സീപ്ലെയിന്‍ പദ്ധതിയില്‍ മാട്ടുപ്പെട്ടി ഡാമിനെ ഉള്‍പ്പെടുത്തിയതില്‍ വനംവകുപ്പ് ആശങ്ക രേഖപ്പെടുത്തി.
ഇടുക്കി ജില്ലയുടെ ഹൈറേഞ്ചിൽ ചരിത്രത്തിലാദ്യമായി ജലവിമാനം ഇറങ്ങി. രാവിലെ 10.30നു കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നു പറന്നുയർന്ന സീ പ്ലെയ്ൻ 10.57നു അണക്കെട്ടിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന എയ്റോഡ്രോമിൽ ഇറങ്ങി. പറന്നിറങ്ങിയ വിമാനം മാട്ടുപ്പെട്ടിയിൽ ജലവിതാനത്തിൽ നൗകയായി മാറി. കരയിലും വെള്ളത്തിലും പറന്നിറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫിബിയൻ വിമാനമാണ് എത്തിയത്. മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാരായ എം.എം.മണി, എ.രാജാ, ജില്ല കലക്ടർ വി.വിഘ്നേശ്വരി എന്നിവർ ചേർന്നു സ്വീകരിച്ചു.
ജനപ്രതിനിധികളും കെ.എസ്.ഇ.ബി, ഹൈഡൽടൂറിസം ജീവനക്കാരും മാത്രമാണ് മാട്ടുപ്പെട്ടി ഡാമിലുണ്ടായത്. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതിനായി ഡാമിൽ കാര്യമായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. താത്ക്കാലികമായ ഒരു ബോട്ടുജെട്ടി ക്രമീകരിക്കുക മാത്രമാണ് ചെയ്തത്. അതിനാൽ തന്നെ ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ ഈ പദ്ധതി നടപ്പിലാക്കാൻ പറ്റി എന്നത് വലിയ കാര്യമായാണ് അധികൃതർ കാണുന്നത്.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ബോൾഗാട്ടിയിലെ ചടങ്ങിൽ പങ്കെടുത്തു. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവരുമായി 10 മിനിറ്റ് യാത്ര നടത്തി അവരെ തിരിച്ചിറക്കിയ ശേഷമാണ് മാട്ടുപ്പെട്ടിയിലേക്ക് ജലവിമാനം പുറപ്പെട്ടത്. മൈസൂരുവിൽ നിന്നാണ് ജലവിമാനം ഞായറാഴ്ച കൊച്ചിയിലെത്തിയത്.
തെളിഞ്ഞ അന്തരീക്ഷത്തിലാണ് വിമാനം ഡാമിലേക്ക് ഇറങ്ങിയത്. ഏതാണ്ട് മൂന്ന് കിലോമീറ്റർ വിശാലമായിക്കിടക്കുന്ന ജലപ്പരപ്പാണ് മാട്ടുപ്പെട്ടി ഡാമിലേത്. എല്ലാ കാലത്തും വെള്ളമുണ്ടെന്നുള്ളതാണ് വലിയ പ്രത്യേകത. ഇവിടെ നിന്നും വിമാനം ലക്ഷദ്വീപിലേക്ക് പോയി.
ഇരട്ടയെഞ്ചിനുള്ള 19 സീറ്റർ വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഏത് ചെറു ജലാശയത്തിലും എളുപ്പത്തിൽ ഇറക്കാൻ സാധിക്കുമെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യകത. ചെറുവിമാനത്താവളങ്ങളേയും ജലാശയങ്ങളേയും ബന്ധിപ്പിക്കുകയെന്നതാണ് സീ പ്ലെയിൻ പദ്ധതിയുടെ ലക്ഷ്യം. കൊച്ചിയിൽ നിന്ന് മൂന്നാറിലെത്താൻ വെറും 30 മിനുട്ട് മതിയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം.
അതേസമയം സീപ്ലെയിൻ പദ്ധതിയിൽ മാട്ടുപ്പെട്ടി ഡാമിനെ ഉൾപ്പെടുത്തിയതിൽ വനംവകുപ്പ് ആശങ്ക രേഖപ്പെടുത്തി. ഡാം ആനത്താരയുടെ ഭാഗമാണെന്നതാണ് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്ന പ്രശ്നം. ആനകൾ ഡാം മുറിച്ചുകടന്ന് ഇക്കോ പോയന്റിലേക്ക് ഇറങ്ങുന്നുണ്ട്. വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനമുണ്ടാക്കാൻ കാരണമാകുമെന്നും സംയുക്ത പരിശോധനയിൽ വനംവകുപ്പ് അറിയിച്ചു.മാട്ടുപ്പെട്ടി ഡാം മേഖല ആനകളുടെ വിഹാരകേന്ദ്രമെന്നും, ഡാമിലെ ലാന്റിംഗ് ആനകൾക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാണിച്ചാണ് ആശങ്ക അറിയിച്ചത്. ജോയിന്റ് ഇൻസ്പെക്ഷൻ സമയത്ത് വനംവകുപ്പ് നേരിട്ട് ഈ ആശങ്ക ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു. അതേമസയം സീപ്ലെയിനുമായി ബന്ധപ്പെട്ട എല്ലാ ആശങ്കയും പരിഹരിക്കുമെന്ന് മന്ത്രി പി. രാജീവിന്റെ പ്രതികരണം.

