![]() |
| Courtesy |
നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡനുമായി വൈറ്റ് ഹൌസിൽ ആദ്യ കൂടിക്കാഴ്ച നടത്തി. ജനുവരിയിൽ സുഗമമായ അധികാര കൈമാറ്റം ഇരുവരും വാഗ്ദാനം ചെയ്തു. “സുഗമമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, നിങ്ങൾക്ക് സൗകര്യപ്രദമാകാൻ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യും” – ബൈഡൻ പറഞ്ഞു. “രാഷ്ട്രീയം കഠിനമാണ്, പല കാര്യങ്ങളിലും ഇത് വളരെ മനോഹരമായ ലോകമല്ല, പക്ഷേ ഇന്ന് ഇതൊരു മനോഹരമായ ലോകമാണ്. സുഗമമായി അധികാരം കൈമാറ്റം ചെയ്യപ്പെടുന്നതിൽ വളരെയധികം അഭിനന്ദിക്കുന്നു. വളരെയധികം അഭിനന്ദിക്കുന്നു” – ട്രംപ് പ്രതികരിച്ചു.
2020 ലെ തെരഞ്ഞെടുപ്പിൽ ബൈഡനോട് തോറ്റ ശേഷം ആദ്യമായുള്ള ട്രംപിൻ്റെ സന്ദർശനം എന്ന നിലയ്ക്ക് ഈ കൂടിക്കാഴ്ച ഏറെ കൌതുകം നിറഞ്ഞതായിരുന്നു. വൈറ്റ് ഹൌസിലെത്തിയ ട്രംപിനെ സ്വാഗതം ചെയ്ത ബൈഡൻ അദ്ദേഹത്തെ വൈറ്റ്ഹൌസിലെ ഓവൽ ഓഫീസിൽ ഇരുത്തി.പ്രസിഡന്റ് പദത്തിൽ രണ്ടാം ഊഴത്തിനു മത്സരിച്ച ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് 2020–ൽ ജോ ബൈഡൻ യുഎസ് പ്രസിഡന്റായത്. ഇത്തവണയും ബൈഡൻ മത്സരരംഗത്ത് എത്തിയെങ്കിലും ഇരുവരും തമ്മിലുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനത്തിനു പിന്നാലെ വിമർശനങ്ങൾ ഉയർന്നതോടെ മത്സരത്തിൽ നിന്നു പിന്മാറുകയായിരുന്നു.
