ടൈപ്പ് 2 പ്രമേഹത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിന് സാധിക്കും എന്ന് പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുകയാണ്. യുഎസിലെ ബോസ്റ്റണിലുള്ള ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് നിയന്ത്രിതമായ അളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിയ്ക്കുന്നത് ടൈപ്പ് 2 പ്രമേഹത്തില്‍നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്നാണ്. എന്നാല്‍ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ പാല് ചോക്ലേറ്റ് പതിവായി കഴിക്കുന്നവര്‍ക്ക് ശരീരഭാരം വര്‍ദ്ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 30 വര്‍ഷത്തിനിടയില്‍ 190,000 ആളുകളുടെ ഭക്ഷണ- ആരോഗ്യ രേഖകള്‍ പരിശോധിച്ച ശേഷമാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ജങ്ക് ഫുഡ്ഡും കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണമാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുളള കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകമെമ്പാടുമുളള 462 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് ടൈപ്പ് 2 പ്രമേഹം ഉള്ളത്. ഇത് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാനും കാരണമാകുന്നു.
ഹാര്‍വാര്‍ഡിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് ഡാര്‍ക്ക് ചോക്ലേറ്റിലെ കൊക്കോ ബീന്‍സില്‍ നിന്നുളള ഉയര്‍ന്ന ആന്റി ഓക്സിഡന്റുകള്‍ ശരീരത്തില്‍നിന്നും പഞ്ചസാര ആഗീരണം ചെയ്യാന്‍ സഹായിക്കുന്നു എന്നാണ്. ഇത് പൂരിത കൊഴുപ്പിന്റെയും പഞ്ചസാരയുടെയും സ്വാധീനം കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് വിവരം.
ടൈപ്പ് 2 പ്രമേഹക്കാര്‍ ഭക്ഷണകാര്യങ്ങളിലും ജീവിതശൈലിയിലും ശ്രദ്ധിക്കുന്നത് അപകട സാധ്യത കുറയ്ക്കും :
കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുറയ്ക്കുക. ശരീരം കാര്‍ബോ ഹൈഡ്രേറ്റുകളെ ചെറിയ പഞ്ചസാര തന്മാത്രകളായി വിഘടിപ്പിപ്പിച്ച് രക്തത്തിലേക്ക് ആഗീരണം ചെയ്യുന്നു. ഇത് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ പാന്‍ക്രിയാസിനെ ഉത്തേജിപ്പിക്കുകയും കോശങ്ങളിലേക്ക് പഞ്ചസാര അടിഞ്ഞുകൂടാന്‍ കാരണമാവുകയും ചെയ്യുന്നു.
ധാരാളം വെള്ളം കുടിയ്ക്കുക. പ്രിസര്‍വേറ്റീവുകളോ പഞ്ചസാരയോ ചേര്‍ക്കാത്ത വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കണം. സോഡ, മധുരമുളള പഴച്ചാറുകള്‍ എന്നിവ മുതിര്‍ന്നവരില്‍ ടൈപ്പ് 2 പ്രമേഹത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
അമിത വണ്ണവും ഭാരം കൂടുന്നതും ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. വിസറല്‍ ഫാറ്റ്, വയറിലെ കൊഴുപ്പ് എന്നിവയൊക്കെ ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
പുകവലി ഉപേക്ഷിക്കുക. പുകവലിയും പ്രമേഹവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പുകവലി ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും ഇന്‍സുലിന്‍ സ്രവത്തെ തടയുകയും ചെയ്യും.
നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഇത് കുടലിന്റെ ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇത് പ്രമേഹത്തെ തടയുകയും ചെയ്യും.