![]() |
| Courtesy |
ഇ.പി. ജയരാജന്റെ പരാതിയിൽ ആത്മകഥ വിവാദത്തിൽ പൊലീസ് രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ വിശദീകരണവുമായി ഡി.സി ബുക്സ്. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടുമാത്രമേ തങ്ങൾ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുള്ളുവെന്നും അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ അഭിപ്രായപ്രകടനം അനുചിതമാണെന്നും ഡി.സി ബുക്സ് പ്രസ്താവനയിൽ പറഞ്ഞു.
‘ഇ.പി. ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട് ഡി.സി ബുക്സ് മൊഴി നൽകി. ചില മാധ്യമങ്ങളിലൂടെ ഇപ്പോൾ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. അവ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടുമാത്രമേ ഡി.സി ബുക്സ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുള്ളു. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ അഭിപ്രായപ്രകടനം അനുചിതമാണ്’ -ഡി.സി ബുക്സ് വ്യക്തമാക്കി.
കോട്ടയം ഡി.വൈ.എസ്.പി കെ.ജി. അനീഷാണ് രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തിയത്. ഉച്ചക്ക് 12.30നാണ് രവി ഡി.സി എത്തിയത്. മൊഴി രേഖപ്പെടുത്തൽ രണ്ടുമണിക്കൂറോളം നീണ്ടു. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണറിപ്പോർട്ട് ഇന്ന് ഡി.ജി.പിക്ക് കൈമാറും. അതേസമയം, പുസ്തകം പ്രസിദ്ധീകരിക്കാൻ ഡി.സി ബുക്സിന് ഇ.പി. ജയരാജനുമായി കരാറുണ്ടോ എന്ന ചോദ്യത്തിന് രവി ഡി.സി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇ.പി. ജയരാജനുമായി ഡി.സി ബുക്സിന് കരാർ ഇല്ലെന്ന് ജീവനക്കാർ നേരത്തേ മൊഴി നൽകിയിരുന്നു. വിഷയത്തിൽ ഈ പി ജയരാജന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ജയരാജൻ്റെ ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിൽ നടപടി. പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡി.സി ബുക്സ് സസ്പെൻ്റ് ചെയ്തു. ഇ പി ജയരാജൻ്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ആൾക്കെതിരെയാണ് ഡി സി ബുക്സിൻ്റെ നടപടി. ഇത് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമെന്നാണ് സൂചന.
