മുനവെച്ച വാക്കുകൾ മുരളീധരൻ പറഞ്ഞു 24 മണിക്കൂർ തികയും മുൻപ്.
![]() |
| Courtesy |
കടൽ, ആന, മോഹൻലാൽ, കെ. മുരളീധരൻ ഈ നാല് പേരെയും എത്ര കണ്ടാലും മലയാളികൾക്ക് മടുക്കില്ലെന്ന് ബി.ജെ.പി. വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. പാലക്കാട് ഒരു പൊതുപരിപാടിയിൽ മുരളീധരനെ വേദിയിൽ ഇരുത്തിയാണ് സന്ദീപ് വാര്യർ പ്രശംസ ചൊരിഞ്ഞത്. കെ. മുരളീധരനെ കേരള രാഷ്ട്രീയത്തിൽനിന്ന് മാറ്റി നിർത്താൻ കഴിയില്ല. കരുണാകരൻ ശക്തനായ നേതാവായിരുന്നു. ഏത് കാര്യവും നടപ്പിലാക്കാൻ കഴിവുള്ള നേതാവായിരുന്നു അദ്ദേഹമെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാലക്കാട് ശ്രീകൃഷ്ണപുരം മൾട്ടി പർപ്പസ് സൊസൈറ്റിയുടെ പുതിയ കെട്ടടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ.
കെ. മുരളീധരനെ മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയിതുകൊണ്ടാണ് സന്ദീപ് വാര്യർ പ്രസംഗം ആരംഭിച്ചത്. 'മുരളിയേട്ടനെ ഇന്ന് രാവിലെ കാണാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. ബി.ജെ.പിയുടെ സംസ്ഥാനതലത്തിൽ വരുന്ന സമയത്ത് ആദ്യം കൊടുത്ത ചില അഭിമുഖങ്ങളുണ്ട്. അതിൽ ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവാര് എന്ന ചോദ്യത്തിന് അർഥശങ്കയ്ക്ക് ഇടയില്ലാതെ നൽകിയ ഉത്തരം കെ.കരുണാകരൻ എന്നാണ്. ഞാൻ ബി.ജെ.പിക്കാരനായിരുന്നപ്പോൾ പറഞ്ഞ കാര്യമാണ്. തീരുമാനങ്ങൾ എടുക്കാൻ കെൽപ്പുള്ള ആളായിരിക്കണം ഒരു രാഷ്ട്രീയ നേതാവ്. വരുംവരായ്കൾ ചിന്തിച്ചുകൊണ്ടിരുന്നാൽ ഒരിക്കലും തീരുമാനം എടുക്കാൻ സാധിക്കില്ല. തീരുമാനം എടുക്കാനുള്ള ശേഷിയാണ് ഒരു ഭരണകർത്താവിനെ മികച്ചവനാക്കുന്നത്. ഒരു നാടിനെ മുന്നോട്ട് നയിക്കുന്നത്. അങ്ങനെയാണ് കലൂരിൽ അന്താരാഷ്ട്ര സ്റ്റേഡിയമുണ്ടായത്, കൊച്ചിൽ അന്താരാഷ്ട്ര വിമാനത്താവളമുണ്ടായത്. അങ്ങനെയാണ് കേരളത്തിൽ നിരവധി വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പെടുക്കപ്പെട്ടത്.'- സന്ദീപ് പറഞ്ഞു.
'വിമർശനങ്ങളുണ്ടാകാം. എതിരാളികൾ കൂരമ്പുകളെയ്യാം.ആരോപണശരങ്ങൾകൊണ്ട് പിച്ചിച്ചീന്താം. പക്ഷേ, ഒരു തീരുമനം എടുത്താൽ ആ തീരുമാനത്തിൽ ഉറച്ചുനിന്ന് മുന്നേട്ട് പോകുക എന്നതാണ് ഒരു ഭരണാധികാരിയുടെ കർത്തവ്യമെങ്കിൽ അതാണ് ഉറച്ച നേതൃത്വമെങ്കിൽ ആ നേതൃത്വത്തിന്റെ മാതൃക കാണിച്ചുതന്നത് കരുണാകരനാണ് എന്നകാര്യത്തിൽ ഒരു സംശയമില്ല. ഒരു മുഖ്യമന്ത്രി എങ്ങനെയാവണം സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇടപെടണമെന്ന് കാണിച്ചുതന്ന നേതാവായിരുന്നു കെ.കരുണാകരൻ. അദ്ദേഹത്തിന്റെ മകനാണ് കെ.മുരളീധരൻ. നമ്മൾ സാധാരണ പറയും കടൽ, ആന പിന്നെ മോഹൻലാൽ എത്രകണ്ടാലും മടുക്കില്ല. പക്ഷേ നാലാമത് ഒന്നുകൂടിയുണ്ട്, കെ. മുകളീധരൻ. കടൽ, ആന, മോഹൻലാൽ, കെ. മുരളീധരൻ. ഈ നാല് പേരെയും എത്ര കണ്ടാലും മലയാളികൾ മടുക്കില്ല. അതുകൊണ്ട് കെ. മുരളീധരനെന്ന വാക്ക്, കെ.മുരളീധരനെന്ന നാമം കേരള രാഷ്ട്രീയത്തിൽനിന്ന് മാറ്റി നിർത്താൻ കഴിയില്ല എന്നതാണ് വസ്തുത. അദ്ദേഹത്തെ ഏറെ ആദരിക്കുന്നു, ജേഷ്ഠതുല്യനാണ്.' - അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദീപ് വാര്യരെ കെ.മുരളീധരനും പ്രശംസിച്ചു. വേദിയിലേക്ക് സന്ദീപ് വാര്യരെ സ്വീകരിച്ചതും കെ.മുരളീധരനായിരുന്നു. അഭിപ്രായം ഉള്ളിടത്ത് അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസ് ഒരു ജനാധിപത്യപാർട്ടിയാണ്. ആ ജനാധിപത്യപാർട്ടിയിലേക്ക് അദ്ദേഹം കടന്നുവന്നു. ഞങ്ങളെല്ലാം ഇപ്പോൾ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് സന്ദീപ് വാര്യർ വരുന്നതിനെ എതിർത്തിരുന്ന നേതാവാണ് കെ. മുരളീധരൻ. എന്നാൽ സന്ദീപും മുരളീധരനും ഒരുമിച്ച് വേദ പങ്കിട്ട അപൂർവ കാഴ്ചയാണ് പാലക്കാട് കണ്ടത്. മുരളീധരന് അടുത്ത് തന്നെയാണ് സന്ദീപ് വാര്യർക്കും ഇരിപ്പിടം നൽകിയത്. ഇരുവരും കുശലാന്വേഷണം നടത്തുന്നതും ചെവിയിൽ സ്വകാര്യം പറയുന്നതും ക്യാമറകളിൽ പതിഞ്ഞു.
