![]() |
| Courtesy |
വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിൽ പുരാവസ്തു ഗവേഷകർ 4000 വർഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഖൈബറിലെ മരുഭൂമി പ്രദേശത്ത് കണ്ടെത്തിയ ഈ സ്ഥലത്തിന് അൽ-നത (al-Natah) എന്നാണ് പേര് നൽകിയിരിക്കുന്നത്. നാടോടി ജീവിതത്തിൽ നിന്ന് ചിട്ടയായ ജീവിതശൈലിയിലേക്കുള്ള ആദ്യകാല വെങ്കല യുഗത്തിന്റെ പരിവർത്തന കാലഘട്ടവുമായി ബന്ധപ്പെട്ട സ്ഥലമാണ് ഇതെന്നാണ് ഗവേഷകർ അവകാശപ്പട്ടു. പിയർ റിവ്യൂഡ് ജേണലായ പ്ലസ് വണ്ണിലാണ് (PLOS ONE) ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ബി.സി 2400 മുതൽ 1300 വരെയുള്ള കാലഘട്ടത്തിലേതെന്ന് കരുതുന്ന പൗരാണിക നഗരാവശിഷ്ടങ്ങൾ ഗവേഷകർ കണ്ടെത്തിയതെന്ന് അൽ ഉല റോയൽ കമീഷൻ അറിയിച്ചു.
ചരിത്രാതീത കാലത്തെ ശിലായുഗത്തിനു ശേഷമുള്ള കാലഘട്ടമാണ് വെങ്കല യുഗം. മനുഷ്യർ ജീവിതായോധനത്തിന് വെങ്കല ലോഹം ഉപയോഗിക്കാൻ തുടങ്ങിയ ഈ കാലഘട്ടത്തിലെ ജീവിതരീതികളെയും നാഗരികതയെയും കുറിച്ച് അറിയാൻ പുതിയ കണ്ടെത്തൽ സഹായിക്കും. ക്രിസ്തുവിന് മുമ്പ് ഏകദേശം മൂന്നാം സഹസ്രാബ്ദത്തിെൻറ രണ്ടാം പകുതിയിലാണ് വെങ്കല യുഗം ആരംഭിച്ചത് എന്നാണ് നിഗമനമെന്ന് ഫ്രഞ്ച് നാഷനൽ സെൻറർ ഫോർ സയൻറിഫിക് റിസർച്ചിലെ ഗവേഷകയും റോയൽ കമീഷൻ ആർക്കിയോളജിക്കൽ സർവേ മാനേജറുമായ ഡോ. മുനീറ അൽമുഷാവ് പറഞ്ഞു.
![]() |
| Courtesy |
ഏകദേശം 500 ഓളം ആളുകൾ ഇവിടെ താമസിച്ചിരുന്നുവെന്നും അനുമാനിക്കുന്നു. വാസ്തുവിദ്യാ വിദഗ്ദ്ധനായ ഗില്ലൂം ചാർലൂക്സിന്റെ നേതൃത്വത്തിലുള്ള ഒരു ഫ്രഞ്ച്, സൗദി സംഘം സൈറ്റിന്റെ ആകാശ സർവേകൾ നടത്തി. 50 പ്രത്യേക വസതികളും 14.5 കിലോമീറ്റർ നീളമുള്ള മതിലും ഉൾപ്പെടുന്ന നിബിഡമായ ഘടനയാണ് ഈ സൈറ്റിന്റേത്. ഏകദേശം 2.6 ഹെക്ടറാണ് വിസ്തൃതി. ഞങ്ങളുടെ ആസൂത്രിത ക്രമീകരണം, താമസസ്ഥലത്ത് ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കൽ, പ്രതിരോധവും സാമൂഹികവുമായ ഇടപെടലുകൾ എന്നീ കാര്യങ്ങളിലേക്ക് എല്ലാം വെളിച്ചം വീശുന്നതാണ് സൈറ്റിന്റെ ഘടന.
