ജിബ്രാൾട്ടറിലാണ് ഗവേഷകർ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള തീക്കുണ്ഡങ്ങൾ കണ്ടെത്തിയത്
![]() |
| പ്രതീകാത്മക ചിത്രം. Courtesy |
പ്രാകൃത മനുഷ്യൻ തീ ഉത്പാദിപ്പിച്ചതോടെ അന്നുവരെയുണ്ടായിരുന്ന ലോകത്തിന് വലിയ മാറ്റങ്ങൾ വന്നു. മാനവസംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിലൊന്നാണ് തീ. പരിണാമചരിത്രത്തിൽ തീയുടെ ഉപയോഗം വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യാനും തണുപ്പുകാലത്ത് ചൂട് ലഭിക്കാനും കൂടുതൽ മൂർച്ചയും കരുത്തുമുള്ള ആയുധങ്ങൾ നിർമിക്കാനുമൊക്കെ തീയുടെ ഉപയോഗം മനുഷ്യരെ സഹായിച്ചിട്ടുണ്ട്. ശിലായുഗ മനുഷ്യരുടെ പ്രധാന ആയുധം തന്നെ ശിലകൾ പ്രത്യേക രീതിയിൽ രാകിമിനുക്കി ഉണ്ടാക്കുന്നവ ആയിരുന്നു.
മനുഷ്യരുടെ പൂർവികരായ നിയാണ്ടർത്താലുകളും തീ ഉപയോഗിച്ചിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, കുന്തവും മറ്റും ഉണ്ടാക്കുന്നതിന് ടാർ പോലുള്ള ചില പശകളും അവർ ഉപയോഗിച്ചിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. അക്കാലത്ത് മനുഷ്യരെങ്ങനെ ടാർ ഉത്പാദിപ്പിച്ചുവെന്നത് വലിയൊരു സമസ്യയായിരുന്നു. എന്നാൽ, 65000 വർഷം പഴക്കമുള്ള തീക്കുണ്ഡം കണ്ടെത്തിയതോടെയാണ് ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്ന തെളിവ് കിട്ടിയത്. ഈ സ്ഥലം ചെറിയ ടാർ ഉത്പാദന ഫാക്ടറി ആയി പ്രവർത്തിച്ചിരുന്നതാണെന്നാണ് ഗവേഷകർ പറയുന്നത്.ക്വാട്ടെർനറി സയൻസ് റിവ്യുഎന്ന പ്രസിദ്ധീകരണത്തിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഐബീരിയൻ പെനിസുലയിലെ ജിബ്രാൾട്ടറിലാണ് ഗവേഷകർ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള തീക്കുണ്ഡങ്ങൾ കണ്ടെത്തിയത്. അതിലൊന്നിൽ ടാർ ഉത്പാദിപ്പിച്ചിരുന്നുവെന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. റോക്ക്റോസ് എന്നറിയപ്പെടുന്ന ഒരു ചെടിയിൽനിന്നാണ് ഇവർ ടാർ ഉണ്ടാക്കിയിരുന്നതെന്നാണ് കരുതുന്നത്. ഇത് സ്ഥിരീകരിച്ചാൽ ടാർ ഉത്പാദിപ്പിക്കാൻ ഈ ചെടി ഉപയോഗിച്ചിരുന്നുവെന്നതിന്റെ ആദ്യ തെളിവായി ഇത് മാറും. ഹോമോസാപ്പിയന്സിനൊപ്പം ജീവിച്ചിരുന്നവരെന്നു കരുതപ്പെടുന്ന നിയാണ്ടർത്താലുകൾ തങ്ങളുടെ ശിലായുധങ്ങളെ മരംകൊണ്ടുള്ള വടികളിൽ കൊരുത്തുവെക്കാൻ പ്രത്യേക പശ ഉപയോഗിച്ചിരുന്നതായി മുമ്പ് കണ്ടെത്തിയിട്ടുണ്ട്.
