![]() |
| Courtesy |
പൂർണ്ണമായും ഒരു മെസേജിങ് ആപ്ലിക്കേഷനാണ് എങ്കിലും ഒരു ബഹുമുഖ പ്ലാറ്റ്ഫോമാണ് ടെലഗ്രാം. പലവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവുന്ന ടെലഗ്രാം, ഫീച്ചറുകളുടെ കാര്യത്തിൽ എപ്പോഴും വാട്സാപ്പിന് മുന്നിൽ തന്നെയാണ് കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ ഇതിന് അനുകരിച്ചാണ് വാട്സ്ആപ്പ് കഴിഞ്ഞ കുറെ നാളുകളായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്, അത് എല്ലാം വളരെ മുൻപ് മുതൽ ടെലഗ്രാം ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും തന്നെ. ഇപ്പോഴിതാ നാഴികക്കല്ലായേക്കാവുന്ന മറ്റൊരു നീക്കം പ്രഖ്യാപിച്ചിരിക്കുകയാണ് ടെലഗ്രാം സ്ഥാപകനും മേധാവിയുമായ പാവെൽ ദുരോവ്.
ടെലഗ്രാം ഒരു വീഡിയോ പ്ലാറ്റ്ഫോം ആയി മാറുന്നതിന്റെ ആദ്യ ചുവടുവെച്ചിരിക്കുന്നു എന്നാണ് തന്റെ ടെലഗ്രാം ചാനലിലൂടെ ദുരോവിന്റെ പ്രഖ്യാപനം.
നേരത്തെ തന്നെ ടെലഗ്രാം വീഡിയോകൾ പങ്കുവെക്കാനാവുന്ന പ്ലാറ്റ്ഫോം ആയിരുന്നുവെങ്കിലും ഉപഭോക്താക്കൾ അപ്ലോഡ് ചെയ്യുന്ന അതേ ഫോർമാറ്റിലാണ് അവ പ്രദർശിപ്പിച്ചിരുന്നത്. പലപ്പോഴും ഗിഗാബൈറ്റുകൾ വരുന്ന വീഡിയോ ഫയലുകൾ ഉപഭോക്താവിന് ഡൗൺലോഡ് ചെയ്യേണ്ടതായി വന്നിരുന്നു.പുതിയ അപ്ഡേറ്റിലൂടെ ടെലഗ്രാമിൽ പങ്കുവെക്കുന്ന വീഡിയോകൾ സുഗമമായ സ്ട്രീമിങിന് അനുയോജ്യമായ വിധത്തിൽ വിവിധ ക്വാളിറ്റി ഓപ്ഷനുകളിൽ ലഭ്യമാക്കും. ഇതിനായി അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ ടെലഗ്രാം ആവശ്യാനുസരണം കംപ്രസ് ചെയ്യും.
ഇതോടെ നിങ്ങളുടെ കണക്ഷൻ സ്പീഡിന് അനുസരിച്ച് സുഗമമായി വീഡിയോ സ്ട്രീം ചെയ്യുന്നതിന് അനുയോജ്യമായ ക്വാളിറ്റി ടെലഗ്രാം തന്നെ ഓട്ടോമാറ്റിക് ആയി തിരഞ്ഞെടുക്കും. മീഡിയം, ഹൈ, ഫുൾ എച്ച്ഡി ക്വാളിറ്റി ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മാന്വലായി തിരഞ്ഞെടുക്കാനും സൗകര്യമുണ്ടാവും.യൂട്യൂബിലും ഫേസ്ബുക്കിലും മറ്റും നേരത്തെ തന്നെ ഈ രീതിയിൽ വീഡിയോ ഗുണമേന്മ ക്രമീകരിക്കപ്പെടുന്ന സൗകര്യം ലഭ്യമാണ്.
ഇത് ടെലഗ്രാം ഒരു വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയി മാറുന്നതിന്റെ ആദ്യ പടിയാണെന്നാണ് ദുരോവ് പറയുന്നത്. ടെലഗ്രാമിൽ വീഡിയോകൾ ആസ്വദിക്കുന്നത് കൂടുതൽ സുഗമമാവുമെന്നും അദ്ദേഹം പറയുന്നു.
പ്ലേ ബാക്ക് വേഗം ക്രമീകരിക്കുന്നതിനുള്ള പുതിയ ജെസ്റ്റർ കൺട്രോളും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ പ്ലെയറിന്റെ വലത് ഭാഗത്ത് വിരൽ ഹോൾഡ് ചെയ്ത് വെച്ചാൽ പ്ലേബാക്ക് വേഗം 1.5 x ആയി വർധിക്കും. തുടർന്ന് വലത്തോട്ട് വിരൽ സ്ലൈഡ് ചെയ്യുന്നതിനനുസരിച്ച് 2.5x വരെ വേഗം വർധിപ്പിക്കാം. വിരൽ സ്ക്രീനിൽ നിന്നെടുത്താൽ പ്ലേബാക്ക് വേഗം സാധാരണ നിലയിലേക്ക് തിരിച്ചുവരും.
ഒരു ടെക്സ്റ്റ് സന്ദേശത്തിനൊപ്പം മീഡിയാ ഫയൽ അയക്കാൻ മറന്നുപോയാൽ. പിന്നീട് ആ സന്ദേശം എഡിറ്റ് ചെയ്ത് മീഡിയാ ഫയൽ അറ്റാച്ച് ചെയ്ത് ഒപ്പം അയക്കാനുള്ള സൗകര്യം, സന്ദേശം എഡിറ്റ് ചെയ്ത സമയം ഉൾപ്പടെ വിവിധ പുതിയ ഫീച്ചറുകളും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.
.
