ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി. പസഫിക് സമുദ്രത്തിലെ സോളമൻ ദ്വീപുകളുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ത്രീ സിസ്റ്റേഴ്സ് പ്രദേശത്ത് നിന്നാണ് പവിഴപ്പുറ്റ് കണ്ടെത്തിയിരിക്കുന്നത്. നാഷണൽ ജിയോഗ്രാഫിക് സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ.ലോകത്തിന് മുന്നിൽ രഹസ്യത്തെ പുറത്തെത്തിച്ചിരിക്കുകയാണ് നാഷണൽ ജിയോഗ്രഫിക് വീഡിയോഗ്രാഫറായ മനു സാൻ ഫെലിക്സും മകൻ ഇനിഗോ സാൻ ഫെലിക്സും.
ഈ പവിഴപുറ്റിന് നീലത്തിമിംഗലത്തേക്കാൾ വലുപ്പമുണ്ട്. 32 മീറ്ററാണ്(105 അടി) ഇതിന്റെ നീളം. 34 മീറ്റർ വീതിയും ഇതിനുണ്ട്. ഏകദേശം 300 വർഷത്തെ പഴക്കം ഇതിനുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. തിരമാലകളുടെ അലകളാൽ മൂടപ്പെട്ടിരിക്കുന്ന പവിഴപ്പുറ്റിന് തവിട്ടുനിറമാണ്.എന്നാൽ സമുദ്രത്തിൻ്റെ ഉപരിതലത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള കടും മഞ്ഞ, നീല, ചുവപ്പ് നിറങ്ങൾ ഇതിൽ കാണാൻ
കഴിയും.
നിറങ്ങളും വലിപ്പവും ഉണ്ടെങ്കിലും, നഗ്നനേത്രങ്ങൾക്ക് ഇത് സമുദ്രോപരിതലത്തിനടിയിലുള്ള ഒരു ഭീമാകാരമായ പാറയ്ക്ക് സമാനമാണ്. ആദ്യം ഇത് കണ്ടെത്തുമ്പോൾ ഗവേഷക സംഘം ഇതൊരു തകർന്ന കപ്പലിന്റെ അവശിഷ്ടം ആണെന്നാണ് തെറ്റിദ്ധരിച്ചത്.എന്നാൽ പിന്നീട് വിശദമായി പരിശോധന നടത്തിയപ്പോഴാണ് ഇത് പവിഴ പുറ്റാണെന്ന് സംഘത്തിന് മനസ്സിലായത്.
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിക്കായി (കോപ് 29 ) 200 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അസർബൈജാനിലെ ബാക്കുവിൽ യോഗം ചേരുന്നതിനിടെയാണ് ഈ കണ്ടെത്തൽ എന്നതും ശ്രദ്ധേയമാണ്.പുതുതായി കണ്ടെത്തിയ പവിഴപ്പുറ്റിൽ തന്റെ രാജ്യം അഭിമാനിക്കുന്നതായി ബാകുവിൽ നടക്കുന്ന കോപ് 29 ഉച്ചകോടിയിൽ സോളമൻ ദ്വീപുകളുടെ കാലാവസ്ഥാ മന്ത്രി ട്രെവർ മനേമഹാഗ പറഞ്ഞു
കാലാവസ്ഥാ വ്യതിയാനം പസഫിക്കിനെ എങ്ങനെ ബാധിച്ചിരിക്കുന്നുവെന്ന് കണ്ടെത്താൻ കൂടിയായിരുന്നു നാഷണൽ ജ്യോഗ്രഫിക് സംഘത്തിന്റെ യാത്ര. യാത്രയ്ക്കിടെ മാപ്പിൽ കപ്പൽച്ചേതം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവിടേക്ക് ഡൈവ് ചെയ്യുകയായിരുന്നുവെന്നും തുടർന്നാണ് അസാധാരണമായി എന്തോ ഒന്ന് ശ്രദ്ധയിൽപ്പെട്ടതെന്നും മനു സാൻ ഫെലിക്സ് വ്യക്തമാക്കുന്നു. തുടർന്ന് സഹഡൈവറും മകനുമായ ഇനിഗോ സാൻ ഫെലിക്സിനെ വിവരമറിയിക്കുകയായിരുന്നു. കടലിന്റെ അടിത്തട്ടിൽ ഒരു ദേവാലയം പോലെയായിരുന്നു ഈ പവിഴപ്പുറ്റുകളെന്നും ഫെലിക്സ് പറയുന്നുണ്ട്.
നൂറുകണക്കിന് വർഷം നിലനിന്നതിന് ഈ പവിഴപ്പുറ്റുകളോട് വലിയ ആദരവ് തോന്നിയെന്ന് ഫെലിക്സ് പറഞ്ഞു. നെപ്പോളിയൻ ജീവിച്ചിരുന്ന കാലത്തോ മറ്റോ ഉണ്ടായതാവാം ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന തിരിച്ചടിമൂലം ലോകത്തിലെ പവിഴപ്പുറ്റുകൾ നാശത്തിന്റെ വക്കിലാണ്. കടലിലെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് വലിയ പങ്കുവഹിക്കുന്ന പവിഴപ്പുറ്റുകളെ നാശത്തിൽ നിന്നും തിരിച്ചുകൊണ്ടുവരാൻ ലോകത്തെമ്പാടും വലിയ ശ്രമങ്ങളും നടക്കുന്നുണ്ട്. ഇപ്പോൾ കണ്ടെത്തിയ പവിഴപ്പുറ്റുകൾ പൂർണആരോഗ്യമുള്ളവയാണ്. ഇവയെ സംരക്ഷിക്കാനുള്ള നടപടികൾ കൊക്കൊള്ളണമെന്നും ഇവർ ആവശ്യപ്പെട്ടു.
