കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.DreamaAlert എന്ന എക്സ് പ്ലാറ്റ് ഫോമിലൂടെ പുറത്തുവന്ന വീഡിയോയാണ് വൈറലായത്. ശവപ്പെട്ടിക്കുള്ളില്‍ കിടക്കുകയായിരുന്ന ഒരു സ്ത്രീ ഇടയ്ക്ക് കണ്ണ് തുറക്കുന്നതും. അലറി കരയുന്നതും വീണ്ടും പഴയതുപോലെതന്നെ ശവപ്പെട്ടിയിലേക്ക് വീണ് കിടക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ഈ വീഡിയോ വൈറലായതിന് ശേഷം ധാരാളം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതൊരു കെട്ടിച്ചമച്ച വീഡിയോ ആണെന്നും ഈ സ്ത്രീ ആളുകളെ പറ്റിക്കുകയായിരുന്നുവെന്നും ധാരാളംപേര്‍ പറയുന്നുണ്ട്. ഇതൊരു യഥാര്‍ഥ വീഡിയോ അല്ല എന്നുളളത് വാസ്തവവുമാണ്.
പക്ഷേ മരിച്ചുപോയവര്‍ കണ്ണ് തുറന്നു എന്നുളള കഥകളൊക്കെ വിരളമായി നമ്മള് കേട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മെഡിക്കല്‍ സയന്‍സില്‍ അങ്ങനെയൊരു അവസ്ഥയുണ്ട്. 'Lazarus effect ' (ലാസറസ് ഇഫെക്ട്) എന്നറിയപ്പെടുന്ന ഒരു അപൂര്‍വ്വ മെഡിക്കല്‍ പ്രതിഭാസമാണിത്.
ബെഥനിയിലെ ലാസറിനെ യേശു ഉയിര്‍പ്പിച്ച ബൈബിള്‍ കഥയില്‍ നിന്നാണ് ഈ അവസ്ഥയ്ക്ക് ആ പേര് ലഭിച്ചത്. ഹൃദയസ്തംഭനം മൂലം മരിച്ചതായി കരുതുന്ന ഒരാള്‍ പെട്ടന്ന് ജീവന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതാണ് ഈ പ്രതിഭാസം. സാധാരണയായി CPR കൊടുക്കുന്നത് അവസാനിപ്പിച്ച് 10 മിനിറ്റിനുള്ളിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ശ്വസനമോ, ചുമയോ, പള്‍സ് കാണിക്കുന്നതോ പോലെയുളള ലക്ഷണങ്ങളാവാം കാണുന്നത്.
1982 ലാണ് ഇതിനെക്കുറിച്ച് വൈദ്യശാസ്ത്രം ആദ്യമായി വിവരിക്കുന്നത്.1993 ലാണ് ലാസറസ് പ്രതിഭാസം എന്ന പേര് ലഭിക്കുന്നത്. ചില ഡോക്ടര്‍മാര്‍ ഇതിനെ 'Autoresuscitation' ഓട്ടോറൈസേഷന് എന്നും വിളിക്കാറുണ്ട്. ലാസറസ് പ്രതിഭാസത്തില്ക്കൂടി കടന്നുപോകുന്നവരില്‍ അധികവും താമസിയാതെ മരിക്കാറുണ്ടെങ്കിലും ഏതാണ്ട് മൂന്നിലൊന്ന് ആളുകള്‍ ജീവിതത്തിലേക്ക് തിരികെ വരാറുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് ലാസറസ് പ്രതിഭാസം സംഭവിക്കുന്നതെന്ന് ഗവേഷകര്‍ക്ക് ഉറപ്പില്ല. പക്ഷേ സിദ്ധാന്തങ്ങളനുസരിച്ച് ഇങ്ങനെ സംഭവിക്കുന്നതിന് കാരണമായി പറയുന്നത്, സിപിആര്‍ കൊടുക്കുന്ന സമയത്ത് ആര്‍ക്കെങ്കിലും നല്കിയ വെന്റിലേഷന് നടപടി ക്രമങ്ങളുടെ കാലതാമസമോ മരുന്നുകളുടെ ഫലമോ കൊണ്ടായിരിക്കും എന്നാണ്. മറ്റ് ചിലപ്പോള്‍ രക്തത്തില്‍ പൊട്ടാസ്യം കൂടുതലുളള അവസ്ഥയോ ഹൃദയ സംബന്ധമായ പ്രശ്നങ്ങളോ ആയിരിക്കാം കാരണമെന്നും കരുതപ്പെടുന്നു. എന്തായാലും അത്യപൂർവമായി മാത്രം സംഭവിക്കുന്ന ഈ അവസ്ഥയ്ക്ക് കൃത്യമായ നിർവചനം നല്കാന് ഗവേഷകർക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം..