![]() |
| Courtesy |
ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിന്റെ കൈപിടിച്ചതിന് പിന്നാലെ പാണക്കാടെത്തി സന്ദീപ് വാര്യര്‍. നിറഞ്ഞ പുഞ്ചിരിയോടെ ഹസ്തദാനം ചെയ്തായിരുന്നു കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും സന്ദീപ് വാര്യരെ സ്വാഗതം ചെയ്തത്. മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയമായി കൗതുകമുണര്‍ത്തുന്ന കാഴ്ചയായിരുന്നു. സാദിഖലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് പുറമെ എംഎല്‍എമാരായ എം ഷംസുദ്ദീന്. നജീബ് കാന്തപുരം, യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്, ലീഗിന്റെ രാജ്യസഭ എംപി ഹാരിസ് ബീരാന് തുടങ്ങിയവര്‍ ചേര്‍ന്നാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. പാർട്ടി മാറി ഴിഞ്ഞപ്പോൾ ,മതനിരപേക്ഷത മലപ്പുറത്തിന് കിട്ടാൻ കാരണം പാണക്കാട്ട് കുടുംബമാണെന്ന് സന്ദീപ് വാരിയർ പറഞ്ഞു. രാജ്യം അംഗീകരിച്ച കാര്യമാണിത്. മാനവസൗഹാർദമാണ് ഏറ്റവും വലുത് എന്ന സന്ദേശം നൽകിയ തറവാടാണിതെന്നും സന്ദീപിന്റെ പ്രതികരണം.
സന്ദീപ് വാര്യരുടെ കടന്നുവരവിനെ സന്തോഷത്തോടെ നോക്കിക്കാണുന്നു. അദ്ദേഹത്തിന്റെ കഴിഞ്ഞ കാലങ്ങളിലെ നിലപാടുകളെല്ലാം മാറ്റി സൗഹാര്‍ദത്തിന്റെയും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റേയും രാഷ്ട്രീയ ഭൂമിയിലേക്ക് അദ്ദേഹം കടന്നുവന്നിരിക്കുകയാണ്. ഏറെ സന്തോഷമുണ്ട്. പാണക്കാട്ടെ പാരമ്പര്യവുമായി അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇവിടെ കടന്നുവന്നതോടെ ഇത് ഞങ്ങള്‍ കൂടുതല്‍ ആസ്വദിക്കുകയാണ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സന്ദീപ് വാര്യരുടെ കടന്നുവരവിൻ്റെ രാഷ്ട്രീയ വശമാണ് ചിന്തിക്കേണ്ടത്. ബിജെപിയാണ് അവസാന അഭയകേന്ദ്രമെന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേരുന്നതോടെ മാറ്റം വരുന്നത്. കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ് വരാനിരിക്കുന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറവുമായുള്ളത് പൊക്കിൾക്കൊടി ബന്ധമാണെന്നാണ് സന്ദീപ് വാര്യർ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. മാനവ സംസ്കാരം മലപ്പുറത്തിന് ലഭിക്കാൻ കാരണം പാണക്കാട് കുടുംബമാണ്. മുസ്ലീം ലീഗുകാർക്ക് തന്നെ കുറിച്ച് നല്ല ധാരണയുണ്ടെന്നും സന്ദീപ് പറഞ്ഞു. പാണക്കാട്ടേക്കുള്ള ആദ്യ വരവാണ്. ഇനി എപ്പോഴും വരാനുള്ള സ്വാതന്ത്ര്യം ലഭിച്ചു എന്ന് പ്രതീക്ഷിക്കുന്നുവെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വിമർശിക്കാനും സന്ദീപ് മറന്നില്ല. "ഇരിക്കുന്ന കസേരയുടെ വലുപ്പം അറിയാത്തത് സുരേന്ദ്രനാണ്. എനിക്ക് ഇപ്പോൾ കിട്ടിയത് വലിയ കസേരയാണ്. പാർട്ടിയെ പിളർത്താനുള്ള ക്വട്ടേഷനുമായി വന്നതല്ല ഞാന്‍. പാലക്കാട് അസ്വസ്ഥരായ നിരവധി പേരുണ്ട്. പ്രിയ അജയനെ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് മാറ്റിയത് ഹീനമാണ് എന്ന് എല്ലാവർക്കും അറിയാം. നിരവധി പേർ തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കാണുന്നത് ട്രെയിലറാണ്, സിനിമ വരുന്നതേയുള്ളൂ. ", സന്ദീപ് പറഞ്ഞു.
