![]() |
| Courtesy |
ലോകത്ത് ഏറ്റവും ആധികം വിലപിടിപ്പുള്ള വാച്ചിന്റെ വില എത്രയാണെന്ന് അറിയാമോ? 466 കോടി രൂപയാണ് ഈ വാച്ചിന്റെ വില. ഗ്രാഫ് ഡയമണ്ട് ഹാലൂസിനേഷൻ (Graff Diamonds Hallucination) എന്ന പേരുള്ള ഈ വാച്ചാണ് വാച്ചുകളുടെ ലോകത്തെ രാജാവ്.55 മില്യൺ യു.എസ് ഡോളർ അഥവാ ഏകദേശം 466 കോടി രൂപയുള്ള ഈ വാച്ചാണ് ലോകത്ത് നിർമിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വിലപിടിപ്പുള്ള വാച്ച്. കലയും, ജ്വല്ലറിയും സമന്വയിക്കുന്ന ഈ വാച്ച് ലോകത്ത് നിർമിക്കപ്പെട്ടിട്ടുള്ള വാച്ചുകളിലെ മാസ്റ്റർപീസായാണ് കണക്കാക്കപ്പെടുന്നത്.
ഗ്രാഫ് ഡയമണ്ടുകളുപയോഗിച്ച് നിർമിച്ചിരിക്കുന്ന വാച്ച് 2014ലാണ് ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്. പിങ്ക്, നീല, പച്ച, ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള 110 കാരറ്റ് ഡയമണ്ടുകളാണ് ഈ വാച്ചിന്റെ നിർമാണത്തിനായി ഉപയുക്തമാക്കിയിരിക്കുന്നത്. വിവിധ വർണങ്ങളിലുള്ള വില കൂടിയ ഡയമണ്ടുകളുടെ തിളക്കമാണ് വാച്ചിന്റെ ഏറ്റവും വലിയ സവിശേഷത.
ഇതിലുപയോഗിച്ചിരിക്കുന്ന ഡയമണ്ടുകളുടെ അപൂർവതയാണ് വാച്ചിന്റെ മറ്റൊരു പ്രത്യേകത. ഇവയാണ് വാച്ചിന്റെ മൂല്യമുയർത്തുന്ന പ്രധാന ഘടകം. ആഡംബര വാച്ചുകളിൽ സാധാരണയായി വൃത്താകൃതിയിൽ കട്ട് ചെയ്ത ഡയമണ്ടുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഗ്രാഫ് ഡയമണ്ട് ഹാലൂസിനേഷനിൽ ഉപയോഗിച്ചിരിക്കുന്നത് വിവിധ തരം ഡിസൈനുകളിലുള്ള വജ്രങ്ങളാണ് . വിവിധ വർണങ്ങളിലും, രൂപങ്ങളിലുമുള്ള ഡയമണ്ട് വാച്ചിന് മാരിവിൽ വർണങ്ങളുടെ അഴകാണ് നൽകുന്നത്.
