ദുർമന്ത്രവാദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ഒരു ഗ്രാമം ഇന്ത്യയിലുണ്ട്. അസമിലെ മോറിഗാവ് ജില്ലയിൽ ഗുവാഹത്തിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ) അകലെ ബ്രഹ്മപുത്ര നദിയുടെ തീരത്താണ് മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ പേരിൽ കുപ്രസിദ്ധിയാർജിച്ച സ്ഥലം. ഈ ഗ്രാമത്തെ പറ്റി നിരവധി അന്ധവിശ്വാസ കഥകളാണ് നിലനിൽക്കുന്നത്.
മനുഷ്യർ വായുവിലേക്ക് അപ്രത്യക്ഷമാകും, ആളുകൾ നിന്ന നിൽപ്പിന് ഇല്ലാതാകുന്നു. മനുഷ്യരെ മൃഗങ്ങളാക്കി മാറ്റുന്നു എന്നൊക്കെയാണ് ഈ പ്രദേശത്തെ പറ്റിയുള്ള കഥകൾ. ‘ഓജ’ അല്ലെങ്കിൽ ‘ബെസ്’ എന്നാണ് ഈ ഗ്രാമത്തിലെ മന്ത്രവാദികൾ അറിയപ്പെടുന്നത്. ഇവർ മന്ത്രവാദവും മാന്ത്രികവിദ്യയും പരമ്പരാഗതമായി പരിശീലിക്കുകയും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയയുന്നു. മന്ത്രവാദത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ ഗ്രാമത്തിൽ വികസനം എന്നത് സ്വപ്നം മാത്രമാണ്.
ഈ ഗ്രാമത്തിൽ ഒരു ഡോക്ടറോ, പ്രാഥമികാരോഗ്യ കേന്ദ്രമോ ഇല്ല. പ്രചരിക്കുന്ന അന്ധവിശ്വാസപരമായ കഥകളാണ് ഇവിടെ വികസനത്തിന് തുരങ്കം സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ രോഗം വന്നാൽ മന്ത്രവാദികളുടെ സഹായമാണ് ഗ്രാമവാസികൾ തേടുന്നത്. രോഗം കാരണം മരണപ്പെടുന്നത് അയാൾ ചെയ്ത തെറ്റുകൾക്ക് ഉള്ള ശിക്ഷയായാണ് ഇവർ വിശ്വസിക്കുന്നത്.
നോർത്ത് ഗുവാഹത്തി കോളേജിലെ ജിയോഗ്രഫി അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ലേഖ ബോറ, മയോങ് ഗ്രാമത്തിലെ ഇത്തരം ആചാരങ്ങൾക്ക് പിന്നിലെ കാരണങ്ങളെ പറ്റി പഠിച്ചിട്ടുള്ള പ്രധാനികളിൽ ഒരാളാണ്.