അതേസമയം സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേയ്ക്ക് വന്നില്ലായിരുന്നെങ്കിലും പാലക്കാട് തങ്ങള്‍ ജയിക്കുമെന്നും അദ്ദേഹത്തിന്റെ വരവിനെ എതിര്‍ത്തത് രണ്ട് കാരണങ്ങള്‍ കൊണ്ടെന്നും കെ. മുരളീധരന്. താന്‍ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനൊന്നും അല്ലെന്നും ഒരു എളിയ പാര്‍ട്ടി പ്രവര്ത്തകന് ആണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്. സന്ദീപ് വാര്യരുടെ വരവ് ടിവിയിലൂടെയാണ് അറിഞ്ഞതെന്നും സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖരനോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസിലേയ്ക്ക് വന്നാലും താന്‍ സ്വാഗതം ചെയ്യുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
'ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേയ്ക്ക് പോകുന്നത് ജനാധിപത്യത്തില്‍ പതിവുള്ളതാണ്. അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. നാളെ ഇനി സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖരനോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസിലേയ്ക്ക് വന്നാലും ഞാന്‍ സ്വാഗതം ചെയ്യും. ബി.ജെ.പിയില്‍ നിന്ന് ചില കൗണ്‍സിലര്‍മാര്‍ വരുന്നുവെന്ന് വാര്‍ത്തയുണ്ട്. അതിനെയും ഞാന്‍ സ്വാഗതം ചെയ്യും.
സന്ദീപ് വാര്യരുടെ കാര്യത്തില്‍ എനിക്ക് രണ്ട് എതിരഭിപ്രായം മാത്രമേ ഉള്ളൂ. ഒന്ന് അദ്ദേഹം ഗാന്ധി വധത്തെ ന്യായീകരിച്ചു. രണ്ട് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചു. വിമര്‍ശനം രണ്ടുതരത്തിലുണ്ട്. രാഷ്ട്രീയപരമായും വ്യക്തിപരമായും വിമര്‍ശിക്കാം. സുരേന്ദ്രനെപ്പറ്റി സന്ദീപ് വാര്യര്‍ കഴിഞ്ഞദിവസം നടത്തിയത് രാഷ്ട്രീയപരമായ വിമര്‍ശനമാണ്. അത് ഞങ്ങളും അംഗീകരിക്കുന്നു. പക്ഷേ രാഹുല്‍ ഗാന്ധിയെപ്പറ്റി അദ്ദേഹം പറഞ്ഞത് അതല്ല. ഈ രണ്ട് കാരണങ്ങള്‍ കൊണ്ട് മാത്രമാണ് സന്ദീപ് വാര്യരുടെ വരവിനെ മാത്രം ഞാന്‍ എതിര്‍ത്തത്. പക്ഷേ പാര്‍ട്ടി ഒരു നിലപാട് സ്വീകരിച്ചു. അദ്ദേഹത്തെ സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇന്നലെമുതല്‍ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസുകാരനായി. ഇന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ കണ്ടതുമുതല്‍ അദ്ദേഹം യുഡിഎഫുകാരനുമായി. ഇനി അതില്‍ തുടര്ചര്ച്ചകളില്ല.
20-ാം തീയതി പാലക്കാട് തിരഞ്ഞെടുപ്പാണ്. ഇന്നലെ മുതല്‍ കോണ്‍ഗ്രസുകാരനായി മാറിയ സന്ദീപ് വാര്യരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞങ്ങള്‍ ഒരു എതിരഭിപ്രായവുമില്ല. കോണ്‍ഗ്രസ് മുങ്ങിത്താഴുകയൊന്നുമില്ല. ആരുവന്നാലും ഇല്ലെങ്കിലും കോണ്‍ഗ്രസ് ശക്തമായി മുന്നോട്ട് പോകും. സന്ദീപ് വാര്യര്‍ വന്നില്ലായിരുന്നെങ്കിലും പാലക്കാട് കോണ്‍ഗ്രസ് ഉറപ്പായും ജയിക്കും. പാലക്കാട് തിരഞ്ഞെടുപ്പിനെക്കുറിച്ച് നന്നായി പഠിച്ചയാളാണ് ഞാന്‍. നൂറ് ശതമാനം വിജയം ഉറപ്പാണ്.
സന്ദീപ് വാര്യരുടെ വരവ് ടിവിയിലൂടെയാണ് അറിഞ്ഞത്. അതിന്റെ ആവശ്യമല്ലേ ഉള്ളൂ. ഞാന്‍ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനൊന്നും അല്ലല്ലോ, ഞാന്‍ ഒരു എളിയ പ്രവര്ത്തകന് അല്ലേ ? രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് സന്ദീപ് വാര്യരുടെ വരവിനെ എതിര്‍ത്തത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ച സ്ഥിതിക്ക് അച്ചടക്കമുള്ള പ്രവര്ത്തകന് എന്ന നിലയ്ക്ക് അത് അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്', മുരളീധരന് പറഞ്ഞു.
Also read ലീഗ് സഹിക്കുമോ?
