സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. നമ്മളില്‍ പലരും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ മണിക്കൂറുകളാണ് സമയം ചെലവിടാറുള്ളത്. കുട്ടികള്‍ മുതല്‍ വാര്‍ധക്യത്തില്‍ എത്തിയവര്‍ വരെ ഈ സ്വഭാവശീലം ഉള്ളവരാണ്. ഇത്തരം ശീലങ്ങള്‍ ഉള്ളവര്‍ ചിലപ്പോള്‍ 'ബ്രെയിന്‍ റോട്ട്' എന്ന അവസ്ഥയിലൂടെയാകാം കടന്നുപോകുന്നത്.
സംഭവം എന്താണെന്ന് വെച്ചാൽ അമിതമായ ഓൺലൈൻ ഉള്ളടക്ക ഉപഭോഗം, മാനസിക ക്ഷേമത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ആശങ്കയെ തുറന്നു കാട്ടുന്ന 'ബ്രെയിൻ റോട്ട്' എന്ന വാക്ക് ഓക്സ്ഫഡ് ഡിക്ഷ്നറിയുടെ ഈ വർഷത്തെ 'വേഡ് ഓഫ് ദി ഇയറായി' തിരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള ഭാഷാ വിശദാംശങ്ങളുടെ വിശകലനത്തിനും 37,000ത്തിലധികം ആളുകൾ പങ്കെടുത്ത പൊതുവോട്ടിങ്ങിനും ശേഷമാണ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് ഈ പദം കണ്ടെത്തിയത്.
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ് ശേഖരിച്ച ഈ വര്‍ഷത്തെ പ്രശസ്തമായ ആറ് വാക്കുകളുടെ ചുരുക്കപ്പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ബ്രെയിന്‍ റോട്ട് എന്ന വാക്കിന് ലഭിച്ചത്. നിലവാരം കുറഞ്ഞ ഉള്ളടക്കം സ്ഥിരമായി വായിക്കുകയോ കാണുകയോ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ മാനസിക, ബൗദ്ധിക നിലവാരത്തിന് ഉണ്ടാകുന്ന തകര്‍ച്ചയാണ് 'ബ്രെയിന്‍ റോട്ട്' എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 37,000 വോട്ടുകളാണ് ബ്രെയിന്‍ റോട്ടിന് ലഭിച്ചത്.
ഗുണനിലവാരം കുറഞ്ഞതും ബൗദ്ധിക തലത്തില്‍ യാതൊരു മാറ്റവും സൃഷ്ടിക്കാത്ത കാര്യങ്ങള്‍ കാണുന്നതിന് ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ഇരിക്കുന്നതും അതിനായി സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നതും ബ്രെയിന്‍ റോട്ടിന്റെ ഫലമായാണ് സംഭവിക്കുന്നത്. 2023 മുതല്‍ 2024 വരെ 230 ശതമാനമാണ് ഇന്റര്‍നെറ്റ് ഉപയോഗം ഉയര്‍ന്നത്. ബ്രെയിന്‍ റോട്ട്, നമ്മള് ജീവിക്കുന്ന കാലഘട്ടത്തിന്റെ ലക്ഷണമാണെന്ന് മനശാസ്ത്ര വിദഗദ്ധനും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ആന്‍ഡ്രൂ പ്രസില്ബില്സ്കി പറഞ്ഞു.
ഇന്റര്‍നെറ്റിന്റെ ഉപയോഗം വരുന്നതിനും ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബ്രെയിന്‍ റോട്ട് എന്ന പദം ആദ്യമായി ഉണ്ടായത്. 1854ല്‍ ഹെന്റി ഡേവിഡ് തോറോയുടെ 'വാള്ഡന്' എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. ആശയങ്ങളെ നിലവാരം കുറച്ച് കാണിക്കുന്ന സമൂഹത്തിന്റെ പ്രവണതയെക്കുറിച്ചും ഇത് ബൗദ്ധിക തലത്തിലുണ്ടാക്കുന്ന തകര്‍ച്ചയെയാണ് ഈ വാക്ക് സൂചിപ്പികുന്നതെന്നും ആന്‍ഡ്രൂ പറഞ്ഞു. സമൂഹമാധ്യമത്തിന്റെ പ്രതികൂല സ്വാധീനത്തെയും വര്‍ധിച്ചുവരുന്ന ആശങ്കകളെ സൂചിപ്പിക്കുന്ന ഈ വാക്കിന്റെ അമിത ഉപയോഗം, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് നമ്മുടെ ജീവിതത്തില്‍ ചെലത്തുന്ന സ്വാധീനത്തെയാണ് കാണിക്കുന്നത്.
ഉൾവലിഞ്ഞ സ്വഭാവത്തെ അർഥമാക്കുന്ന 'ഡെമ്യൂർ' (demure), ഡിമാൻഡിനെ അടിസ്ഥാനമാക്കിയുള്ള സാധനങ്ങളുടെ വിലവ്യതിയാനത്തെ കാട്ടുന്ന 'ഡൈനാമിക് പ്രൈസിങ്' (dynamic pricing), വസ്തുതകളെയും അറിവിനെയും സൂചിപ്പിക്കുന്ന ലോർ (lore), റൊമാൻസ്, ഫാന്റസി എന്നിവ സംയോജിക്കുന്ന ഹൈബ്രിഡ് വിഭാഗമായ 'റൊമാന്റിസി' (romantasy), എഐ സൃഷ്ടിച്ച കുറഞ്ഞ നിലവാരമുള്ള ഓൺലൈൻ ഉള്ളടക്കത്തെ പറയുന്ന 'സ്ലോപ്പ്' (slop) എന്നീ വാക്കുകളും ഷോർട്ട് ലിസ്റ്റിലടങ്ങിയിരുന്നു. 2023ൽ 'റിസ്', 2022ൽ 'ഗോബ്ലിൻ മോഡ്', 2021ൽ 'വാക്സ്' എന്നിവയാണ് ഓക്സ്ഫഡ് 'വേഡ് ഓഫ് ദി ഇയറായി' തിരഞ്ഞെടുത്തത്.
