പാലക്കാട് ഉപതെരഞ്ഞെടുപ്പോടെ സി.പി.എമ്മിലെത്തിയ ഡോ. പി. സരിന് എ.കെ.ജി. സെന്ററിലെത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനും ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മന്തി സജി ചെറിയാനുൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിന് സാക്ഷിയായി.
ഡോ.പി. സരിന് ആദ്യമായിട്ടാണ് എ.കെ.ജി സെന്ററില്‍ എത്തുന്നത്. എം.വി. ഗോവിന്ദന്റെ വാക്കുകളിങ്ങനെ: - ‘അദ്ദേഹത്തെ ഞങ്ങളെല്ലാം ആവേശത്തോടുകൂടി സ്വീകരിക്കുന്ന സമയമാണിത്. ഭാവിയിലെ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് പാര്‍ട്ടിയും സരിനുമായിട്ടാലോചിച്ച് ആവശ്യമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും. പാര്ട്ടിയുമായിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സ്വഭാവികമായിട്ടും ആദ്യം സാധിക്കുക.പിന്നീടാണ് സംഘടനാ മെമ്പര്‍ഷിപ്പിലേക്കും പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്കുമൊക്കെ പൂര്‍ണമായും എത്താന്‍ സാധിക്കുക. മറ്റ് കാര്യങ്ങള്‍ സരിനുമായി ആലോചിച്ച് പാര്‍ട്ടി തീരുമാനിക്കും’. പാര്‍ട്ടി സ്വതന്ത്രന് പാര്ട്ടിയിലായില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി സ്വതന്ത്രന് പാര്‍ട്ടിയുമായി സഹകരിച്ചു മുന്നോട്ടുപോകും എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.
സിപിഎമ്മില്‍ ചേരുന്നുവെന്ന വാർത്തകള്‍ വന്നതിനു പിന്നാലെ പ്രതികരിച്ച് പി. സരിന്. ഇടത് മനസ് കൊണ്ടുനടന്നയാൾ പൂർണമായും ഇടതായി മാറി എന്നായിരുന്നു പി. സരിന്റെ പ്രതികരണം. പാർലമെൻ്ററി വ്യാമോഹം കൊണ്ടുനടക്കുന്ന ആളല്ല താനെന്നും സരിന് വ്യക്തമാക്കി.
"ഞാന്‍ കൃത്യമായി രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് ഇടതുപക്ഷക്കാരനായത്. ആ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനം തുടരുന്നതിനു തന്നെയാണ് പാർട്ടിയുടെ നിർദേശവും. അപ്പോള്‍ സ്വാഭാവികമായിട്ടും, ഇടത് മനസ് കൊണ്ടുനടന്നിരുന്ന ഒരാള്‍ പൂർണമായി ഇടതുപക്ഷക്കാരനായി. സ്ഥാനാർഥിത്വത്തിന്റെ ജയപരാജയങ്ങള്‍ക്ക് അപ്പുറം പൊളിറ്റിക്സിന് ഒരു കണ്ടിന്യുവിറ്റിയുണ്ടല്ലോ...", സരിന് പറഞ്ഞു. ഇടതുപക്ഷമാണ് ശരി എന്ന രാഷ്ട്രീയത്തിന്റെ എല്ലാത്തരം തുടർച്ചയ്ക്കും വേണ്ടി നിലകൊള്ളുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും അത് തുടരുമെന്നും സരിന് കൂട്ടിച്ചേർത്തു.
2025, 2026 വർഷങ്ങൾ കേരളത്തിന് അതീവ നിർണായകമാണെന്നും കേരളത്തിന്റെ ഭാവിയെ വാർത്തെടുക്കുന്ന വർഷങ്ങളാണിവയെന്നും സരിൻ കൂട്ടിചേർത്തു. പാലക്കാട് ജില്ലാ കമ്മിറ്റിയിൽ എടുത്തു എന്ന വാർത്തകളോടും സരിന് പ്രതികരിച്ചു. അത് പാർട്ടിയെ പറ്റി അറിയാത്തവർ പറയുന്നതാണെന്നായിരുന്നു സരിന്റെ പ്രതികരണം. സിപിഎം മെമ്പർഷിപ്പിന് അതിന്റേതായ നടപടിക്രമങ്ങൾ ഉണ്ട്. പാർട്ടി മെമ്പർഷിപ്പിന് രണ്ടുകൊല്ലം കാത്തിരിക്കണമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും പി. സരിന് പറഞ്ഞു.
