![]() |
| Courtesy |
കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും. ബിജെപി നേതാവിന്റെ മകളുടെ വിവാഹ വേദിയിലാണ് സ്ഥാനാര്‍ത്ഥികള്‍ കണ്ടുമുട്ടിയത്.സരിൻ ഹസ്തദാനത്തിന് കൈ നീട്ടിയിട്ടും, കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും അതു കാണാത്ത മട്ടിൽ നടന്നകലുകയായിരുന്നു.നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന് വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോയി.
പാലക്കാട്ടെ ബിജെപി നേതാവ് നടേശൻ്റെ മകളുടെ വിവാഹച്ചടങ്ങിലാണ് രാഹുൽ മാങ്കൂട്ടത്തിലും ഡോ. പി. സരിനും ഷാഫി പറമ്പിലും ഒന്നിച്ചെത്തിയത്. കോൺഗ്രസിൽ നിന്ന് പിണങ്ങിയിറങ്ങി ഇടതുപക്ഷത്തോട് സഹകരിക്കുന്ന മുൻ കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥിനോട് കുശലം പറഞ്ഞ് നിൽക്കുകയായിരുന്നു രാഹുലും ഷാഫിയും. ഊഷ്മളമായ ശരീരഭാഷയായിരുന്നു ഇരുവരുടേയും. ഗോപിനാഥിന് ഇരുവരും ഹസ്തദാനം നടത്തുകയും ആലിംഗനം ചെയ്യുകയുമെല്ലാം ചെയ്യുന്നുണ്ട്.എന്നാൽ, സൗഹൃദം പുതുക്കാനെത്തിയ സരിനോടുള്ള രാഹുലിൻ്റെയും ഷാഫിയുടെയും സമീപനം മറ്റൊന്നായിരുന്നു. ഒരു ഹസ്തദാനത്തിനായി സരിൻ നിരവധി തവണ കൈ ഉയർത്തിയെങ്കിലും രാഹുലും ഷാഫിയും ഗൗനിച്ചില്ല. ഞാനിപ്പുറത്തുണ്ടെന്ന് സരിൻ പറഞ്ഞപ്പോൾ താൻ ഇല്ലെന്നായിരുന്നു ഷാഫിയുടെ മറുപടി. "ഒരു കൈ തന്നിട്ടുപോകൂ" എന്നുപറഞ്ഞ് സരിൻ കൈ നീട്ടിയിട്ടും, രാഹുലും ഷാഫിയും അവരുടെ പാട് നോക്കി നീങ്ങി.
ഇരുവരും ഹസ്തദാനം നല്‍കാതെ പോയത് മോശമെന്ന് പി സരിന് പ്രതികരിച്ചു. എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും സരിന് മാധ്യമങ്ങളോട് പറഞ്ഞു.
സരിന് കൈ കൊടുക്കാൻ പ്രയാസമുണ്ടെന്നും ചാനലുകൾക്ക് മുന്നിൽ അഭ്യാസം കാണിച്ചു വാർത്തയാക്കിയിട്ട് കാര്യമില്ലെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. സരിൻ പ്രവർത്തകരെയും നേതാക്കളെയും നിരന്തരം അവഹേളിക്കുന്നയാളാണ്. തനിക്ക് കപട മുഖമില്ലെന്നും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ആത്മാർത്ഥമായിട്ടായിരിക്കുമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.സരിന് തന്നോട് ഇപ്പുറമുണ്ടെന്ന് പറഞ്ഞു, അപ്പുറം തന്നെ വേണമെന്ന് താനും പറഞ്ഞെന്നായിരുന്നു ഷാഫി പറമ്പില്‍ വിഷയത്തില്‍ പ്രതികരിച്ചത്.
