രണ്ട് മുന്നണികൾ തമ്മിലുള്ള മത്സരത്തിൽ നിന്ന് രണ്ട് വ്യക്തികൾ തമ്മിലുള്ള മത്സരത്തിലേക്ക് മാറിയ ഉപ തിരഞ്ഞെടുപ്പ്.
ഒട്ടും പ്രതീക്ഷിക്കാത്ത മറുകണ്ടം ചാട്ടം കൊണ്ട് ശ്രദ്ധേയമായ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 70.51% പോളിങ്. തപാൽ വോട്ട് ഉൾപ്പെടെ ചേർക്കുമ്പോൾ അന്തിമഫലത്തിൽ മാറ്റം വന്നേക്കും. ആകെയുള്ള 1,94,706 വോട്ടര്‍മാരിൽ 1,37,302 പേർ വോട്ട് ചെയ്തതെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പല ബൂത്തുകളിലും സമയം കഴിഞ്ഞതിനുശേഷം വോട്ട് ചെയ്യാൻ ആളുകളുടെ നീണ്ടനിര ഉണ്ടായിരുന്നു.
പോളിങ് സമയം കഴിഞ്ഞ് ഏറെ വൈകിയും ആറോളം ബൂത്തുകളിൽ വോട്ടെടുപ്പ്. വെണ്ണക്കര, കടകുർശ്ശി, കല്ലേക്കാട് ബ്ലോക്ക് പഞ്ചായത്ത്, പറക്കുന്ന് എന്നിവിടങ്ങളിലെ 35, 114, 116, 119, 143, 144 ബൂത്തുകളിലാണ് വോട്ടെടുപ്പ് നീണ്ടത്. ഇവിടങ്ങളിൽ രാത്രി ഏഴിനുശേഷമാണ് വോട്ടിങ് അവസാനിച്ചത്. രാവിലെ മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ് മെച്ചപ്പെട്ടത്. പാലക്കാട് നഗരസഭയിൽ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.44% പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്.
പാലക്കാട് പത്ത് സ്ഥാനാർഥികളാണ് ഇക്കുറി ജനവിധി തേടിയത്. ഇടതുപക്ഷ സ്ഥാനാർഥിയായ പി. സരിനും, കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും, ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്‍സിപ്പാലിറ്റിയിലും മൂന്ന് പഞ്ചായത്തുകളിലും ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച തെരഞ്ഞടുപ്പ് പോരിൻ്റെ അങ്കത്തട്ടിൽ ആര് വിജയക്കൊടി നാട്ടുമെന്നറിയാൻ ഇനി മൂന്ന് നാൾ കൂടി കാത്തിരിക്കണം.
അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കൊമ്പുകോര്‍ത്ത് മുന്നണികള്‍. പറക്കുന്നം എല്‍പി സ്കൂള്‍ 34, 35 ബൂത്ത് സന്ദര്‍ശനത്തിനെത്തിയ എള്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതായി ആരോപണം. വെണ്ണക്കരയിലെ 48-ാം വാര്‍ഡിലെ തിരഞ്ഞെടുപ്പിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെയാണിത്.
'വരിനില്‍ക്കുന്ന ഓരോ മനുഷ്യനും എനിക്ക് പ്രധാനമാണ്. സമയം കഴിഞ്ഞു പോളിംഗ് കഴിഞ്ഞു എന്ന് പറഞ്ഞു. അത് സാധിക്കില്ലല്ലോ. നാല്പതിലേറെ ബൂത്തുകളിലായി അയ്യായിരത്തോളം ആളുകള്‍ ക്യൂ നില്‍ക്കുകയാണ്. അവരെ കാണാന്‍ പോകേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. അത് കണക്കാക്കി ബൂത്തിലെത്തി. യുഡിഎഫ് പ്രവര്‍ത്തകര്‍ എന്നെ തടഞ്ഞു. എന്റെ പ്രവര്‍ത്തകരെ ഞാന്‍ കാര്യം പറഞ്ഞ് മനസിലാക്കി. അന്തസ്സിലാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തുന്നത്. ഏത് സമയത്തും ഏത് ബൂത്തിലും കയറിച്ചെല്ലാന്‍ സ്ഥാനാര്‍ത്ഥിക്ക് അവകാശമുണ്ട്. അത് കോണ്‍ഗ്രസ് മനസിലാക്കണം', പി സരിന് പറഞ്ഞു.
