മാവേലിക്കരയിൽ വിയറ്റ്നാമിൽ നിന്നുള്ള ഗാഗ് പഴം വള്ളികുന്നത്ത് വിളഞ്ഞു. "സ്വർഗത്തിലെ കനി' എന്ന വിളിപ്പേരുള്ള ഈ പഴം വള്ളികുന്നം എൽഎച്ച് നിവാസിൽ റെജീനയുടെ വീട്ടുമുറ്റത്താണ് ആരുടെയും മനംമയക്കും കാഴ്ചയാകുന്നത്. മറ്റ് പഴങ്ങളെ അപേക്ഷിച്ച് വൈറ്റമിൻ സി ധാരാളം ലഭിക്കുന്നുവെന്നത് പ്രത്യേകതയാണ്. ഒപ്പം മൂലകങ്ങൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ ചേരുന്ന ഇതിന് മാർക്കറ്റിൽ ഒരുകിലോയ്ക്ക് 1000 മുതൽ 1500 രൂപ വരെയുണ്ട്.
കേരളത്തിൽ വ്യാപകമല്ല ഈ കൃഷി. അങ്കമാലി സ്വദേശി ജോജോയിൽനിന്നാണ് 300 രൂപയ്ക്ക് ആറ് വിത്ത് വരുത്തി നട്ടത്. ജൈവവളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചെടിയിൽ കായ വീണാൽ പച്ചയും പിന്നീട് മഞ്ഞയും പാകമാകുമ്പോൾ ചുവപ്പുമാണ് നിറം. മൂന്ന് നിറങ്ങളിലായി കായ പിടിച്ചുനിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. ഇതാസ്വദിക്കാൻ ധാരാളം ആളുകളെത്തുന്നു. ഇലകൾ തോരൻ വച്ചും കായ കറിയാക്കിയും പഴം ജ്യൂസ്, ഷേക്ക് എന്നിവയായും ഉപയോഗിക്കാം.
മൂന്നാം ഘട്ടത്തിൽ നല്ല കട്ടിയുള്ള പുറംതോടിൽ ചക്കയോട് സാമ്യമുള്ള നിറയെ ശക്തിയേറിയ മുള്ളുകൾ ഉണ്ടാകും. മുള്ള് കളഞ്ഞ് മുറിച്ചുനോക്കിയാൽ നന്നായി മൂത്ത് പഴുത്ത കയ്പയുടെ വിത്തിനെ പൊതിയുന്ന ചുവന്ന പൾപ്പിനോട് സാമ്യമുള്ള വഴുവഴുത്ത പൾപ്പ് കാണാം. ഈ പൾപ്പും കായയുടെ ഉള്ളിൽ വിത്തിനോട് ചേർന്ന് തോടിൽക്കാണുന്ന മഞ്ഞഭാഗവും ചുരണ്ടിയെടുത്തതാണ് ജ്യൂസ് നിർമാണത്തിൽ ഉപയോഗിക്കുന്നത്.
വർഷങ്ങളോളം വിളവ് ലഭിക്കും. കൃഷിച്ചെലവ് വളരെ കുറവാണ്. ആളുകൾ ഗാഗ് പഴം വാങ്ങാൻ വീട്ടിൽ തിരക്കി എത്താറുണ്ടെന്നും ആവശ്യക്കാരേറെയാണെന്നും റെജീന പറയുന്നു. ഇതോടൊപ്പം മറ്റ് പച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. ഭർത്താവ്: അനീഷ്. മക്കൾ: ഏഴാം ക്ലാസ് വിദ്യാർഥി ഹനാൻ മുഹമ്മദ്, യുകെജി വിദ്യാർഥി ഹംദാൻ മുഹമ്മദ്.
