വയനാട് ലോക്സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ വാശിയേറിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. മൂന്ന് മുന്നണികളുടെയും നേതൃത്വത്തിൽ വമ്പിച്ച പരിപാടികളാണ് വയനാടും ചേലക്കരയിലും സംഘടിപ്പിച്ചത്. റോഡ് ഷോയുമായി സ്ഥാനാർഥികളും അവർക്ക് കരുത്തായി ആയിരക്കണക്കിന് അണികളും അണിനിരന്നതോടെ കൊട്ടിക്കലാശം ആവേശക്കൊടുമുടിയിലാകുകയായിരുന്നു.
തൃശ്ശൂർ ചേലക്കര ഉപതെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് സമാപനമായി. മണ്ഡലത്തെ ഒന്നാകെ ആവേശക്കടലാക്കിയാണ് ചേലക്കര ബസ് സ്റ്റാൻ്റിൽ കൊട്ടിക്കലാശം നടന്നത്. വിവിധ പഞ്ചായത്തുകളിലും ഇതേ സമയം തന്നെ കൊട്ടിക്കലാശം നടന്നു. ജനാധിപത്യത്തിലെ ഏറ്റവും മനോഹരമായ വർണ്ണക്കാഴ്ചയ്ക്ക് ആണ് തിങ്കളാഴ്ച വൈകുന്നേരം ചേലക്കര ബസ്റ്റാൻഡ് വേദിയായത്. രാവിലെ മുതൽ തന്നെ മുന്നണി പ്രവർത്തകർ എല്ലാം കൊട്ടിക്കലാശത്തിനായി ഒരുക്കത്തിലായിരുന്നു. മൂന്നു മുന്നണികൾക്കും ചേലക്കര ബസ് സ്റ്റാൻഡിൽ മൂന്നിടങ്ങളിലായാണ് കൊട്ടിക്കലാശത്തിന് വേദിയൊരുക്കിയിരുന്നത്.
ആട്ടവും പാട്ടുമായി ബസ്റ്റാന്റിന്റെ കിഴക്കുഭാഗത്താണ് എൽഡിഎഫിന് പ്രവർത്തകർ അണിനിരന്നത്. നാലു മണിയോടെ മേപ്പാടത്തു നിന്നും എൽ ഡി എഫ് പ്രവർത്തകരുടെ റാലി ആരംഭിച്ചു. തുടർന്ന് ഓരോ കേന്ദ്രത്തിൽ നിന്നും കൂടുതൽ പ്രവർത്തകർ റാലിയിൽ അണി ചേർന്നു. 4.30 ഓടെ പ്രവർത്തകരെല്ലാം ബസ്റ്റാൻഡ് പരിസരത്ത് എത്തി. എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർപ്രദീപും ഇടതു നേതാക്കളും കൂടി എത്തിയതോടെ ആവേശം പതിന്മടങ്ങായി. റവന്യൂ മന്ത്രി കെ രാജൻ, കെ രാധാകൃഷ്ണൻ എം പി, നേതാക്കളായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. ചേലക്കരയുടെ ഇടതു മനസ്സ് ഇത്തവണയും എൽ ഡി എഫിനൊപ്പം തന്നെയാണെന്ന് സ്ഥാനാർത്ഥി യു ആർ പ്രദീപ് പറഞ്ഞു.
ബസ്റ്റാന്റിന്റെ പടിഞ്ഞാറുഭാഗത്തായിരുന്നു യുഡിഎഫിൻ്റെയും എൻ ഡി എ യുടെയും കൊട്ടിക്കലാശം. ഏറെ ആവേശത്തോടെയായിരുന്നു ചേലക്കര ടൗണിൽ കൊട്ടിക്കലാശം നടന്നിരുന്നത്. രമ്യ ഹരിദാസിനൊപ്പം പാലക്കാട്ടെ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ കൊട്ടിക്കലാശത്തിൽ എത്തിയത് പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. ചാണ്ടി ഉമ്മനും വി കെ ശ്രീകണ്ഠനും കൊട്ടിക്കലാശത്തില്‍ രമ്യയ്ക്കൊപ്പമുണ്ടായിരുന്നു. മണ്ഡലത്തിലെ മത്സരം കടുപ്പമാണെന്നാണ് ജനങ്ങളുടെ പ്രതികരണം.
ബസ് സ്റ്റാൻ്റിൻ്റെ മധ്യഭാഗത്താണ് എൻ ഡി എ യുടെ കൊട്ടിക്കലാശം നടന്നത്. സ്ഥാനാർത്ഥി കെ ബാലകൃഷ്ണനൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വി മുരളീധരൻ തുടങ്ങിയ നേതാക്കളും കൊട്ടിക്കലാശത്തിനായി ചേലക്കരയിൽ എത്തിയിരുന്നു.
വയനാട്ടിൽ യുഡിഎഫ് തിരുവമ്പാടിയിലും എൽഡിഎഫ് കൽപറ്റയിലും എൻഡിഎ ബത്തേരിയിലുമാണ് കലാശക്കൊട്ട് നടത്തിയത്. ബത്തേരിയിൽ രാവിലെ യുഡിഎഫ് കലാശക്കൊട്ട് നടത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് കലാശക്കൊട്ടിൽ പങ്കെടുത്തത്. ഞാൻ വീണ്ടും തിരിച്ചുവരുമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബത്തേരിയിൽ നിന്ന് മടങ്ങിയത്.സുഖദുഃഖങ്ങളില്‍ താന്‍ കൂടെയുണ്ടാകുമെന്നും നിങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ചുതുടങ്ങുകയാണെന്നും പ്രിയങ്ക പറഞ്ഞു. മലയാളം പഠിക്കുമെന്ന് പറഞ്ഞ പ്രിയങ്ക താന്‍ പുതിയതായി പഠിച്ച മലയാള വാക്യം അഭിമാനത്തോടെ പറഞ്ഞു. ഞാന്‍ ഉടനെ തിരിച്ചുവരുമെന്ന് പ്രിയങ്ക മലയാളത്തില്‍ പറഞ്ഞപ്പോള്‍ പ്രവര്‍ത്തകരും വയനാട്ടുകാരും വന്‍ കരഘോഷത്തോടെ അതിനെ സ്വീകരിച്ചു.
വയനാട്ടില്‍ ആവേശോജ്വലമായ കലാശക്കൊട്ടിനിടെ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന് മൊകേരി. കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തോടെ വയനാട്ടില്‍ കോണ്‍ഗ്രസ് പണമൊഴുക്കുന്നുവെന്നാണ് സത്യന് മൊകേരിയുടെ ആരോപണം. വയനാട്ടിലെ ജനങ്ങളെ രാഹുലും പ്രിയങ്കയും വഞ്ചിക്കുകയാണ്. ഉരുള്‍പൊട്ടല്‍ സമയത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷ്യക്കിറ്റുകള്‍ ഇപ്പോള്‍ വിതരണം ചെയ്യാമെന്ന് കരുതിയത് തെരഞ്ഞെടുപ്പ് നേട്ടത്തിനായാണെന്നും അതിനാലാണ് കിറ്റില്‍ രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രങ്ങള്‍ പതിപ്പിച്ചതെന്നും സത്യന് മൊകേരി പറഞ്ഞു.
വയനാട്ടിൽ ചരിത്രം കുറിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് പറഞ്ഞു.യുഡിഎഫ്എല്‍ഡിഎഫ് മത്സരം അഡ്ജസ്റ്റ്മെന്റ് എന്ന ആരോപണം ഉന്നയിച്ചായിരുന്നു എന്‍ഡിഎ പ്രചാരണത്തുടക്കം. നവ്യാഹരിദാസിലൂടെ വയനാട്ടില്‍ വോട്ടുവിഹിതം ഉയര്‍ത്താമെന്ന് ബിജെപി പ്രതീക്ഷ.ക്രെയ്നിൽ കയറിയ നവ്യ, പ്രവർത്തകർക്കു മേൽ പുഷ്പവൃഷ്ടി നടത്തി. സുൽത്താൻ ബത്തേരിയിലായിരുന്നു എൻ ഡി എയുടെ കൊട്ടിക്കലാശം.
പാലക്കാടും നവംബർ 13ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൽപാത്തി രഥോത്സവത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഏകദേശം ഒരുമാസത്തിലധികം നീണ്ടുനിന്ന വാശി നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഒക്ടോബർ 11ന് വൈകിട്ട് ആറോടെ അന്ത്യമായത്.