വെണ്ണക്കരയിലെ 48ാം നമ്പർ പോളിങ് ബൂത്ത് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സന്ദർശിച്ചതിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത് ബൂത്തിൽ സംഘർഷാവസ്ഥയ്ക്ക് കാരണമാക്കി. തുടർന്ന് യുഡിഎഫ് സ്ഥാനാർഥിയുമായി അവർ വാക്കുതർക്കത്തിലേർപ്പെട്ടു. രാഹുൽ വോട്ടർമാരോട് വോട്ടഭ്യർഥിച്ചെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം.
അതേസമയം, സ്ഥാനാർഥിയെന്ന നിലയിൽ ബൂത്തുകൾ സന്ദർശിക്കുവാൻ തനിക്ക് അധികാരമുണ്ടെന്നും ബിജെപിക്ക് തോൽക്കുമെന്ന പേടിയുള്ളത് കൊണ്ടാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാലക്കാട് എണ്‍പത്തിയെട്ടാം ബൂത്തിലെ യന്ത്ര തകരാറിനെ തുടര്‍ന്ന് രാവിലെ എത്തിയെങ്കിലും വോട്ട് ചെയ്യാനാകാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിനും ഭാര്യയും മടങ്ങി, പിന്നീട് ഉച്ചകഴിഞ്ഞ് വീണ്ടും എത്തി രണ്ടുപേരും വോട്ട് രേഖപ്പെടുത്തി.കല്‍പ്പാത്തി അയ്യപ്പുരം ബൂത്തിലാണ് ബിജെപി സ്ഥാനാർഥി കൃഷ്ണകുമാര്‍ വോട്ട് ചെയ്തത്.സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ്, ഷാഫി പറമ്പിൽ എംപി, സുൽത്താൻപേട്ട രൂപതാ ബിഷപ് ഡോ. പീറ്റർ അബീർ എന്നിവരും വിവിധ പോളിങ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി.
ഇരട്ട വോട്ടിന്റെ പേരില്‍ വിവാദത്തിലായ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് ചെയ്തില്ല. ഹരിദാസ് എത്തിയപ്പോള്‍ ഗേറ്റ് അടച്ചിരുന്നതിനാല്‍ വോട്ട് ചെയ്യാനായില്ല. ഹരിദാസ് വോട്ട് ചെയ്യാനെത്തുമെങ്കില്‍ തടയാനായി വി.കെ ശ്രീകണ്ഠന് എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തില്‍ സംഘടിച്ചിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിന് 53,080 വോട്ടുകളാണ് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 38.06 ശതമാനം വോട്ടുകളാണ് ഷാഫിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർഥി ഇ. ശ്രീധരന് 49,155 (35.34%) വോട്ടുകളാണ് ആകെ ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാർഥി അഡ്വ. സി.പി. പ്രമോദിന് 35,622 (25.64%) വോട്ടുകളാണ് ലഭിച്ചത്.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ നിരന്തര വിവാദങ്ങൾ നിറഞ്ഞായിരുന്നു ഇത്തവണത്തെ പാലക്കാടൻ തെരഞ്ഞെടുപ്പ് പ്രചരണം. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായതോടെ, കോൺഗ്രസ് മീഡിയ സെൽ തലവനായിരുന്ന ഡോ. പി.സരിൻ പാർട്ടി വിട്ട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ രാഷ്ട്രീയ നാടകങ്ങൾക്ക് വരെ പാലക്കാട് സാക്ഷിയായി.
സ്ഥാനാർഥിത്വത്തിൻ്റെ പേരിലുടലെടുത്ത ചേരിപ്പോര് ഇരുമുന്നണികളിലും പല തർക്കങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി. ബിജെപിയുടെ കാര്യത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. ശോഭ സുരേന്ദ്രൻ സ്ഥാനാർഥിയാവുമെന്ന വാർത്തകളെ അസാധുവാക്കിക്കൊണ്ടായിരുന്നു സി. കൃഷ്ണകുമാറിൻ്റെ അപ്രതീക്ഷിത എൻട്രി. പിന്നാലെ പാർട്ടിയിലുണ്ടായ പിണക്കങ്ങൾ, സന്ദീപ് വാര്യരെ കോൺഗ്രസിലെത്തിച്ചു. നീല ട്രോളി ബാഗ് വിവാദം, കൊടകര കുഴല്‍പ്പണക്കേസ് ഇങ്ങനെ നീളുന്നു പാലക്കാട്ടെ വിവാദങ്ങളുടെ നിര. ജനമനസിൽ എന്താണെന്നറിയാൻ ഇനി നവംബര്‍ 23 വരെ കാത്തിരിക്കാം.
Also read രണ്ടാംഘട്ട പ്രചാരണവും പൂർത്തിയായി
