നടപടി എടുത്തത് ഭാര്യ നൽകിയ പരാതിയിൽ.
![]() |
സിപിഎം ആലപ്പുഴ മുൻ ഏരിയ കമ്മറ്റി അംഗവും, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗവുമായ ബിപിൻ സി. ബാബു ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംഘടനാപർവം യോഗത്തിലെത്തിയ ബിപിൻ സി. ബാബു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചുഗിൽ നിന്നും അംഗത്വം സ്വീകരിച്ചു. സിപിഎമ്മിന് ഇടതു സ്വഭാവം നഷ്ടമായെന്നും,വർഗീയ ശക്തികളാണ് സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്നും, ബിജെപിയിൽ ചേർന്ന ശേഷം ബിപിൻ സി. ബാബു പ്രതികരിച്ചു. സംഘടനാ പർവം യോഗത്തിലെത്തിയ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, പി. കെ. കൃഷ്ണദാസ്, എം. ടി രമേശ് തുടങ്ങിയ നേതാക്കളാണ് ബിപിനെ സ്വീകരിച്ചത്.
സിപിഎമ്മിന് മതേരത്വ സ്വഭാവം നഷ്ടമായെന്നും പാര്‍ട്ടിയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് വര്‍ഗീയ ശക്തികളാണെന്നും ബിപിന്‍ പറഞ്ഞു. ജി സുധാകരന് അടക്കം നേതാക്കള്‍ അതൃപ്തരാണ്. സിപിഎമ്മില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്നും ബിപിന്‍ ന്യായീകരിച്ചു.
പാർട്ടി മെമ്പറായ ബിപിൻ സി. ബാബുവിൻ്റെ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്നും 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ നിർദേശത്തെ തുടർന്നായിരുന്നു പാർട്ടി, ബിപിൻ സി. ബാബുവിനെതിരെ നടപടിയെടുത്തത്. കാലവധിക്കു ശേഷം ബിപിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും, സംഘടനാ നടപടി പ്രകാരം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയായിരുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന് അംഗം, 2021- 23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ പദവികള്‍ വഹിച്ചിരുന്നു.
കായംകുളം ഏരിയാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിൻ സി.ബാബുവിന് എതിരെ ഭാര്യയും കുടുംബവും ഉയർത്തിയത് ഗുരുതര ആരോപണങ്ങൾ. ബിപിനെതിരെ പാർട്ടിക്കും പൊലീസിലും ഭാര്യ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. തുടർന്നാണു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. ഭാര്യയെ ഒഴിവാക്കാൻ ബിപിൻ ആഭിചാരക്രിയ നടത്തിയെന്ന ആരോപണം ഉയർന്നിരുന്നു. മർദിച്ചെന്ന് ആരോപിച്ച് ഭാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. തുടർന്നു പൊലീസ് കേസെടുത്തു.
പാർട്ടി കുടുംബത്തിൽ നിന്നുള്ള മിശ്ര വിവാഹമായിരുന്നു ഇവരുടേത്. അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും ജില്ലാ സെക്രട്ടറിയായിരുന്ന സി.ബി.ചന്ദ്രബാബുവും ഇടപെട്ടായിരുന്നു വിവാഹം. എസ്എഫ്ഐയും ഡിവൈഎഫ്ഐയും വഴി ഉയർന്നുവന്ന നേതാവാണു ബിപിൻ. പിന്നീട് വിഭാഗീയതയുടെ ഭാഗമായി പാർട്ടിയുമായി അകൽച്ചയിലായി. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ടു ബിപിൻ നടത്തിയ പരാമർശവും പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. കായംകുളം കരീലക്കുളങ്ങര കളീയ്ക്കൽ സത്യന്റെ കൊലപാതകം പാർട്ടി ആലോചിച്ചു നടത്തിയതാണെന്നു ബിപിൻ മുൻപു സംസ്ഥാന സെക്രട്ടറിക്കു നൽകിയ കത്തിൽ പറഞ്ഞിരുന്നു. ഈ കേസിൽ പ്രതിയായ ശേഷം ബിപിൻ വിട്ടയയ്ക്കപ്പെട്ടതാണ്. എന്നാൽ സത്യൻ വധക്കേസിൽ ബിപിനെ പ്രതിയാക്കിയതു പാർട്ടിയല്ലെന്നും സത്യന്റെ മൊഴി പ്രകാരമാണെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതകത്തിന്റെ പേരു പറഞ്ഞു ഭീഷണിപ്പെടുത്തേണ്ടെന്ന താക്കീതും മന്ത്രി അന്നു നൽകി. ബിപിനെതിരായ നടപടിയുടെ കാലാവധി കഴിഞ്ഞപ്പോൾ ബ്രാഞ്ചിലേക്കാണു തിരിച്ചെടുത്തത്. ഇതിൽ ബിപിൻ അസ്വസ്ഥനായിരുന്നു.
