയുടെ പ്രകടനം.സരിന് ക്രെയിനില്‍ കയറിയത് അണികള്‍ക്കിടയില്‍ ആവേശം ഉയര്‍ത്തി. എല്‍ഡിഎഫ് പ്രചാരണത്തിലുടനീളം സരിന്റെ ചിഹ്നമടങ്ങിയ പതാക പാറിപ്പറന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്, ബിജെപിയില്‍ നിന്നെത്തിയ സന്ദീപ് വാര്യര്‍, ഷാഫി പറമ്പില്‍ എംപി, യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞുള്ള കുടമാറ്റമായിരുന്നു യുഡിഎഫിന്റെ ഹൈലൈറ്റ്. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ പോസ്റ്ററും യുഡിഎഫിന്റെ കൊട്ടിക്കലാശത്തില്‍ ഉയര്‍ന്നു.
എന്‍ഡിഎ ക്യാമ്പിന്റെ ആവേശവും കൊട്ടിക്കലാശത്തിലുടനീളം പ്രകടമായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ ക്രെയിനില്‍ എത്തിയാണ് അണികളെ അഭിവാദ്യം ചെയ്തത്. സി കൃഷ്ണകുമാറിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും എത്തിയിരുന്നു.
