മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് യു പ്രതിഭ എംഎൽഎ. മാധ്യമ വാർത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്സൈസ് പിടികൂടിയതെന്നും അവർ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു. വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.ഒരുകുഞ്ഞും തെറ്റായ വഴിയിൽ പോകരുതെന്ന് കരുതുന്ന അമ്മയാണ് താൻ.
വാർത്ത വന്നതു മുതൽ നിരവധി ഫോൺ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ശത്രുക്കളുണ്ട്. മകനും സുഹൃത്തുക്കളും ചേർന്നിരിക്കുമ്പോൾ എക്സൈസുകാർ വന്ന് ചോദ്യം ചോദിച്ചു. ഇപ്പോൾ വാർത്തകൾ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാൾ എംഎൽഎ ആയതും പൊതുപ്രവർത്തകയായതു കൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടും. വാർത്ത ശരിയാണെങ്കിൽ ഞാൻ നിങ്ങളോട് മാപ്പ് പറയാം. നേരെ തിരിച്ചാണേങ്കിൽ പരസ്യമായി മാധ്യമങ്ങൾ മാപ്പ് പറയണമെന്നും പ്രതിഭ എംഎൽഎ പറയുന്നു. ആരും തെറ്റായ വഴിയിൽ പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകൻ പോവരുതെന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്നും പ്രതിഭ പറഞ്ഞു, പ്രതിഭ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.
നാട്ടിൻപുറത്ത് കൂട്ടുകാരോടൊപ്പം സംഘംചേരുക മാത്രമാണ് ചെയ്തത്. മകൻ തെറ്റ് ചെയ്തെങ്കിൽ തുറന്നുപറയാൻ മടിയില്ല. ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തുന്ന പൊതുപ്രവർത്തക കൂടിയാണ് താൻ. തന്നെയും മകനെയും കുറിച്ച് തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിഭ വ്യക്തമാക്കുന്നു.ഇല്ലാത്ത വാർത്തയാണ് തന്റെ മകനെ കുറിച്ച് മാധ്യമങ്ങൾ കൊടുക്കുന്നത്. തന്റെ മകന്റെ കാര്യം മാത്രം പറയാം, ബാക്കിയുള്ളവരുടെ കാര്യം അവരുടെ മാതാപിതാക്കളോട് ചോദിക്കണം. നാട്ടിൻപുറത്ത് നടന്ന സാധാരണ സംഭവമാണെന്നും പ്രതിഭ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
പുറത്തുവന്ന വാർത്ത,യു പ്രതിഭയുടെ മകൻ കനിവ് (21) ആണ് കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയി. അറസ്റ്റ് രേഖപ്പെടുത്തി കനിവിനെ ജാമ്യത്തിൽ വിട്ടയച്ചു. അഭിഷേക് എന്ന സുഹൃത്തിന്റെ പോക്കറ്റിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ്. തകഴി പാലത്തിനടിയിൽ നിന്നാണ് പിടിയിലായത്. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് പരിശോധന നടന്നത്.