ഖൈബർ പോലുള്ള സൗദിയിലെ പ്രദേശങ്ങൾ നാഗരികതയുടെ ഒരു കാലത്തെ സുപ്രധാന കേന്ദ്രങ്ങളായിരുന്നുവെന്ന് ഇതിനകം ചരിത്രവര്യവേക്ഷണങ്ങളാൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. നാടോടി സമൂഹങ്ങളുടെ വ്യാപാര, വാണിജ്യ കേന്ദ്രങ്ങളായും കാർഷികവൃത്തിയുടെ പ്രദേശമായും ഖൈബർ അറിയപ്പെട്ടിരുന്നു. ഈ നഗരരൂപകൽപ്പനയുടെ ആവിർഭാവം പ്രദേശത്തിെൻറ സാമൂഹിക, സാമ്പത്തികമേഖലയെ ഏറെ സ്വാധീനിച്ചിരുന്നു. വെങ്കലയുഗത്തിൽ വടക്കുപടിഞ്ഞാറൻ അറേബ്യൻ ഉപദ്വീപ് നാടോടികളായ മനുഷ്യരുടെ വാസകേന്ദ്രം കൂടിയായിരുന്നു.
പുരാവസ്തു കാലഘട്ടത്തിലെ നിർമ്മാണ, എഞ്ചിനീയറിംഗ് വൈദഗ്ധ്യം അൽ-നത പ്രദർശിപ്പിക്കുന്നു. കെട്ടിടങ്ങളിൽ പലതും ബഹുനില കെട്ടിടങ്ങളാണ്. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡുകളും ശ്മശാന ഭൂമിയും ഒക്കെ ഇതിൽ ഉൾപ്പെടുന്നുണ്ട്. സെറ്റിൽമെന്റിനുള്ളിലെ മതിലുകൾക്ക് ഏകദേശം അഞ്ച് മീറ്ററോളം ഉയരം ഉണ്ടായിരുന്നിരിക്കണമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. ഒരു ഭരണത്തലവൻ ഇവർക്ക് ഉണ്ടായിരുന്നിരിക്കാമെന്നും ഗവേഷകർ പറയുന്നു. അൽ-നതയിൽ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കളിൽ സെറാമിക് കലങ്ങളും ലോഹ ആയുധങ്ങളും ഉൾപ്പെടുന്നു. പുരാതന അറേബ്യൻ പശ്ചാത്തലത്തിലെ "മന്ദഗതിയിലുള്ള നഗരവൽക്കരണം" എന്ന ആശയം പൂർണ്ണമായി മനസ്സിലാക്കുന്നതിന് ഈ കണ്ടെത്തൽ നിർണായകമാണ്. മെസൊപ്പൊട്ടേമിയയിലും ഈജിപ്തിലും നിരീക്ഷിക്കപ്പെട്ട ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തിൽ നിന്ന് വ്യത്യസ്തമായി, അൽ-നതാഹ് ഘട്ടം ഘട്ടമായുള്ള പരിവർത്തന പ്രക്രിയയിലേക്കാണ് വെളിച്ചം വീശുന്നത്.
പാർപ്പിട സ്ഥലങ്ങൾക്കിടയിൽനിന്ന് നഗരമധ്യത്തിലേക്കുള്ള ഇടുങ്ങിയ പാതകളുടെയും ശേഷിപ്പുകൾ കണ്ടെത്തിയതിലുണ്ട്. മൺപാത്രങ്ങൾ, മഴു, കഠാരകൾ പോലുള്ള ലോഹ ഉപകരണങ്ങളുടെ കണ്ടെത്തലുകൾ വെങ്കല യുഗത്തിലെ ആളുകളുടെ ജീവിതം ഉയർന്ന സാമൂഹിക പദവിയിലായിരുന്നു എന്ന് വെളിവാക്കുന്നതാണ്. ജോലി ചെയ്യാൻ ലോഹം ഉപയോഗിച്ചിരുന്ന ജനതയായിരുന്നു അക്കാലത്തേത്. അവരുടെ വസ്ത്രങ്ങൾ മുത്തുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഗവേഷകരുടെ ഈ കണ്ടെത്തലുകളെല്ലാം നല്ലൊരു നാഗരിക ജീവിതസംസ്കാരമാണ് അൽ നതാഹ് നഗരത്തിൽ അന്നുണ്ടായിരുന്നവരുടേത് എന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
ഫ്രഞ്ച് ഏജൻസി ഫോർ ഡെവലപ്മെൻറ് ഓഫ് അൽഉല, ഫ്രഞ്ച് നാഷനൽ സെൻറർ ഫോർ സയൻറിഫിക് റിസർച്ച് എന്നിവയുടെ സഹകരണത്തോടെയാണ് റോയൽ കമീഷൻ ഫോർ അൽഉല പ്രദേശത്ത് പഠനം നടത്തിയത്.

