തൃശ്ശൂർ ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച യു.ആർ. പ്രദീപും, രാഹുൽ മാങ്കൂട്ടത്തിലും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. സ്പീക്കര്‍ എ.എൻ. ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. ആദ്യം ചേലക്കര മണ്ഡലത്തിൽ നിന്ന് വിജയിച്ച സിപിഎം സ്ഥാനാർഥി യു.ആർ. പ്രദീപ് ആണ് സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവം സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം ചുമതലയേറ്റത്.
രണ്ടാമതായിരുന്നു പാലക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ സത്യപ്രതിജ്ഞ. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.ഇതാദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാഹുലിന്റേയും പ്രദീപിന്റേയും കുടുംബവും ചടങ്ങില്‍ പങ്കെടുത്തു. യു ആര് പ്രദീപ് രണ്ടാം തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
