ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും റിപ്പോർട്ട്.
മൂന്നാർ മാട്ടുപ്പെട്ടിയിൽ ജലവിമാനം ഇറങ്ങിയത് അതീവ പരിസ്ഥിതി ലോല മേഖലയിലാണെന്ന് വനംവകുപ്പ് റിപ്പോർട്ട്. ജലവിമാനം വന്യജീവികളുടെ ആവാസമേഖലയിൽ അസ്വസ്ഥതകൾ ഉണ്ടാക്കുമെന്നും മനുഷ്യ-മൃഗ സംഘർഷത്തിന് ഇത് കാരണമാകുമെന്നുമാണ് റിപ്പോർട്ട്.
ജലവിമാനത്തിന്റെ പരീക്ഷണ പറക്കലുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വനംവകുപ്പിന് അയച്ച കത്തിനുള്ള മറുപടിയിലാണ് വനംവകുപ്പ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പരീക്ഷണപ്പറക്കലിന്റെ മുമ്പ് നടത്തിയ അവലോകന യോഗത്തിലും ഇതേ ആശങ്കകൾ വനംവകുപ്പ് അറിയിച്ചിരുന്നു.
പാമ്പാടുംചോല, ആനമുടിചോല തുടങ്ങിയ ദേശീയോദ്യാനങ്ങൾ, കുറിഞ്ഞിമലയെല്ലാം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. പ്രദേശം അതീവപരിസ്ഥിതിലോല മേഖലയാണ്. മാട്ടുപ്പെട്ടി പരമ്പരാഗത ആനത്താരയാണ്. വെള്ളം കുടിക്കാൻ നിരവധി വന്യജീവികൾ എത്തുന്ന മേഖലയാണ്. ജലവിമാനം ഇറങ്ങുന്ന സാഹചര്യം ആനയടക്കം വന്യജീവികളിൽ പ്രകോപനം സൃഷ്ടിക്കുമെന്നും കത്തിൽ പറയുന്നു.
വംശനാശഭീഷണി നേരിടുന്ന നിരവിധി ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. കാട്ടാനകൾ സ്ഥിരമായി കടന്നുപോകുന്ന മേഖലകൂടിയായ പ്രദേശം മാറ്റി നിർത്തി വേണമെങ്കിൽ സീ പ്ലെയിൻ സർവ്വീസ് തുടങ്ങാമെന്നും ഇതിന് നിർബന്ധമായും ദേശീയ വന്യജീവി ബോർഡിൻ്റെ അംഗീകാരമുള്ള പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നുമാണ് വനംവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.