കളിമണ്ണും പ്രകൃത്യാ കിട്ടുന്ന പശയുമൊക്കെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. നിലവിൽ കണ്ടെത്തിയ തീക്കുണ്ഡങ്ങൾ വ്യക്തമാക്കുന്നത് ഇവിടെ തീ കത്തിച്ച് ടാർ ഉണ്ടാക്കാൻ പ്രത്യേകതരം സംവിധാനമൊരുക്കിയിരുന്നുവെന്നാണ്. ശിലായുഗ കാലത്ത് ഉപയോഗിച്ചിരുന്ന പശകളേപ്പറ്റി കാര്യമായ ഗവേഷണം നടന്നിട്ടില്ല. ഏതായാലും നിലവിലെ ഗവേഷണം വിരൽചൂണ്ടുന്നത് നിയാണ്ടർത്താലുകൾ ഈ സ്ഥലത്ത് ടാർ ഉണ്ടാക്കിയിരുന്നുവെന്നാണ്.
യുനെസ്കോ ലോകപൈതൃകമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ് ജിബ്രാൾട്ടറിലെ വാൻഗാർഡ് ഗുഹ. ഈ പ്രദേശം നിയാണ്ടർത്താലുകൾ അധിവസിച്ചിരുന്ന മേഖലയായിരുന്നുവെന്ന് നേരത്തെ തന്നെ തിരിച്ചിറിഞ്ഞതാണ്. ഈ ഗുഹയിലാണ് ഗവേഷണം നടന്നത്. 2012 മുതലാണ് ഇവിടെ ഗവേഷണങ്ങൾ തുടങ്ങിയത്. ഇവിടെനിന്ന് നിരവധി കണ്ടെത്തലുകൾ വിവിധ ഗവേഷകരുടേതായി വന്നിട്ടുമുണ്ട്.
ഇവിടെനിന്ന് കരിയും റോക്ക്റോസ് എന്ന ചെടിയുടെ അവശിഷ്ടങ്ങളുമൊക്കെ ഗവേഷകർക്ക് ലഭിച്ചിരുന്നു. ഇവയിൽ നടത്തിയ പരിശോധനയിലാണ് നിയന്ത്രിത രീതിയിൽ തീയുടെ ഉപയോഗം നടത്തിയതായി കണ്ടെത്തിയത്. രാസപരിശോധനയിൽ ഇവിടെനിന്ന് കണ്ടെടുത്ത സാമ്പിളുകളിൽ മെഴുക് പോലുള്ള പദാർഥം കണ്ടെത്തി. ഇത് വിരൽചൂണ്ടുന്നത് നിയാണ്ടർത്താലുകൾ ടാർ ഉത്പാദിപ്പിക്കാൻ ശ്രമിച്ചതാണെന്നാണ്.
അക്കാലത്തെ വവ്വാലുകളുടെയും പക്ഷികളുടെയുമൊക്കെ വിസർജ്യം അടിഞ്ഞുകൂടിക്കിടക്കുന്നതും കണ്ടെത്തി. ഇതിനെ മണ്ണുമായി കലർത്തി റോക്ക്റോസ് ചെടിയെ പുതച്ചിട്ട് തീ കൊടുത്ത് ചൂടാക്കിയാണ് നിയാണ്ടർത്താലുകൾ ടാർ ഉത്പാദിപ്പിച്ചിരിക്കുക എന്നാണ് ഗവേഷകർ പറയുന്നത്. ഇത് ശരിയാണോ എന്നുറപ്പിക്കാൻ ഗവേഷർ അക്കാലത്ത് നിയാണ്ടർത്താലുകൾ ചെയ്തിരുന്നുവെന്ന് അനുമാനിച്ച രീതിയിൽ റോക്ക്റോസ് ചെടിയെ ചൂടാക്കി നോക്കി. രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഇവർക്ക് ലാബ്ഡനം എന്ന റെസിൻ ഉത്പാദിപ്പിക്കാനായി. ഇതുപയോഗിച്ച് അവർ ചെറിയ കല്ലും മരക്കൊമ്പും ഉപയോഗിച്ച് ആയുധമുണ്ടാക്കി പരീക്ഷിച്ച് നോക്കുകയും ചെയ്തു.
