ക്രിപ്റ്റോകറൻസി കൈമാറ്റം നിരീക്ഷിക്കാൻ ടൂൾ സ്വന്തമാക്കി കേരള പൊലീസ്. ക്രിപ്റ്റോകറൻസി വഴിയുള്ള സാമ്പത്തിക കൈമാറ്റം അറിയിക്കുന്ന നിരീക്ഷണ ടൂളായ 'ചെയിൻ അനാലിസിസ്' ആണ് കേരള പൊലീസ് സ്വന്തമാക്കിയത്. 45 ലക്ഷം രൂപയാണ് ഈ നിരീക്ഷണ ടൂളിൻ്റെ വില. ഇതോടെ പണം ക്രിപ്റ്റോയിലേയ്ക്ക് മാറ്റിയാൽ തിരികെ കിട്ടാത്ത സ്ഥിതിയ്ക്ക് മാറ്റം വരും. നിലവിൽ ഇഡിയും കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയും മാത്രമാണ് ഈ നിരീക്ഷണ ടൂൾ ഉപയോഗിക്കുന്നത്.
ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്ന കമ്പ്യൂട്ടറിൻ്റെയോ മൊബൈൽ ഫോണിൻ്റെയോ ഐപി അഡ്രസ് ഈ ടൂൾ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. ഒരു ക്രിപ്റ്റോ വാലറ്റിൽ നിന്നും മറ്റ് ക്രിപ്റ്റോ വാലറ്റുകളിലേയ്ക്ക് പണം മാറ്റിയാലും അവിടെ നിന്ന് രാജ്യത്തിന് പുറത്തുള്ള അക്കൗണ്ടിലേയ്ക്ക് മാറ്റിയാലും അതിനുപയോഗിച്ച മൊബൈൽ ഫോണിൻ്റെയോ കമ്പ്യൂട്ടറിൻ്റെയോ ഐപി അഡ്രസ് വിലാസം ഈ നിരീക്ഷണ ടൂൾവഴി കണ്ടെത്താൻ കഴിയും. ഇതിലൂടെ ക്രിപ്റ്റോ വിനിമയം നടത്തിയത് ആരാണെന്ന് ഇനി എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.