ആത്മകഥ വിവാദം പോളിങ് ദിനത്തിലെ ആസൂത്രിത ഗൂഢാലോചയെന്ന് ആവർത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. മാധ്യമങ്ങളിൽ പ്രചരിച്ച വിഷയങ്ങളൊന്നും താൻ എഴുതിയതല്ലെന്നും ഡിസി ബുക്സിന് പ്രസിദ്ധീകരണ അവകാശം നൽകിയിട്ടില്ലെന്നും ഇ.പി. ജയരാജൻ പറയുന്നു. തൻ്റെ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അധികാരം തനിക്ക് മാത്രമാണെന്ന് വ്യക്തമാക്കിയ നേതാവ്, കൂലിക്ക് എഴുതിപ്പിക്കുന്ന രീതി ഇല്ലെന്നും പറഞ്ഞു. പാലക്കാട് നടന്ന പത്രസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എഴുതി പൂർത്തിയാകാത്ത പുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നതെന്നായിരുന്നു ഇ.പി. ജയരാജൻ്റെ ചോദ്യം. ടൈംസ് ഓഫ് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ദിവസം വാർത്ത വന്നത് ആസൂത്രിതമാണ്. പാലക്കാടും ചേലക്കരയിലും എൽഡിഎഫ് ജയിക്കും എന്ന് ഉറപ്പായപ്പോൾ ആസൂത്രിതമായി നടത്തി നീക്കമായിരുന്നു ഇത്. ഒരു പ്രസാധകരുമായും കരാറില്ല, ആത്മകഥ എഴുതാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇപ്പോൾ പുറത്തു വന്ന ഒരു കാര്യവും താൻ എഴുതിയതല്ലെന്നും, സ്വന്തമായി എഴുതിയ ആത്മകഥ ഉടൻ പുറത്തു വരുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.
"എന്റെ കയ്യക്ഷരം മോശമാണ്. ഭാഷാശുദ്ധിയൊക്കെ വരുത്തി പ്രസിദ്ധീകരിക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്. അധികം താമസിക്കാതെ പുസ്തകം പ്രസിദ്ധീകരിക്കും. ഭാഷാശുദ്ധി വരുത്താനായി ഏൽപിച്ച ആളെ സംശയിക്കുന്നില്ല. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആരെങ്കിലും ഒക്കെ എന്തെങ്കിലും പങ്കുവെച്ചാൽ ഞാൻ അതിന് ഉത്തരവാദിയല്ല. വിവാദത്തിന് മറുപടി നൽകേണ്ടത് ഡിസി ബുക്ക്സാണ്. അതിനാണ് വക്കീൽ നോട്ടീസ് കൊടുത്തത്," ഇ.പി. ജയരാജൻ വ്യക്തമാക്കി.
ആത്മകഥയിൽ സരിനെ കുറിച്ച് മോശം പരാമർശമുണ്ടെന്ന വാദത്തെ തീർത്തും തള്ളിക്കൊണ്ടായിരുന്നു ഇ.പി.ജയരാജൻ്റെ പ്രസ്താവനകൾ. പാലക്കാട്ടെ സ്വതന്ത്രസ്ഥാനാർഥി ഡോ. പി. സരിൻ ഉത്തമസ്ഥാനാർഥിയാണ്. ജന സേവനത്തിനായി ജോലി പോലും രാജിവെച്ചയാളാണ് സരിൻ. പൊതു സമൂഹത്തോട് പ്രതിജ്ഞ ബദ്ധനായ ചെറുപ്പക്കാരനാണ് സരിനെന്നും സിപിഎം നേതാവ് അഭിപ്രായപ്പെട്ടു.
