പഠനകാലത്ത് നിവേദനം നൽകി സഫലമാക്കിയ കെഎസ്ആർടിസി ബസ് സർവീസ് വിവാഹത്തിനായി തെരഞ്ഞെടുത്ത് തിരുവനന്തപുരം സ്വദേശി അമൽ. തന്റെ പഠനത്തിനും പ്രണയത്തിനുമൊക്കെ സാക്ഷ്യം വഹിച്ച കെഎസ്ആർടിസി ബസ് തന്നെ തന്റെ വിവാഹ ചടങ്ങിനും സാക്ഷ്യം വഹിക്കണമെന്ന ആഗ്രഹമാണ് അമൽ ഇതിലൂടെ സാക്ഷാത്കരിച്ചത്.
ചീനിവിള അരുൺ നിവാസിൽ നിത്യാനന്ദന്റെയും ഗീതാമണിയുടെയും മകൻ അമലാണ് ചെങ്കൽ ക്ഷേത്രസന്നിധിയിൽ താലികെട്ടാൻ പോകാൻ കെ.എസ്.ആർ.ടി.സി. ബസ് തിരഞ്ഞെടുത്തത്. ബസിലെ സ്ഥിരം യാത്രക്കാരിയാണ് താലികെട്ടിയ അഭിജിതയും.
പഠിക്കുന്ന കാലത്ത് ചീനിവിള വഴി രാവിലെ ബസ് സർവീസ് വേണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് അമൽ നിരവധിതവണ നിവേദനം നൽകി. ഒരു വിദ്യാർഥിയുടെ നിരന്തരമായ ആവശ്യം കെ.എസ്.ആർ.ടി.സി. ഒടുവിൽ സഫലമാക്കി. ഇതോടെ അമലിന്റെ യാത്ര സ്ഥിരമായി ഈ ബസിലായി. ഇപ്പോൾ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അമൽ ഇതേ ബസിൽ തന്നെയാണ് ജോലിക്കു പോകുന്നത്.
തന്റെ പ്രാണസഖിയായ അഭിജിതയെ അമൽ പരിചയപ്പെട്ടതും ഈ ബസിൽ നിന്നാണ്. അടുത്ത സ്റ്റോപ്പിൽനിന്നു കയറുന്ന അഭിജിതയും ഈ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു. അങ്ങനെ തുടങ്ങിയ അടുപ്പമാണ് ഇപ്പോൾ ഒരേ സീറ്റിലിരുന്നുള്ള യാത്രയിലെത്തിയത്. യാത്രയിലൂടെ തങ്ങളെ പരിചിതരാക്കിയ ബസ് തന്നെ കതിർമണ്ഡപത്തിലേക്കുള്ള യാത്രയ്ക്കും തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് അമൽ പറഞ്ഞു.
