വൈറല്‍ ഹെമറാജിക് പനി ഉണ്ടാക്കുകയും ചിലപ്പോള്‍ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും രക്തസ്രാവത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് മാര്‍ബര്‍ഗ് വൈറസ്. എബോള കുടുംബത്തില്‍ പെടുന്നതാണ് വൈറസ്. ഇത് പഴം വവ്വാലുകളില്‍ നിന്നും അതിന്റെ സ്വാഭാവിക ആതിഥേയരില്‍ നിന്നും ഉത്ഭവിക്കുന്നു. കൂടാതെ രോഗബാധിതനായ വ്യക്തിയുടെ രക്തം, ഉമിനീര്, മൂത്രം എന്നിവയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മനുഷ്യരിലേക്ക് പടരുന്നു. ഇതിനെ 'ബ്ലീഡിങ് ഐസ്' എന്നും പറയുന്നു.
രോഗം ബാധിച്ച വ്യക്തികള്‍ക്ക് കടുത്ത പനി, കടുത്ത തലവേദന, പേശി വേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെടാം. ഗുരുതരമായ കേസുകളില്‍, ഇത് ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ പരാജയം, ഷോക്ക് എന്നിവയ്ക്ക് കാരണമാകും. ഇത് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നതിന് കാരണമാകാം.
ഹെമറാജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണ് മാര്‍ബര്‍ഗ്. രക്തസ്രാവവും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ തടസവുമാണ് അനന്തരഫലം. രോഗം ബാധിച്ചാല്‍ മരണ സാധ്യത 88 ശതമാനമാണ്. ഉയര്‍ന്ന മരണനിരക്ക് കണക്കാക്കാവുന്ന മാരകരോഗമാണ് എബോള വൈറസ് കുടുംബത്തില്‍പെട്ട മാര്‍ബര്‍ഗ് വൈറസ്. അപൂര്‍വമാണെങ്കിലും പഴംതീനി വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്ക് പകരുകയും മനുഷ്യ ഇടപെടലുകളിലൂടെ വ്യാപിക്കുകയും ചെയ്യുന്ന ഒന്നാണ് മാര്‍ബര്‍ഗ്. രോഗത്തിന്റെ ഉയര്‍ന്ന മരണനിരക്കാണ് ആരോഗ്യവിദഗ്ധരെ ആശങ്കയിലാക്കുന്നത്.
ഈ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ സ്വാഭാവിക പ്രവര്‍ത്തനശേഷി കുറയ്ക്കുകയും ഹൃദയത്തെ ബാധിക്കുകയും ചെയ്യും. കൊറോണ വൈറസ് പോലെ രോഗി സ്പര്‍ശിച്ച പ്രതലത്തിലൂടെയും ടവലുകളിലൂടെയും മറ്റൊരാളിലേക്ക് രോഗം പടരുന്നു.
ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മൂന്നാഴ്ച മുന്നേ രോഗാണു രോഗിയില്‍ പ്രവേശിച്ചിട്ടുണ്ടാകും. മലേറിയക്കും എബോളയ്ക്കും സമാനമായ ലക്ഷണങ്ങളാണ് ആദ്യഘട്ടത്തില്‍ പ്രകടമാകുക. പനി, തലവേദന, പേശി വേദന, ക്ഷീണം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുന്നതോടെ കുഴിഞ്ഞ കണ്ണുകള്‍, വലിഞ്ഞു മുറുകിയ മുഖം, കണ്ണുകള്‍, ജനനേന്ദ്രിയം, മൂക്ക്, മോണ എന്നിവിടങ്ങളില്‍നിന്ന് രക്തസ്രാവം തുടങ്ങിയവ ഉണ്ടാകാം. തുടര്‍ന്ന് അവയവ പരാജയം സംഭവിക്കാം.
നിലവിൽ മാര്‍ബര്‍ഗ് വൈറസിന് പ്രത്യേക ആന്റിവൈറല്‍ ചികിത്സയോ വാക്സിനോ ഇല്ല. റീഹൈഡ്രേഷന്‍, രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കല്‍ തുടങ്ങിയ സപ്പോര്‍ട്ടീവ് കെയര്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. പരീക്ഷണാത്മക വാക്സിനുകള്‍ ക്ലിനിക്കല്‍ പഠനങ്ങളുടെ പ്രാരംഭ ഘട്ടത്തിലാണ്. ഫലപ്രദമായ ചികിത്സകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ നടക്കുന്നുണ്ട്.
