ഇതൊക്കെ അറിയാമെങ്കിലും വിൽക്കുന്നവരോ വാങ്ങി കഴിക്കുന്നവരാ അതൊന്നും മൈൻഡ് ചെയ്യാറില്ല എന്നത് മറ്റൊരു കാര്യം.
മരുന്നുകളെ അതിജീവിക്കുന്ന അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കേരളത്തിലെ ഇറച്ചിക്കോഴികളിൽ കണ്ടെത്തി ഐസിഎംആർ. ഐസിഎംആറിലെ ശാസ്ത്രജ്ഞൻ ഡോ. ഷോബി വേളേരിയുടെ നേതൃത്വത്തിൽ അജ്മൽ അസീം, പ്രാർഥി സാഗർ, എൻ സംയുക്തകുമാർ റെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.
ഐസിഎംആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ (ഹൈദരാബാദ്) ഡ്രഗ്സ് സേഫ്റ്റി ഡിവിഷൻ ഒരു അന്താരാഷ്ട്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. കോഴികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് ജീനോമിക് ഡിഎൻഎയെ വേർതിരിച്ചാണ് പഠനം നടത്തിയത്. ഇന്ത്യയിൽ ആൻറിബയോട്ടിക് ചികിത്സയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഇ-കോളി, ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ്, ക്ലെബ്സിയെല്ല ന്യുമോണിയ സ്റ്റാഫൈലോകോക്കസ് ഓറിയസ്, എൻ്ററോകോക്കസ് ഫെക്കാലിസ്, സ്യൂഡോമോണസ് എരുഗിനോസ, ബാക്ടീരിയോഡ്സ് ഫ്രാഗിൾസ് തുടങ്ങിയ രോഗാണുക്കളും പഠനത്തിൽ കണ്ടെത്തി.
ശ്വാസകോശ സംബന്ധമായ അണുബാധകൾ (ന്യുമോണിയ, ബ്രോങ്കൈറ്റിസ്), മൂത്രനാളിയിലെ അണുബാധകൾ, ദഹനനാളത്തിലെ അണുബാധകൾ, ഇൻട്രാ-അബ്ഡോമിനൽ അണുബാധകൾ തുടങ്ങിയവയ്ക്കെല്ലാം ഇത് കാരണമായേക്കാം. പാകം ചെയ്താലും ചില ബാക്ടീരിയകൾ നിലനിൽക്കും
.ദക്ഷിണേന്ത്യയിലെ ബ്രോയിലർ കോഴികളിൽ ആന്റിബയോട്ടിക് പ്രതിരോധം വർധിക്കുന്നതായി നേരത്തേതന്നെ സൂചനകളുണ്ടെങ്കിലും ഇതിനെ ശാസ്ത്രീമായി സാധൂകരിക്കുന്ന പഠനങ്ങളോ ഡേറ്റകളോ ഉണ്ടായിരുന്നില്ല. വിവിധ മേഖലകളിൽനിന്ന് കോഴിവിസർജ്യം ശേഖരിക്കുകയും ഡി.എൻ.എ വേർതിരിച്ച് പഠന വിധേയമാക്കുകയുമാണ് സംഘം ചെയ്തത്. ഗ്രാം നെഗറ്റിവ്, ഗ്രാം പോസിറ്റിവ് എന്നിങ്ങനെ രണ്ടുതരത്തിലാണ് ബാക്ടീരിയകളെ തരംതിരിച്ചിരിക്കുന്നതെന്ന് ഡോ. ഷോബി വേളേരി ഒരു മാധ്യമത്തോട് പറഞ്ഞു. ‘ഏറ്റവും അപകടകാരികളാണ് ഗ്രാം നെഗറ്റിവ് വിഭാഗത്തിലുള്ളവ.തലയിൽ ഹെൽമറ്റ് വെച്ചതിന് സമാനമായി മരുന്നുകളേശാത്ത വിധത്തിലുള്ള അധിക സുരക്ഷ പാളി സ്വതവേ ഇവയ്ക്കുണ്ട്. ഇത്തരം ബാക്ടീരിയകൾ ആന്റിബയോട്ടിക് പ്രതിരോധം കൂടി ആർജിച്ചാൽ ഇവ മരുന്നുകളിൽനിന്ന് ഇരട്ടി സുരക്ഷിതമാകും. ഇതാകട്ടെ കൂടുതൽ അപകടകരമാണ്. കേരളത്തിൽനിന്നുള്ള സാമ്പിളുകളിൽ ഗ്രാം നെഗറ്റിവ് ബാക്ടീരിയകളുമുണ്ടെന്നതാണ് ആശങ്കകര’മെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ മൂന്ന് സോണുകളായി തിരിച്ചാണ് പഠനത്തിനായി സാമ്പിളുകൾ സമാഹരിച്ചത്. മലപ്പുറം, കണ്ണൂർ ജില്ലകളാണ് വടക്കൻ സോണിലും എറണാകുളവും കോട്ടയവും മധ്യമേഖലയിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ തെക്കൻ മേഖലയിലും ഉൾപ്പെടുന്നു. മറ്റു മേഖലകളെ അപേക്ഷിച്ച് തെക്കൻ മേഖലയിലാണ് ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം ഏറെയുള്ളത്.
