ജോലിഭാരം കുറയ്ക്കാൻ അടുക്കളകൾ തദ്ദേശസ്ഥാപനങ്ങളുടെ ധനസഹായത്തോടെ നവീകരിക്കുന്ന 'ഈസി കിച്ചൺ' പദ്ധതിക്ക് അംഗീകാരമായി. ഒരു അടുക്കളയ്ക്ക് 75,000 രൂപവരെയാണ് തദ്ദേശസ്ഥാപനങ്ങൾ നൽകുക.അടുത്തിടെ ചേർന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല ഏകോപനസമിതിയാണ് തദ്ദേശഭരണവകുപ്പിന്റെ പദ്ധതിക്ക് പച്ചക്കൊടികാട്ടിയത്.
അടുക്കളയുടെ തറമാറ്റി കോൺക്രീറ്റ് ചെയ്ത് സെറാമിക് ടൈൽ പാകാം. ഗ്രാനൈറ്റ് കിച്ചൺ സ്ലാബ്, എം.ഡി.എഫ്. കിച്ചൺ അലമാര, 200 ലിറ്റർ വാട്ടർടാങ്ക്, കിച്ചൻ സിങ്ക്, പൈപ്പ്, പെയിന്റിങ്, സോക്പിറ്റ് നിർമാണം എന്നിവയൊക്കെ അനുവദിക്കും.വയറിങ് ഉൾപ്പെടെ ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് ആറായിരം രൂപ ചെലവിടാം. ഇതിൽ ചിലതുമാത്രം മതിയെങ്കിൽ അതനുസരിച്ച് ധനസഹായം കണക്കാക്കും. ഈസി കിച്ചൻ പദ്ധതിക്കായി ഗ്രാമപ്പഞ്ചായത്തുകളും നഗരസഭകളും കേർപ്പറേഷനുകളും പദ്ധതി തയ്യാറാക്കി പണം മാറ്റിവെക്കണം.
പദ്ധതിയിൽ അർഹരായവർ വാർഷികവരുമാനം പൊതുവിഭാഗത്തിൽ രണ്ടു ലക്ഷം രൂപയിലും പട്ടികജാതി വിഭാഗത്തിൽ മൂന്നു ലക്ഷംരൂപയിലും കൂടാത്തവർ. പട്ടികവർഗ വിഭാഗത്തിൽ വരുമാനപരിധിയില്ല. തദ്ദേശസ്ഥാപനത്തിന് ഫണ്ട് അനുസരിച്ച് അടുക്കളകളുടെ എണ്ണം തീരുമാനിക്കാം.
അതേസമയം ലൈഫ് ഉൾപ്പെടെ ഭവനനിർമാണ പദ്ധതികളിൽ ലഭിച്ച വീടുകൾക്ക് ധനസഹായം കിട്ടില്ല. നിലവിൽ മെച്ചപ്പെട്ട അടുക്കളയുള്ളവർക്ക് അത് മോടിപിടിപ്പിക്കാനും കിട്ടില്ല. അടുക്കളയ്ക്കുള്ള പണം വീടിന്റെ മൊത്തത്തിലുള്ള അറ്റകുറ്റപ്പണികൾക്കായി വകമാറ്റാനാകില്ല.