പാലക്കാട്ടെ ഇടതു സ്വതന്ത്രസ്ഥാനാര്‍ഥി പി സരിനെ പുകഴ്ത്തി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്. സരിന് ഉത്തമനായ ചെറുപ്പക്കാരനാണെന്നും പാലക്കാടിന് ലഭിച്ച മികച്ച സ്ഥാനാര്‍ഥിയാണെന്നും പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ ജയരാജന് വ്യക്തമാക്കി. സരിന്റേത് ഇടതുപക്ഷ മനസാണ്, കൂടാതെ നിസ്വാര്‍ഥ സേവനം നടത്തുന്നയാളുമാണ്.
സരിൻ ആദ്യം സ്വീകരിച്ചത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റേത് ഇടതുപക്ഷ മനസ്സായിരുന്നു. കൃഷിക്കാരുടേയും തൊഴിലാളികളുടേയും ഒപ്പമായിരുന്നു സരിൻ. പണമുണ്ടാക്കാനുള്ള സാഹചര്യം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് അപൂർവമാണ്. അങ്ങിനെ പ്രവർത്തിച്ച് രാഷ്ട്രീയത്തിൽ എത്തിയ അദ്ദേഹത്തിന് കോൺഗ്രസിൽനിന്ന് സത്യസന്ധതയും നീതിയും ലഭിക്കുന്നില്ലെന്ന് ബോധ്യമായി. കോൺഗ്രസ് വർഗീയ ശക്തികളുമായി കൂട്ടുചേരുകയാണ്. വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നു.
ഇത്തരം പ്രവണതകളിലുണ്ടായ വിയോജിപ്പിനാലാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലേക്കെത്തുന്നത്. ഈ നാടിന്റെ സമഗ്രമേഖലയിലും ഏറ്റവും മെച്ചപ്പെട്ട നിലയിൽ ഉയർത്തിക്കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. രാഷ്ട്രീയപ്രവർത്തനം നാടിന്റെ നന്മയ്ക്ക് വേണ്ടിയാണ് അല്ലാതെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല. ജനങ്ങളുടെ വേദനകൾ നേരിട്ട് കണ്ട് മനസ്സിലാക്കി ആശ്വാസമേകാൻ സരിനാകും. അദ്ദേഹം ജയിക്കേണ്ടത് പാലക്കാടിന്റെ ആവശ്യമാണ്. അദ്ദേഹം ജയിച്ചുവരണമെന്നാണ് ഇവിടുത്തെ യുവാക്കളും സ്ത്രീകളും ആഗ്രഹിക്കുന്നത്.
നല്ല സ്വതന്ത്ര സ്ഥാനാർഥിയാണ് അദ്ദേഹം. ഒരിക്കലും വയ്യാവേലിയാകില്ല. അൻവറിനെ പോലെ ഒരാളായി സരിൻ മാറുമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഓരോ വ്യക്തികൾക്കും അവരുടേതായ വ്യക്തിത്വമുണ്ട് എന്നായിരുന്നു ഇ.പിയുടെ മറുപടി. ഏതെങ്കിലും ഒരാൾക്ക് പകരമാകുമെന്ന് തോന്നുന്നില്ല. ഓരോ മനുഷ്യനും അവരുടേതായ പ്രത്യേകതകളുണ്ട്. ഇ.പി. ജയരാജൻ പറഞ്ഞു.
നല്ല സ്വതന്ത്ര സ്ഥാനാർഥിയാണ് അദ്ദേഹം. ഒരിക്കലും വയ്യാവേലിയാകില്ല. അൻവറിനെ പോലെ ഒരാളായി സരിൻ മാറുമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഓരോ വ്യക്തികൾക്കും അവരുടേതായ വ്യക്തിത്വമുണ്ട് എന്നായിരുന്നു ഇ.പിയുടെ മറുപടി. ഏതെങ്കിലും ഒരാൾക്ക് പകരമാകുമെന്ന് തോന്നുന്നില്ല. ഓരോ മനുഷ്യനും അവരുടേതായ പ്രത്യേകതകളുണ്ട്. ഇ.പി. ജയരാജൻ പറഞ്ഞു.
